ദാലി കണ്ട ഇന്ത്യ
നോവല്‍, കവിത, മാധ്യമപ്രവര്‍ത്തനം, സഞ്ചാരസാഹിത്യം, വിവര്‍ത്തന സാഹിത്യം, ബാലസാഹിത്യം... ആധുനിക അറബ് സാഹിത്യ നവോഥാനത്തിന്റെ നാടായ ഈജിപ്തില്‍നിന്നുള്ള അഷ്‌റഫ് ദാലി എന്ന അഷ്‌റഫ് അബുല്‍ യസീദി കൈവച്ച മേഖലകളാണിവയെല്ലാം. എല്ലാറ്റിലും ഒന്നിനൊന്ന് മെച്ചമായതുകൊണ്ടുതന്നെ ആദ്യം ഇതില്‍ ഏതു വിശേഷണം നല്‍കുമെന്നതു സംശയകരം. റിപബ്ലിക് ഓഫ് കൊറിയ നല്‍കുന്ന ഉന്നത സാഹിത്യ പുരസ്‌കാരമായ 'മാന്‍ഹേ ഗ്രാന്‍ഡ് പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍', അറബ് മാധ്യമ പുരസ്‌കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്‍ നേടിയ അഷ്‌റഫ് ദാലി ഏഷ്യാ ജേണലിസ്റ്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ്.
അറബിതര സംസ്‌കാരങ്ങളെ അവതരിപ്പിക്കുന്ന കുവൈത്ത് ചാനലിലെ 'അദര്‍' എന്ന പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. 'സീറത്തു മുസാഫിര്‍' എന്ന യാത്രാപുസ്തകത്തില്‍ മുംബൈ-ഗുജറാത്ത് യാത്രയെ വിവരിക്കുന്ന അദ്ദേഹത്തിന് ഇന്ത്യയുമായും അടുത്ത ബന്ധമുണ്ട്. 2011ല്‍ പ്രസിദ്ധീകരിച്ച 'ഹദീഖത്തു ഖല്‍ഫിയ്യ' (പിന്‍വശത്തെ ഉദ്യാനം) എന്ന നോവലില്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തെയും വലിയ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നോവല്‍ 'കാമിലിയ്യ' എന്ന പേരില്‍ ഡോ. ഇ. അബ്ദുല്‍ മജീദ്, ഡോ. മന്‍സൂര്‍ അമീന്‍ എന്നിവര്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. നിരവധി ഇന്ത്യന്‍ കവിതകള്‍ അറബിയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിനു പുറമെ, സ്പാനിഷ്, തുര്‍ക്കി, കൊറിയന്‍, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 'ഏഷ്യ ഇന്‍' ഓണ്‍ലൈന്‍ അറബിക് ജേണല്‍, 'ദി സില്‍ക് റോഡ് ലിറ്ററേച്ചര്‍' എന്നിവയുടെ ചീഫ് എഡിറ്ററായ അഷ്‌റഫ് ദാലി കഴിഞ്ഞ മാസം കോഴിക്കോട്ട് ഒരു അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹവുമായി നടത്തിയ സംസാരത്തില്‍നിന്ന്.
♦ ഇന്ത്യന്‍ സംസ്‌കാരത്തിലൂടെ സഞ്ചാരം നടത്തുന്ന താങ്കളുടെ പ്രശസ്തമായ നോവലാണ് 'ഹദീഖത്തു ഖല്‍ഫിയ്യ'. ഇന്ത്യയുമായുള്ള താങ്കളുടെ ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?
യാത്രയാണ് എന്നെ ഇന്ത്യയുമായി ബന്ധിപ്പിച്ചത്. ലോകം ചുറ്റി നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആദ്യം ആഗ്രഹിച്ചത് ഇന്ത്യയില്‍ എത്തണമെന്നായിരുന്നു. അതുപ്രകാരം രണ്ടു പ്രാവശ്യം ഇന്ത്യയിലെത്തി. മുംബൈ മുതല്‍ ഗുജറാത്ത് വരെയായിരുന്നു ആദ്യ യാത്ര. പിന്നീട് ഡല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വന്നു. ഈ വര്‍ഷം ഏപ്രിലിലാണ് മുംബൈയിലേക്കു വന്നത്. കവിതാ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായിരുന്നു അത്. ഇപ്പോഴിതാ കേരളത്തിലേക്കും കന്നിയാത്ര നടത്തിയിരിക്കുന്നു.
ഇന്ത്യയുമായുള്ള എന്റെ സാഹിത്യബന്ധം അതിനും ഏറെ മുന്‍പേ തുടങ്ങിയിരുന്നു. ഗാന്ധിജിയുടെ ഒരു പുസ്തകം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. രവീന്ദ്രനാഥ് ടാഗോറിനെയും മറ്റു കവികളെയും ഏറെ വായിച്ചു. ചില ഇന്ത്യന്‍ കവിതകളും അറബിയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട് ഞാന്‍.
നോവലിലെ പ്രധാന കഥാപാത്രമായ കാമിലിയ്യ തന്റെ കാമുകനോട് ഇന്ത്യയെപ്പറ്റി വിവരിക്കുന്ന സ്ഥലത്ത് ഇങ്ങനെ പറയുന്നുണ്ട്: 'ഇന്ത്യയില്‍ ഞാന്‍ സ്വര്‍ഗവുംനരകവും ഒന്നിച്ചു കണ്ടു. പള്ളികളിലും അമ്പലങ്ങളിലും രാത്രിയിലുടനീളം ആരാധനകള്‍ നടത്തുന്ന വൃദ്ധരെ കണ്ടു. പകലിന്റെ കോലാഹലങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്ന സൂഫീവര്യന്മാരെ കണ്ടു. ചെറുതും വലുതുമായ മിനാരങ്ങള്‍. ഉപേക്ഷിക്കപ്പെട്ട കവാടങ്ങള്‍...'' തനി ഈജിപ്തുകാരി പെണ്‍കുട്ടിയെ ഇന്ത്യന്‍ സംസ്‌കാരം അത്രമാത്രം സ്വാധീനിച്ചുവെന്ന് അതിലൂടെ പിന്നീടും വരച്ചുകാട്ടുന്നു. ഇന്ത്യന്‍ സംസ്‌കാരം അറബ് ജനതയ്ക്കിടയില്‍ അത്ര വലിയ സ്വാധീനം ചെലുത്തിയെന്നു കരുതുന്നുണ്ടോ.
തീര്‍ച്ചയായും. ഇന്ത്യന്‍ സംസ്‌കാരം അറബ് ജനതയെ സ്വാധീനിച്ചിട്ടുണ്ട്. അതിനു കുറേ കാരണങ്ങളുണ്ട്. അറബികള്‍ കടലിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമെത്തിയത് ഇന്ത്യന്‍ തീരത്താണ്. പിന്നീട് അറബികള്‍ ഇന്ത്യന്‍ യാത്ര സജീവമാക്കി. കോഴിക്കോട്ടേക്കും പിന്നീട് സൂറത്തിലേക്കും വന്നപോലെ. അറബ് സംസ്‌കാരം ഇവിടെ സ്വാധീനിക്കപ്പെട്ടു. തിരിച്ചു പറയുകയാണെങ്കില്‍, കേരളത്തില്‍നിന്നു മാത്രം ഗള്‍ഫ് നാടുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തി.
ഇവര്‍ മുഖേന സാംസ്‌കാരിക ഇടപെടലും കൈമാറ്റവും നടക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഉദാഹരണത്തിന്, നിങ്ങള്‍ ഗള്‍ഫില്‍ പോവുകയാണെങ്കില്‍ അവിടെ ഇന്ത്യന്‍ ഭക്ഷണത്തിന്റെ വ്യാപനം കാണാന്‍ കഴിയും. അതുപോലെ ഓരോ മേഖലയിലും സ്വാധീനം ചെലുത്താനായിട്ടുണ്ട്. ഇന്ത്യന്‍ സിനിമകള്‍ അറബ് മേഖലയില്‍ സജീവമാണ്. ഇന്ത്യന്‍ സിനിമകളിലെ നായക പരിവേഷം, ഗ്ലാമറസ് പരികല്‍പന, പ്രണയം തുടങ്ങി പ്രമേയങ്ങളും വസ്ത്രധാരണവും അവിടെ അനുകരിക്കപ്പെടുന്നുണ്ട്. അതുപോലെ അറബികളുടെ ഇന്ത്യന്‍ സഞ്ചാരവും തുടരുന്നു.
♦ ഇന്ത്യന്‍ സംസ്‌കാരത്തോടും നാഗരികതയോടും പ്രണയപ്പെടുകയാണ് കാമിലിയ്യ. അറബ് സാഹിത്യത്തില്‍ ഇന്ത്യയുടെ സ്വാധീനം എങ്ങനെയാണ്?
ഈജിപ്ഷ്യന്‍ സംസ്‌കാരം ഉള്‍ക്കൊണ്ട പെണ്‍കുട്ടിയായാണ് ഞാന്‍ കാമിലിയ്യയെ അവതരിപ്പിച്ചത്. പിന്നീട് അവള്‍ മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങളിലൂടെയും താജ്മഹലിന്റെ സ്‌നേഹകഥകള്‍ക്കിടയിലും സഞ്ചരിക്കുന്നു. ഇതൊക്കെ അറബ് സാഹിത്യത്തിലെ ഇന്ത്യന്‍ സ്വാധീനത്തെ മനസിലാക്കിത്തരുന്നു. ഇങ്ങനെ നോക്കുകയാണെങ്കില്‍ അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനം വലുതാണെന്നു കാണാന്‍ കഴിയും.
ഈജിപ്ഷ്യന്‍ സിനിമകളില്‍ കാലങ്ങള്‍ക്കു മുന്‍പേ ഇന്ത്യന്‍ കഥാപാത്രങ്ങളുണ്ട്. നജീബ് റിഹാനിയുടെ കാലത്തും ഇതു പ്രകടമായിരുന്നു. 70കളില്‍ ഞാന്‍ ഇതേപ്പറ്റി എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ ഡോക്ടര്‍, മജീഷ്യന്‍, എന്‍ജിനീയര്‍ തുടങ്ങിയ വേഷങ്ങള്‍ ഒരുപാട് ചെയ്യപ്പെട്ടു. എല്ലാം നല്ല സ്വീകാര്യത നേടിയവയായിരുന്നുവെന്നതാണു മറ്റൊരു കാര്യം.
♦ അറബ് സാഹിത്യത്തിന്റെ നവോഥാനം തുടങ്ങുന്നത് ഈജിപ്തില്‍നിന്നാണല്ലോ. ഇന്ന് അവിടത്തെ സ്ഥിതി എന്താണ്?
ഒട്ടേറെ കവികളും സാഹിത്യത്തില്‍ വലിയ ചരിത്രപ്രാധാന്യവുമുള്ള ഈജിപ്ത് പോലുള്ളൊരു രാജ്യത്തുനിന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ ഇന്നുണ്ടാകുന്നില്ല എന്നു പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ പ്രസിദ്ധീകരണ പ്രസ്ഥാനം ഇപ്പോള്‍ അത്ര പര്യപ്തമല്ല. ആയിരം കോപ്പികളോടു കൂടിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് അത്യാവശ്യമാണെന്ന് എഴുത്തുകാര്‍ കരുതുന്നില്ല. ചിലരുണ്ട്, നൂറോ ഇരുനൂറോ കോപ്പികള്‍ ഇറക്കി പുസ്തകമെന്നു വിളിക്കും. ഇതാണു ഞങ്ങളുടെ പ്രസിദ്ധീകരണ മുന്നേറ്റത്തിന്റെ അവസ്ഥ. ഇതാണ് ഞങ്ങളുടെ കവികള്‍, ഇതാണ് ഞങ്ങളുടെ വായനക്കാരും. ഇതു മൊത്തത്തില്‍ വ്യാജമാണ്.
ഓരോ വര്‍ഷം കൂടുന്തോറും നിരവധി പ്രസിദ്ധീകരണശാലകള്‍ വരും. ഓരോരുത്തര്‍ക്കും എഴുത്തുകാരനാവണം, എല്ലാവര്‍ക്കും കവികളാവണം. അവരുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും വേണം. ഇതാണ് കാരണം. എന്താണ് മാര്‍ക്കറ്റ്? അതു വിദ്യാഭ്യാസത്തില്‍നിന്നു തുടങ്ങുന്നു. വായന പരിപോഷിപ്പിക്കുന്നതിലൂടെ, എല്ലാ തരത്തിലുമുള്ള പുസ്തകം ലഭ്യമാക്കുന്നതിലൂടെ യഥാര്‍ഥവും നവീനവുമായ പ്രസിദ്ധീകരണ മുന്നേറ്റം ഉണ്ടാവും. ഇതു മാത്രമേ നല്ല പ്രസിദ്ധീകരണ മുന്നേറ്റമെന്നു പറയനാവൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ സംതൃപ്തനല്ല.
♦ ഈജിപ്തിലെ കാവ്യപാരമ്പര്യം താങ്കള്‍ക്ക് പ്രചോദനമായിട്ടുണ്ടോ?
എഴുപതുകള്‍ക്കുശേഷം ഇന്നുവരെ ഞങ്ങള്‍ക്ക് അത്തരമൊരു മുന്നേറ്റമില്ല. നേരത്തെ അതുണ്ടായിരുന്നു. ഇപ്പോള്‍ ജീവിതത്തിന്റെ ഓരോ മേഖലയിലും രാഷ്ട്രീയ സ്‌പേസിലും സംഭവിച്ചതിന്റെ പ്രതിഫലനമായി ഞങ്ങള്‍ കാമറാചിത്രങ്ങള്‍ പോലെയായി. ഞങ്ങള്‍ ചിന്നിച്ചിതറി. ഇന്ന്, എന്റെ ഇന്ത്യയിലേക്കുള്ള യാത്രകള്‍ മറ്റുള്ള കവികളാല്‍ പ്രശംസിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മറ്റൊരു തലമുറയില്‍, കവിതയിലൂടെയും സാഹിത്യത്തിലൂടെയും ഇന്ത്യയുമായി സംവദിക്കാന്‍ ഇതൊരു വഴിയായിരിക്കും. രണ്ടു ലോകങ്ങള്‍ തമ്മില്‍, രണ്ടു സമയങ്ങള്‍ തമ്മില്‍ ഈ വ്യത്യാസമുണ്ട്.
[caption id="attachment_461361" align="aligncenter" width="630"] ഹദീഖത്തു ഖല്‍ഫിയ്യ എന്ന നോവലും മലയാളത്തിലെ വിവർത്തനം 'കാമീലിയ്യ'യും[/caption]നമ്മളുള്ള സമൂഹത്തിന്റെ സാഹചര്യം നമ്മളില്‍ പ്രതിഫലിക്കുന്നുണ്ട്. അതാണിതിന്റെ ദര്‍ശനം. സാഹിത്യപരമായ ചിന്തകളും മുന്നേറ്റങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായകരമാവും. പക്ഷെ, ഞാന്‍ സംസാരിക്കുന്നത് ഈ നിമിഷത്തെപ്പറ്റിയാണ്. ഈ നിമിഷത്തില്‍, കവികളുടെയും അവരുടെ കവിതകളുടെയും മറ്റുള്ള കവിതകളുടെയും ഇടയില്‍ ഞാന്‍ വിശ്വസിക്കുന്ന സൗഹൃദം എനിക്ക് കണ്ടെത്താനായിട്ടില്ല.
♦ ഒരേ സമയത്ത് മാധ്യമപ്രവര്‍ത്തകനായും നോവലിസ്റ്റായും കവിയായും സഞ്ചാര സാഹിത്യകാരനായും തിളങ്ങിനില്‍ക്കുന്നു. ഏതു മേഖലയിലാണ് കൂടുതല്‍ താല്‍പര്യം?
സഞ്ചാര സാഹിത്യത്തെപ്പറ്റി സംസാരിക്കുകയാണെങ്കില്‍, അതില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, നോവലുകള്‍ രചിക്കുന്നു, കവിതകള്‍ ഉള്‍ക്കൊള്ളിക്കുന്നു, ചിത്രങ്ങള്‍ പകര്‍ത്തുന്നു. അപ്പോള്‍ ഇതാണു കൂടുതല്‍ അടുത്തുനില്‍ക്കുന്നതെന്നു തോന്നും. പക്ഷെ, നമ്മളില്‍ നിരവധി ചിന്തകളുണ്ട്. കവിതകളാക്കി മാത്രം മാറ്റാന്‍ പറ്റുന്ന ചിന്തകള്‍. അത്തരം ചിന്തകളും അനുഭവങ്ങളും കവിതകളായേ ജനിക്കുകയുള്ളൂ. ചില സംഭവങ്ങളാവട്ടെ നോവലുകളിലല്ലാതെ കൊണ്ടുവരാനാവില്ല. ഇതെല്ലാം കൂടി മാധ്യമപ്രവര്‍ത്തനത്തിനു സഹായകരമാവുന്നുണ്ട്. നമ്മളുടെ കഴിവ് ഏതു മേഖലയിലാണോ അതാണു പ്രതിഫലിക്കുന്നത്. കവിതയാണ് ഉദിക്കുന്നതെങ്കില്‍ കവിത തന്നെ എഴുതണം. ഒരിക്കലും അത് നോവലാക്കി മാറ്റാന്‍ ശ്രമിക്കരുത്. വിഷയവും അതതു സാഹിത്യത്തിനു ചേരുന്നതായിരിക്കണം. വിഷയമാണ് അതിനു രൂപംനല്‍കുന്നത്.
♦ പുതിയ നോവലിന്റെ പണിപ്പുരയിലാണെന്നു കേട്ടു?
ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. പ്രസാധനത്തിനു വേണ്ടി കരാറുണ്ടാക്കി വൈകാതെ പുറത്തുവരും. 'അത്തര്‍ജുമാന്‍' (വിവര്‍ത്തകന്‍) എന്നാണ് നോവലിന്റെ പേര്. വിദേശത്ത് ജീവിക്കുന്നവരുടെ കഥ പറയുകയാണ് നോവല്‍. ഇതാദ്യമായി നോവലില്‍ 28 അധ്യായങ്ങളുണ്ട്. ഓരോ അധ്യായങ്ങളിലും ഓരോ ആഖ്യാതാവും. ഈ ആഖ്യാതാക്കളൊന്നും കണ്ടുമുട്ടുന്നില്ല. ഇവര്‍ നിങ്ങളെ നോവലിലൂടെ സഞ്ചരിപ്പിച്ച് നല്ലൊരു പരിസമാപ്തിയിലെത്തിലെത്തിക്കുന്നു.
♦ മുന്‍ നോവലുകളെ പോലെ 'തര്‍ജുമാന്‍' യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണോ, അതോ പൂര്‍ണമായും ഭാവന നിറഞ്ഞതാണോ?
യാഥാര്‍ഥ്യം എഴുതിയാല്‍ അതൊരു ആത്മകഥയാവും. ഇപ്പോള്‍ ഞാന്‍ ആത്മകഥ എഴുതുന്നില്ല, നോവലാണ് എഴുതുന്നത്. പക്ഷെ, ചില യഥാര്‍ഥ അനുഭവങ്ങളാണു ഞാനതില്‍ പകര്‍ത്തുന്നത്. കഥാപാത്രങ്ങള്‍ യഥാര്‍ഥമാണെന്നു തെളിയിക്കാനാണത്. യഥാര്‍ഥ കഥാപാത്രങ്ങളിലൂടെയാണു നോവല്‍ കടന്നുപോകുന്നതും. എന്നാല്‍ യഥാര്‍ഥ സംഭവങ്ങള്‍ നേരിട്ടു പകര്‍ത്തുകയല്ല ചെയ്യുന്നത്. പലപ്പോഴും യാഥാര്‍ഥ്യത്തില്‍നിന്ന് കഥാപാത്രങ്ങള്‍ മാറി ചലിക്കുന്നുണ്ട്. യാത്ര, ജീവചരിത്രം, യാഥാര്‍ഥ്യം എന്നിവയ്ക്ക് ഇടയിലൂടെ നോവലിന്റെ സഞ്ചാരം.
അബ്ദുറഹ്മാന്‍ എന്ന ഇന്ത്യന്‍ ഡ്രൈവറാണു നായക കഥാപാത്രം. കുവൈത്തില്‍ ജോലി ചെയ്യുന്ന അബ്ദുറഹ്മാന്‍ സംസാരിക്കുന്നത് ഹിന്ദിയാണ്. അദ്ദേഹത്തിന്റെ ചിന്തകളും അനുഭവങ്ങളും ജീവിതകഥകളും നോവലിലുടനീളം ആത്മകഥ പോലെ പറയുന്നു. മറ്റൊരു കഥാപാത്രം സിറിയന്‍ വിവര്‍ത്തകനാണ്. സിറിയയില്‍ വിവര്‍ത്തകനായി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് കാനഡയില്‍ എത്തുന്നു. അവിടെ ഇയാളുടെ മേധാവിയോട് തന്റെ ജീവചരിത്രം വിവരിക്കുന്നു. ഈ കഥാപാത്രങ്ങളെയെല്ലാം ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് യാഥാര്‍ഥ്യമെന്ന നിലയിലാണ്.
♦ അവസാനമായി, നിലവിലെ ഈജിപ്ഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് എന്തു പറയുന്നു?
ഈജിപ്തില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന സ്വേഛാധിപത്യ ഭരണം അവസാനിപ്പിച്ചു പുതിയ ജനാധിപത്യ ഭരണസംവിധാനം കൊണ്ടുവരാന്‍ 2011 ജനുവരി 25ലെ വിപ്ലവത്തിനു സാധിച്ചു. പക്ഷെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കൈകളിലേക്കാണു ഭരണം പോയത്. അവര്‍ ജനങ്ങളെ പിന്നെയും ഭിന്നിപ്പിക്കാനും ശത്രുതയിലാക്കാനും ശ്രമിച്ചു. ഞങ്ങള്‍ക്ക് ആവശ്യം ഐക്യരാജ്യമായിരുന്നു. രാജ്യത്തിനും ഈജിപ്ഷ്യന്‍ ജനതയ്ക്കും എതിരായ ഈ ഭരണം മറ്റൊരു വിപ്ലവത്തിലേക്ക് കൊണ്ടെത്തിച്ചു. അവര്‍ ഇസ്‌ലാമിക ഭരണമാണു ലക്ഷ്യം വച്ചത്. എന്നാല്‍ അതു പരാജയമായി.
ഭൂട്ടാന്‍ ഒരു മതരാഷ്ട്രമാണ്. വത്തിക്കാനും അങ്ങനെത്തന്നെ. ഇറാനിന്റെ കാര്യവും മറിച്ചല്ല. പക്ഷെ, ഈജിപ്തിലെ യുവാക്കളൊന്നും ഇറാനെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യമായിരുന്നു അവര്‍ക്കു വേണ്ടത്. ഇവിടെ എല്ലാവര്‍ക്കും ശബ്ദമുണ്ട്. ഭരണത്തിനുമേല്‍ വിജയ-പരാജയങ്ങള്‍ നിര്‍ണയിക്കാനാകും. ഭരണഘടനാ നിയമത്തില്‍ ചില അപാകതകള്‍ ഉണ്ടെങ്കിലും മാറ്റങ്ങള്‍ സാധ്യമാണ്. അത് സ്വേഛാധിപത്യം പുനഃസ്ഥാപിക്കില്ല. മതരാഷ്ട്രത്തെയും തിരികെ കൊണ്ടുവരില്ല. ജനങ്ങള്‍ക്കിപ്പോള്‍ പ്രതീക്ഷയുണ്ട്, സാമ്പത്തികനില മെച്ചപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ, പത്രസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."