2017 ലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്
കരിയറിലെ അഞ്ചാം പുരസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്തി
പാരിസ്: 2017ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. കരിയറിലെ അഞ്ചാം ബാല്ലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റ്യാനോ ബാഴ്‌സലോണയുടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി സ്ഥാപിച്ച ഏറ്റവും കൂടുതല്‍ ബാല്ലണ്‍ ഡി ഓര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഈ വര്‍ഷം ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരവും ഷോക്കേസിലെത്തിച്ച ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടി മധുരമാണ് ബാല്ലണ്‍ ഡി ഓര്‍ നല്‍കുന്നത്. ഈഫല്‍ ടവറില്‍ നടന്ന ചടങ്ങില്‍ താരം പുരസ്‌കാരം ഏറ്റുവാങ്ങി. മെസ്സി രണ്ടാം സ്ഥാനത്തും പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.
2017ല്‍ റയല്‍ മാഡ്രിഡിനെ സ്പാനിഷ് ലാ ലിഗ, യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ ക്രിസ്റ്റ്യാനോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഈ പ്രകടനങ്ങളാണ് താരത്തെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2017ല്‍ റയലിനൊപ്പം ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. 946 പോയിന്റുകള്‍ നേടിയാണ് ക്രിസ്റ്റ്യാനോ പുരസ്‌കാരത്തിലേക്ക് കുതിച്ചത്. മെസ്സി 670 പോയിന്റും നെയ്മര്‍ 361 പോയിന്റുകളും നേടി. ബുഫണ്‍, ലൂക മോഡ്രിച്, സെര്‍ജിയോ റാമോസ്, കെയ്‌ലിയന്‍ എംബാപ്പെ, എന്‍ഗോളോ കാണ്ടെ, ലെവന്‍ഡോസ്‌കി, ഹാരി കെയ്ന്‍ എന്നിവരാണ് നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തിയത്.
2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമായിരിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ ആദ്യ പുരസ്‌കാരം സ്വന്തമാക്കിയത്. പിന്നീട് 2009 മുതല്‍ 2012വരെ തുടര്‍ച്ചയായി നാല് തവണ മെസ്സിക്കായിരുന്നു പരസ്‌കാരം. 2013, 2014 വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോ വീണ്ടും ജേതാവായി. 2015ല്‍ മെസ്സി തന്റെ അഞ്ചാം പുരസ്‌കാരത്തോടെ റെക്കോര്‍ഡിട്ടു. എന്നാല്‍ കഴിഞ്ഞ തവണ കരിയറിലെ നാലാം ബാല്ലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റ്യാനോ ഇത്തവണയും നേട്ടമാവര്‍ത്തിച്ച് മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു. 2008ല്‍ ക്രിസ്റ്റ്യാനോ ആദ്യ പുരസ്‌കാരം നേടുമ്പോള്‍ ബാല്ലണ്‍ ഡി ഓര്‍ സ്വതന്ത്രമായി തന്നെയാണ് അവാര്‍ഡ് നല്‍കിയത്.
പിന്നീട് 2010 മുതല്‍ 15 വരെ ഫിഫയുമായി ചേര്‍ന്നായിരുന്നു പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം കരാര്‍ അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിന്‍ വീണ്ടും സ്വതന്ത്രമായി പുരസ്‌കാരം നല്‍കാന്‍ തുടങ്ങി. അതിന് ശേഷം രണ്ട് തവണയും ക്രിസ്റ്റ്യാനോയുടെ മുത്തമാണ് പുരസ്‌കാരത്തില്‍ പതിഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."