കശ്മിരില്‍ ഹിമപാതം; അഞ്ച് സൈനികരെ കാണാതായി
ശ്രീനഗര്‍: കശ്മിര്‍ താഴ്‌വരയിലുണ്ടായ ശക്തമായ ഹിമപാതത്തില്‍പെട്ട് അഞ്ച് സൈനികരെ കാണാതായി. ബന്ദിപ്പോരയിലും നൗഗാമിലുമായാണ് സംഭവം. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ബന്ദിപ്പോരയിലെ ഗുരേസ് സെക്ടറിലെ ബക്തൂറിലുള്ള സൈനിക പോസ്റ്റിനു സമീപമാണ് തിങ്കളാഴ്ച രാത്രി ഹിമപാതമുണ്ടായത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെങ്കിലും കനത്ത മഞ്ഞുവീഴ്ച തടസമാകുന്നതായി പൊലിസ് പറഞ്ഞു.
മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ കശ്മിര്‍ താഴ്‌വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീനഗറില്‍ 3.5 സെ.മീറ്റര്‍ ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇവിടെ താപനില മൈനസ് 0.2 ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളവും അടച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷിച്ചു വരികയാണെന്നും പുരോഗതി കാണുകയാണെങ്കില്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വിസ് പുനരാരംഭിക്കുമെന്നും വിമാനത്താവളം ഡയരക്ടര്‍ അറിയിച്ചു. മഴയും മഞ്ഞുവീഴ്ചയും തടസമായതോടെ ശ്രീനഗര്‍- ജമ്മു ദേശീയപാതയുള്‍പ്പടെ പ്രധാന പാതകളെല്ലാം അടച്ചു. ഏതു കാലാവസ്ഥയിലും പ്രശ്‌നമില്ലാത്തവിധം നിര്‍മിച്ചതാണ് 300 കിലോമീറ്റര്‍ വരുന്ന ശ്രീനഗര്‍- ജമ്മു ദേശീയപാത. ഇതാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗവും. ജവഹര്‍ തുരങ്കം ഉള്‍പ്പടെ ഇതിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂര്‍ണമായും നിരോധിച്ച അവസ്ഥയാണ്. പൂഞ്ചിനെയും രജൗരിയെയും ഷോപിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും അടച്ചു. ശ്രീനഗറില്‍ കനത്ത മഴയും തുടരുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വെള്ളിയാഴ്ച വരെ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മിര്‍ പൊലിസ് ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കനത്ത ഹിമപാതം കശ്മിരിനെ വലക്കുന്നത്. ജനുവരിയില്‍ ഗുരേസിലും സോന്‍മാര്‍ഗിലുമായി ഒരേ ദിവസമുണ്ടായ നാലു ഹിമപാതങ്ങളില്‍പെട്ട് 15 പേര്‍ മരിച്ചിരിന്നു. ഇതില്‍ 11 പേര്‍ സൈനികരായിരുന്നു. ഏപ്രില്‍ മാസത്തില്‍ താഴ്‌വരയിലുണ്ടായ മഞ്ഞുവീഴ്ചയിലും ഹിമപാതത്തിലും ലഡാക്കിലെ സൈനികകേന്ദ്രം തകരുകയും മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."