ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്; ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് അടുത്തമാസം മുതല്‍
ജിദ്ദ: മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ അടുത്തമാസം മുതല്‍ സര്‍വിസ് ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള വാര്‍ത്ത മക്ക ഗവര്‍ണറേറ്റ് ഓദ്യോഗികമായി അറിയിച്ചു.
യാത്രക്കാരില്ലാതെ മക്ക മുതല്‍ മദീന വരെയുള്ള പരീക്ഷണയോട്ടങ്ങള്‍ മണിക്കൂറില്‍ 300 കി.മി. വേഗത്തില്‍ ഈ മാസം അവസാനത്തില്‍ സര്‍വിസ് ആരംഭിക്കും. നേരത്തെ മദീനയില്‍ നിന്ന് ജിദ്ദ വരെയും ജിദ്ദയില്‍ നിന്ന് മക്ക വരെയും പരീക്ഷണയോട്ടം നടത്തിയിരുന്നു.
സര്‍വിസ് ആരംഭിക്കുന്നതോടെ ലോക രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അതിവേഗ ട്രെയിനുകളില്‍ സുഖയാത്രക്ക് അവസരം ലഭിക്കും. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് വഴി ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി.
ഇതോടെ ജിദ്ദയില്‍നിന്നു മക്കയിലേക്കും മക്കയില്‍നിന്നു മദീനയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കു തീര്‍ഥാടകര്‍ക്ക് ബസുകളെ ആശ്രയിക്കേണ്ടിവരില്ല. മിനായിലും അറഫയിലും മുസ്ദലിഫയിലും മശാഇര്‍ മെട്രോയിലും ജിദ്ദ, മക്ക, മദീന നഗരങ്ങള്‍ക്കിടയില്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതിയിലും യാത്രാ സൗകര്യം ലഭിക്കുന്നതോടെ തീര്‍ഥാടകരുടെ യാത്ര പുതിയ അനുഭവമായി മാറും.
നിലവില്‍ മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് ബസുകളെയാണ് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്നത്.
മക്കയില്‍ നിന്നും മദീന വരെയുള്ള റെയില്‍ പാതയുടെ നീളം 450 കിലോമീറ്ററാണ്. ഇതോടെ ജിദ്ദയില്‍നിന്നു മക്കയിലേക്ക് അരമണിക്കൂറിലും ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് രണ്ടു മണിക്കൂറിലും എത്തിച്ചേരാന്‍ സാധിക്കും.
ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ സര്‍വിസിന് ഉപയോഗിക്കുന്ന ട്രെയിനുകള്‍ സ്പാനിഷ് കമ്പനിയാണ് നിര്‍മിച്ചുനല്‍കുന്നത്.
35 ട്രെയിനുകള്‍ക്കാണു കമ്പനി കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്‍പ്പെട്ട ആദ്യ ട്രെയിന്‍ കഴിഞ്ഞ ഡിസംബറില്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ഫസ്‌റ് കഌസ് കോച്ചുകളും ഇക്കോണമി കഌസ് കോച്ചുകളും ഉള്‍പ്പെടെ പതിനഞ്ച് കോച്ചുകളാണ് ട്രെയിനിലുള്ളത്.
ഹറമൈന്‍ ട്രെയിന്‍ സര്‍വിസിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിനെക്കുറിച്ചുള്ള പഠനം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."