ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31വരെ നീട്ടി
ന്യൂഡല്‍ഹി: ആധാര്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കി സാമൂഹികക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2016ലെ ആധാര്‍ ആക്ടിലെ ഏഴാംവകുപ്പ് പ്രകാരം 139 സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടി യത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്‍പാകെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി അടുത്ത ഫെബ്രുവരി ആറിന് അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു. രാജ്യത്ത് 118 കോടി ജനങ്ങള്‍ ആധാര്‍കാര്‍ഡ് എടുത്തതായാണ് ഓഗസ്റ്റ് വരെയുള്ള കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തിന് മുകളിലാണ്. ഇവരെല്ലാം ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ട്, റേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ എന്നിവക്കായി ആധാര്‍ ബന്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടുന്നതിന് സുപ്രിം കോടതിയില്‍ ഉത്തരവ് ആവശ്യമാണെന്നും എന്നാല്‍ ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ ഈ അവസരം നല്‍കുകയുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ ആധാര്‍കാര്‍ഡുള്ളവര്‍ക്കും കാലാവധി നീട്ടിനല്‍കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. ലോക് നീതി ഫൗണ്ടേഷന്‍ കേസില്‍ ദേശീയസുരക്ഷ ചൂണ്ടിക്കാട്ടി മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളുടെ പരിശോധനാപ്രക്രിയ ഉറപ്പാക്കുന്നതിന് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടെന്നായിരുന്നു ഇതിന് സര്‍ക്കാര്‍ വിശദീകരണം.
ഈ മാസം 31ന് മുന്‍പ് ആധാറുമായി ബന്ധിപ്പിക്കാത്ത സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആധാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."