നഷ്ടം; കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് ഡിപ്പോകള്‍ പൂട്ടാന്‍ ആലോചന
തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഡിപ്പോകള്‍ പൂട്ടാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ പാലോട്, പത്തനംതിട്ടയിലെ റാന്നി, കൊല്ലത്തെ ആര്യങ്കാവ് ഡിപ്പോകളാണ് നഷ്ടം സഹിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ പൂട്ടാന്‍ ആലോചിക്കുന്നത്.
സാമ്പത്തിക ബാധ്യതയില്‍നിന്നു കരകയറുന്നതിനായുള്ള നടപടികളുടെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങളാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്നത്. പരിഷ്‌കരണ നടപടികള്‍ വിജയത്തിലെത്തിക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് ഉള്‍പ്പെടെ നടപ്പാക്കികഴിഞ്ഞു.
കഴിഞ്ഞ മാസത്തെ ശമ്പളം ഏഴാം തീയതിക്കു മുന്‍പ് നല്‍കിയതും പരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെ വിജയമായി കണക്കാക്കുന്നു.
ഈ സാഹചര്യത്തിലാണ് വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകള്‍ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നതിനായി പ്രൊഫ.സുശീല്‍ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകള്‍ പൂട്ടണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
മുന്‍പ് 40 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്ന പാലോട് ഡിപ്പോയില്‍ ഇപ്പോള്‍ 25 ഷെഡ്യൂളുകള്‍ മാത്രമാണ് ഉള്ളത്. മുന്‍പെത്തെ വരുമാനം ഇല്ലാത്ത സാഹചര്യത്തില്‍ ജീവനക്കാരെ നിലനിര്‍ത്തി ഡിപ്പോയായി പ്രവര്‍ത്തിപ്പിക്കുന്നത് വന്‍ ബാധ്യതയാണ്.
ഡിപ്പോയും ഓപ്പറേറ്റിങ്ങ് സെന്ററും ഒഴിവാക്കി, ബസ് എത്തിച്ചേരുന്നതും സമയവും രേഖപ്പെടുത്താന്‍ രണ്ടു ജീവനക്കാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ സമീപപ്രദേശങ്ങളിലേക്ക് വിന്യസിക്കാനാണ് ആലോചന.
ആര്യങ്കാവ്, റാന്നി ഡിപ്പോകളുടെ സ്ഥിതിയും ഇതുതന്നെയാണ്. അനൗദ്യോഗിക ചര്‍ച്ചകളാണ് നടക്കുന്നത്. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."