ലക്ഷദ്വീപില്‍ അകപ്പെട്ട 50 പേരെ കൊച്ചിയില്‍ എത്തിച്ചു; 30 ബോട്ടുകളെ കുറിച്ച് വിവരമില്ല
മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ അഭയം തേടിയ 50 മത്സ്യതൊഴിലാളികളെ കൊച്ചിയില്‍ എത്തിച്ചു. ലക്ഷദ്വീപ് കപ്പലായ എം.വി കവരത്തിയിലാണ് ഇവരെ എറണാകുളം വാര്‍ഫില്‍ എത്തിച്ചത്. രണ്ട് മലയാളികള്‍, രണ്ട് അസം സ്വദേശികള്‍, ഒരു കര്‍ണാടക സ്വദേശിയും ഉണ്ട്. മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളാണ്.
ലക്ഷദ്വീപില്‍ അകപ്പെട്ട പത്ത് ബോട്ടുകളും 120 തൊഴിലാളികളുമായി നേവിയുടെ കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.30ന് തോപ്പുംപടി ഹാര്‍ബറില്‍ ഈ തൊഴിലാളികളെ എത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി മലയാളി മത്സ്യതൊഴിലാളികളുമായി തിരച്ചില്‍ നടത്തിയ നേവിയുടെ കപ്പലും തിരിച്ചെത്തി.
തെരച്ചിലിനിടെ ആളില്ലാതെ ഒഴുകി നടക്കുന്ന നിലയില്‍ രണ്ടുബോട്ടുകളും രണ്ട് ഫൈബര്‍ വള്ളങ്ങളും കണ്ടുവെന്ന് കപ്പലിലുണ്ടായിരുന്നവര്‍ പറഞ്ഞു. എന്നാല്‍ ബോട്ടുകളും മൃതദേഹങ്ങളും കൊണ്ട് വരാനുള്ള സൗകര്യങ്ങള്‍ കപ്പലില്‍ ഇല്ലായിരുന്നു.
12 തൊഴിലാളികളുമായി ലക്ഷദ്വീപില്‍ അകപ്പെട്ട പെരിയ നായകി ബോട്ടും കൊച്ചിയിലെത്തി. ബോട്ട് ഇന്ത്യന്‍ നേവിയാണ് ലക്ഷദ്വീപില്‍ എത്തിച്ചത്. നാല് തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ ജോണ്‍ ബോസ്‌കോ(55), തദ്ദേവുസ്(33), തോമസ് (32), ആദിത്യന്‍(20), രുപന്‍ (17), രവികുമാര്‍(25), മണികണ്ഠന്‍ (21), ശങ്കര്‍(21),വീരമണി (20), സതീഷ് (19), രാമലിംഗം (34) സിന്‍ഡ്രജാ(24) എന്നിവരാണ് പെരിയ നായഗി എന്ന ബോട്ടില്‍ കൊച്ചിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."