ഓഖി ദുര്‍ബലം; കടല്പ്രക്ഷുബ്ധമായി തുടരുന്നു
അഹമ്മദാബാദ്: ഗുജറാത്തിന് ആശ്വാസമായി ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി. കഴിഞ്ഞ ദിവസം തീരത്തോട് അടുത്ത ചുഴലിക്കൊടുങ്കാറ്റ് മുന്‍ നിര്‍ത്തി രക്ഷാ പ്രവര്‍ത്തനത്തിലേക്ക് സംസ്ഥാനം നീങ്ങിയതോടെ തീരമേഖലകളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നിരുന്നാലും തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. മുംബൈ തീരം വഴിയാണ് ഓഖി ഗുജറാത്ത് തീരത്തേക്ക് കടന്നിരുന്നത്. ഇതേ തുടര്‍ന്ന് മുംബൈയില്‍ കനത്ത മഴയായിരുന്നു. ആര്‍ക്കും ജീവഹാനി നേരിടുകയോ സ്വത്ത് വകകള്‍ നശിക്കുകയോ ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
ഇന്നലെ രാവിലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ശക്തമായ ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റ് തീരത്തേക്ക് ആഞ്ഞടിക്കുന്നതിനുപകരം അറബിക്കടലില്‍ വച്ചുതന്നെ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയരക്ടര്‍ ജയന്ത സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കടല്‍ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലേയും ദക്ഷിണ ഗുജറാത്തിലേയും തീരപ്രദേശങ്ങളില്‍ അതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."