ജില്ലക്ക് കായിക കിതപ്പ്
ചെറുപ്പത്തിലേ പിടികൂടി കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന പദ്ധതി നടപ്പിലാക്കാന്‍ പറ്റിയ പലവിധ തന്ത്രങ്ങളില്ല. പേരിനു നടത്തുന്ന സ്‌കൂള്‍ കായിക മാമാങ്കങ്ങള്‍ ഭാവിയിലേക്കുള്ള ഒരുപിടി കായിക താരങ്ങളെ പോലും സംഭാവന ചെയ്യുന്നില്ല. കഠിന്വാധാനത്തിലൂടെ മലയോരങ്ങള്‍ വെട്ടിപിടിച്ച കാര്‍ഷിക സംസ്‌കൃതിയുടെ പിന്‍മുറക്കാര്‍ കേരളത്തിന്റെ കായിക ഭൂപടത്തില്‍ പുതിയ ചരിത്രം രചിക്കുമ്പോള്‍ കാസര്‍കോടിന്റെ മലയോരത്ത് റബ്ബറും കുരുമുളകും കവുങ്ങും കരിഞ്ഞുണങ്ങിയ പോലെ കായിക രംഗവും മുളപൊട്ടാനാകാത്ത വിധത്തില്‍ കരിഞ്ഞിരിക്കുന്നു. ഏറ്റവും വലിയ കായലും കടല്‍ തീരവുമുള്ള കാസര്‍കോട് നിന്നും ഒരു നീന്തല്‍ താരത്തെ പോലും സൃഷ്ടിക്കാന്‍ നമുക്കായില്ല. സമതല പ്രദേശത്ത് ഗ്രൗണ്ടുകളുണ്ടെങ്കിലും നാട്ടിലെ കായിക താരങ്ങളെ കണ്ടെത്താനുള്ള കഴിവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ പരാജയാണ്.
തീരെ ചെറിയ കടലോരമുള്ള രാജ്യങ്ങളില്‍ പോലും ബീച്ച് വോളിയെന്ന പുതിയ കായിക ഇനം ഉയര്‍ന്നു വന്നപ്പോള്‍ കാസര്‍കോട് അതിനെ ഗൗനിച്ചിട്ടു കൂടിയില്ല. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതി നടത്തിപ്പു കൊണ്ട് ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ സ്‌പോര്‍ട്‌സ് ഉപകരണങ്ങളാണ് ഉപയോഗിക്കാനാവാതെ കാസര്‍കോടെ സ്‌കൂളുകളില്‍ കെട്ടികിടക്കുന്നത്. കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ 'സംപൂജ്യരായി ' മടങ്ങിയ കാസര്‍കോട്ടെ കായിക പ്രതിഭകള്‍ക്ക് ഇക്കുറിയെങ്കിലും മാറ്റു തെളിയിക്കണമെങ്കില്‍ അധികൃതര്‍ ഉണര്‍ന്നേ മതിയാവുകയുള്ളൂ. സ്വന്തം കഴിവുകൊണ്ടു വളര്‍ന്നു വന്ന വിരലിലെണ്ണാവുന്ന പ്രതിഭകളെ മാറ്റി നിര്‍ത്തിയാല്‍ കാസര്‍കോടന്‍ കായിക രംഗത്തിന് നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ എന്തുണ്ട് ബാക്കി.... കരുത്തു ചോര്‍ന്നും കരുതലില്ലാതെയും തളര്‍ന്നുപോയ കാസര്‍കോടന്‍ കായിക മേഖലയെ സ്പര്‍ശിച്ചാണ് ഇന്നു വടക്കന്‍ കാറ്റു വീശുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."