അഴിമതിയെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രി മടിക്കുന്നു: രാഹുല്‍
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തില്‍ പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജ്യത്ത് നടക്കുന്ന അഴിമതിയുടെ കാര്യത്തില്‍ ഇതുവരെ ഒന്നും പറയാന്‍ സര്‍ക്കാരിനും മോദിക്കും കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. റാഫേല്‍ വിമാന ഇടപാട്, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷായുടെ കമ്പനി നടത്തിയ അഴിമതി എന്നീ കാര്യങ്ങളില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല.
നേരത്തെ അഴിമതിയെക്കുറിച്ചായിരുന്നു എല്ലായിടത്തും പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ജെയ്ഷായുടെ അഴിമതിയും റാഫേല്‍ ഇടപാടും ഉയര്‍ത്തിക്കാണിച്ചതോടെ അഴിമതിയെന്ന വാക്ക് ഉപയോഗിക്കാന്‍ അദ്ദേഹം മടികാണിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ അനവസരത്തിലുള്ള സംസാരത്തെക്കുറിച്ച് വാര്‍ത്താ ലേഖകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് താന്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കിയതെന്നും രാഹുല്‍ പറഞ്ഞു. മണിശങ്കര്‍ അയ്യര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ തന്റെ പരമപ്രധാനമായ ദൗത്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് വ്യക്തമാകുമെന്നും രാഹുല്‍ പറഞ്ഞു.
ഈ മാസം 18ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പി സ്ഥാനഭ്രഷ്ടരാക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഗുജറാത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. തെരഞ്ഞെടുപ്പില്‍ അവര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ എത്രപേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന കണക്ക് തങ്ങളുടെ കൈയ്യിലുണ്ട്. 22 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണമാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായത്. മുഖ്യമന്ത്രിയായിരുന്ന മോദിയില്‍ നിന്ന് വിജയ് രൂപാണിയിലേക്ക് എത്തിയ അധികാരം ഇവര്‍ ഉപയോഗപ്പെടുത്തിയത് ഒരു വിഭാഗത്തിനുവേണ്ടി മാത്രമായിരുന്നു. എല്ലാ ജനങ്ങള്‍ക്കും അവരുടെതായ അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. ബി.ജെ.പിയുടെ ഏകപക്ഷീയമായ വികസനത്തിന് പകരം എല്ലാവരിലും വികസനം എത്തിക്കുകയെന്ന നയമാണ് കോണ്‍ഗ്രസിനുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.
ബി.ജെ.പിയുടെ വിവേക രഹിതമായ സാമ്പത്തിക നയം ഗുജറാത്തിനെ തകര്‍ത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനെതിരേ ബി.ജെ.പി ഉയര്‍ത്തിയ ആരോപണത്തിനും രാഹുല്‍ കൃത്യമായ മറുപടി നല്‍കി. താന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്. ആരെങ്കിലും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."