സ്വര്‍ണക്കടകളിലെ സ്വദേശിവത്ക്കരണം: 500ല്‍ അധികം മലയാളികള്‍ക്ക് ജോലി നഷ്ടമായി
ജിദ്ദ: സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം ആരംഭിച്ചതോടെ അഞ്ഞൂറില്‍ അധികം മലയാളികള്‍ക്ക് ജോലി നഷ്ടമായതായാണ് കണ്ടെത്തല്‍. മലയാളികളുടെ ജ്വലറികളില്‍നിന്നു ജോലി നഷ്ടപ്പെട്ടവരെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളില്‍ നിയമിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി തൊഴില്‍, തദ്ദേശ സ്വയംഭരണം, വാണിജ്യം എന്നീ മന്ത്രാലയങ്ങളും പൊതുസുരക്ഷാവകുപ്പും പാസ്‌പോര്‍ട്ട് വിഭാഗവും പരിശോധന ഊര്‍ജിതമാക്കിയിരുന്നു.
സഊദി സ്വദേശികളുടെ ജ്വലറികളില്‍ ജോലി ചെയ്തിരുന്ന 10,000 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട മലയാളികളില്‍ കൂടുതല്‍പേരും മലയാളികളുടെ നിയന്ത്രണത്തിലുള്ള ജ്വല്ലറികളില്‍ സെയില്‍സ്മാന്‍മാരായി ജോലി ചെയ്തിരുന്നവരാണ്. ഇവരെ ജി.സി.സി രാജ്യങ്ങളിലെ വിവിധ ഷോറൂമുകളില്‍ നിയമിക്കാനാണ് ജൂവലറി ഉടമകള്‍ ആലോചിക്കുന്നത്.
സഊദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ഓളം ജ്വല്ലറികളില്‍ വിദേശികളെ ജോലിക്കു നിയമിച്ചതായി കണ്ടെത്തി. ഈ സ്വര്‍ണക്കടകള്‍ അടയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം വരും ദിവസങ്ങളിലും ജ്വല്ലറികളിലെ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴത്തെ കൂട്ടപിരിച്ചുവിടലോടെ സഊദി അറേബ്യയിലെ 40 ശതമാനം ചെറുകിട ഇടത്തരം ജ്വല്ലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജ്വലറി കമ്മിറ്റി അറിയിച്ചു. ഇതു ഖജനാവിന് വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."