സഊദിയില്‍ അഴിമതി വിരുദ്ധവേട്ടയുടെ പേരില്‍ അറസ്റ്റിലായ ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി
ജിദ്ദ: സഊദിയില്‍ അഴിമതി വിരുദ്ധവേട്ടയുടെ പേരില്‍ അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരുമടക്കമുള്ള ഉന്നതരില്‍ ഭൂരിപക്ഷം പേരുടേയും കേസ് ഒത്തു തീര്‍പ്പായി. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച് ഇവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകുകയായിരുന്നു എന്ന് സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അതേ സമയം ഒത്തു തീര്‍പ്പ് കരാറിന്റെ പേരില്‍ ഇവരില്‍ നിന്ന് എത്ര സമ്പത്ത് കണ്ടുക്കെട്ടി എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. മൊത്തം 320 പേരെയാണ് അഴിമതി വിവരങ്ങള്‍ നല്‍കാനായി തടഞ്ഞുവെച്ചിരുന്നത്. 159 പേര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്.ഇവരില്‍ പലരും നിയമനടപടി നേരിടേണ്ടവരാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇവരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം സഊദി ഖജനാവിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
പിടിയിലായ മുന്‍ ദേശീയ ഗാര്‍ഡ് തലവനായിരുന്ന മിതേബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ 6500 കോടിയോളം രൂപയുടെ കരാറിലാണ് കഴിഞ്ഞ ആഴ്ച മോചിതനായത്.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് സഊദിയില്‍ അഴിമതി വിരുദ്ധപോരാട്ടം ആരംഭിച്ചത്. രാജകുമാരന്‍മാരും മന്ത്രിമാരും വ്യവസായ പ്രമുഖരുമടക്കം പന്ത്രണ്ടോളം പേരെ അകത്താക്കിയാണ് അഴിമതി വിരുദ്ധപോരാട്ടത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിട്ടത്.
പിടിയിലായ ഉന്നതരെ റിയാദിലെ റിറ്റ്‌സ് കാര്‍ല്‌ടോണ്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് തടഞ്ഞുവെച്ചിരുന്നത്. 370 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്. ഉന്നതരെ പിഴയടപ്പിച്ച് മോചിതരാക്കുന്നതിലൂടെ സൗദി ഖജനാവിലേക്ക് വന്‍ തുകയെത്തുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."