വീണ്ടും തമിഴ്‌നാടിന്റെ കരാര്‍ ലംഘനം; ആളിയാര്‍ ഫീഡര്‍ കനാലില്‍നിന്ന് വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്‌നാട് വീണ്ടും എട്ട് മീറ്റര്‍ നീളത്തില്‍ സേത്തുമട കനാല്‍ വീതി കൂട്ടി നിര്‍മിച്ചു. 2016 -17 വര്‍ഷത്തിലെ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് കനാല്‍ നിര്‍മാണം.
നിലവിലുണ്ടായിരുന്ന ചെറിയൊരു നീര്‍ച്ചാലാണ് കനാലാക്കി വികസിപ്പിച്ചു വെള്ളം കടത്തുന്നത്. ഇതിനു വേണ്ടി ആളിയാര്‍ ഫീഡര്‍ കനാലിനു കുറുകെ വലിയൊരു ഷട്ടറും സ്ഥാപിച്ചു കഴിഞ്ഞു. ഈ ഷട്ടര്‍ അടച്ചാല്‍ ഒരു തുള്ളി വെള്ളം ആളിയാര്‍ ഡാമിലെത്തില്ല.
സര്‍ക്കാര്‍പതി പവര്‍ ഹൗസിന് താഴെ ആളിയാര്‍ ഫീഡര്‍ കനാല്‍ കടന്നുപോകുന്ന ഭാഗത്താണ് ഷട്ടറിട്ട് കനാല്‍ നിര്‍മിച്ച് വെള്ളം ചോര്‍ത്തുന്നത്. സര്‍ക്കാര്‍പതിയിലെ കേരളത്തിലെ ജലസംയുക്ത ബോര്‍ഡ് ഓഫിസില്‍നിന്ന് ഒരു കി.മീ അകലെയാണ് തമിഴ്‌നാട് നിര്‍മാണം നടത്തിയിട്ടുള്ളത് .
കഴിഞ്ഞ വര്‍ഷം 20 കോടി ചെലവഴിച്ചാണ് ആളിയാര്‍ ഫീഡര്‍ കനാല്‍ നവീകരിച്ചത്. ഈ കനാലില്‍ ഷട്ടറിട്ടാണ് ഇപ്പോള്‍ വെള്ളം കൊണ്ടുപോകുന്നത്. ആളിയാര്‍ ഫീഡര്‍ കനാലില്‍ ഒഴുക്കി വിടുന്ന വെള്ളം മറ്റൊരിടത്തേക്കും വഴിതിരിച്ചുവിടാന്‍ പാടില്ലെന്നിരിക്കെയാണ് തമിഴ്‌നാടിന്റെ പരസ്യ കരാര്‍ ലംഘനം. ഈ കനാലിലൂടെ കൊണ്ടുപോകുന്ന വെള്ളം മറ്റു രണ്ട് നീര്‍ച്ചാലുകളിലൂടെ കടത്തിവിട്ട് 4913 ഏക്കര്‍ സ്ഥലത്തെ കൃഷിയ്ക്ക് ഉപയോഗിക്കാന്‍ പറ്റുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുള്ളത്.
കനാലിനിടയില്‍ നാല് അക്വഡക്റ്റുകളും പണിതു കഴിഞ്ഞു. ഇതിലൂടെ കൊണ്ടുപോകുന്ന വെള്ളം 16 കി.മീ അകലെയുള്ള ആനമലയിലെ കൃഷിയിടങ്ങളിലേക്ക് വരെ എത്തിക്കുന്നുണ്ട്. ഈ വെള്ളം മുഴുവന്‍ കേരളത്തിന് കിട്ടേണ്ടതാണ്. ഇപ്പോള്‍ പറമ്പിക്കുളത്ത് വെള്ളമില്ലെന്ന പേരില്‍ കേരളത്തിന് നല്‍കേണ്ട വെള്ളം പോലും വിടാന്‍ തയാറാവുന്നില്ല.
സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം ആനമല പുഴയിലേക്കു തുറന്നു വിടേണ്ട വെള്ളവും പുഴയിലേക്ക് ഒഴുക്കാതെ കോണ്ടൂര്‍ കനാല്‍ വഴി കടത്തുകയാണ്. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ (പി.എ.പി കരാര്‍) കാലാവധി കഴിഞ്ഞിട്ട് അടുത്ത നവംബറില്‍ അറുപതു വര്‍ഷം പൂര്‍ത്തിയാവും.
മുപ്പത് വര്‍ഷം പൂര്‍ത്തിയായാല്‍ കരാര്‍ പുതുക്കണം. ഇതുവരെയായിട്ടും അതിനുള്ള ഒരുനടപടിയും സംസ്ഥാനം ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല.
ചില ഉദ്യോഗസ്ഥര്‍ തമിഴ്‌നാടിന്റെ ദാസന്മാരായി കഴിയുന്നതും കരാര്‍ പുതുക്കലിന് തടസ്സമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."