രാജീവ് വധക്കേസ്: അഡ്വ. സി.പി ഉദയഭാനുവിന് ഇടക്കാല ജാമ്യം
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി.പി ഉദയഭാനുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന ഉദയഭാനു വ്യാഴാഴ്ച്ച രാവിലെ ചാലക്കുടി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്ക് രണ്ടാള് ജാമ്യവുമാണ് വ്യവസ്ഥ. ജാമ്യ കാലാവധി കഴിയുന്ന 17 ന് രാവിലെ 10 ന് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് അഡ്വ. ഉദയഭാനു. നേരത്തെ ഇയാള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു.
2017 സെപ്റ്റംബര്‍ 29നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഹരജി പരിഗണിക്കവേ കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കമാണെന്നും കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.
പാലക്കാട്ട് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്കിയ പണം ഇടപാട് നടക്കാത്തതിനെത്തുടര്‍ന്ന് തിരികെ ലഭിക്കാന്‍ ഉദയഭാനു രാജീവിനെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."