വാടക വിമാനങ്ങള്‍ കടബാധ്യതയേറ്റി; ഹജ്ജ് സര്‍വിസുകളില്‍നിന്ന് എയര്‍ ഇന്ത്യ പിന്തിരിയുന്നു
കൊണ്ടോട്ടി: ഹജ്ജ് സീസണില്‍ വിമാനങ്ങള്‍ വാടകക്ക് എടുത്ത് സര്‍വിസ് നടത്തുന്നതില്‍നിന്ന് എയര്‍ ഇന്ത്യ പിന്തിരിയുന്നു.
ബാധ്യതകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് മറ്റുവിമാന കമ്പനികള്‍ക്ക് ഹജ്ജ് സര്‍വിസിന് അവസരം നല്‍കി ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ മാത്രം ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യ തുനിയുന്നത്. അടുത്ത ഫെബ്രുവരിയിലാണ് ഹജ്ജ് സര്‍വിസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. എയര്‍ഇന്ത്യയുടെ പിന്മാറ്റം മറ്റുവിമാന കമ്പനികള്‍ക്ക് മുതല്‍ക്കൂട്ടാവും.
നിലവില്‍ 52,000 കോടി രൂപയുടെ ബാധ്യതയാണ് എയര്‍ഇന്ത്യക്ക് ഉള്ളത്. വിമാനങ്ങള്‍ വാങ്ങിയ ഇനത്തില്‍ കുടിശ്ശികയായി 20,000 കോടി രൂപയും, പ്രവര്‍ത്തനനഷ്ടമായി 30,000 കോടിയും ഉള്‍പ്പെടെയാണിത്. ഇതിന് പുറമേ വര്‍ഷംതോറും നാലായിരം കോടി രൂപയുടെ അധിക ബാധ്യതയും വിമാന കമ്പനി സര്‍ക്കാരിന് വരുത്തുന്നുണ്ട്.
ഇതോടൊപ്പം എയര്‍ ഇന്ത്യക്ക് 1200 കോടി രൂപയുടെ ബാധ്യത ജീവനക്കാരോടുമുണ്ട്. 27,000 വരുന്ന ജീവനക്കാര്‍ക്ക് ശമ്പളവും അനുബന്ധ അലവന്‍സുകളുമാണ് കുടിശ്ശികയായുള്ളത്.
വര്‍ഷങ്ങളായി എയര്‍ഇന്ത്യക്കാണ് ഇന്ത്യയിലെ ഹജ്ജ് സര്‍വിസുകളില്‍ ഭൂരിഭാഗവും ലഭിക്കാറുള്ളത്. ശേഷിക്കുന്ന ടെന്‍ഡര്‍ സഊദി എയര്‍ലൈന്‍സിനുമാണ്. വിമാനങ്ങള്‍ വാടകക്ക് എടുത്താണ് എയര്‍ഇന്ത്യ ഹജ്ജ് സര്‍വിസ് നടത്തിയിരുന്നത്.
എന്നാല്‍, വാടക ഇനത്തില്‍ വരുന്ന വന്‍ബാധ്യത ഇല്ലാതാക്കുന്നതിന് ഹജ്ജ് സര്‍വിസിലെ മേധാവിത്വമാണ് എയര്‍ഇന്ത്യ വേണ്ടെന്ന് വയ്ക്കുന്നത്. 118 വിമാനങ്ങളാണ് എയര്‍ഇന്ത്യക്ക് ആകെ സര്‍വിസിനായുള്ളത്. ഇതില്‍ 77 എണ്ണം സ്വന്തമായും 41 എണ്ണം പാട്ടത്തിനുമാണ്.
ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയര്‍ബസിന്റെ എ 319, എ 320, എ 321, എ.ടി.ആര്‍ 42, എ.ടി.ആര്‍ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങള്‍. ഇവയുപയോഗിച്ച് നിലവില്‍ പ്രതിദിനം 375 ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഇതിനു പുറമെ ഹജ്ജ് സര്‍വിസിനായി മാത്രം വിമാനങ്ങള്‍ വാടകക്ക് എടുക്കുന്നത് കടുത്ത ബാധ്യതയാണ് വരുത്തുക. കഴിഞ്ഞ ഹജ്ജ് സീസണില്‍ പരിമിതമായ തോതില്‍ ആയിരുന്നു എയര്‍ ഇന്ത്യ സര്‍വിസ് നടത്തിയിരുന്നത്. പുതിയവ വാടകക്കെടുക്കാതെ നിലവില്‍ കൈവശമുള്ള വിമാനങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു സര്‍വിസ്.
വിമാന സര്‍വിസ് വേണ്ടെന്ന് വയ്ക്കുമ്പോഴും ഹജ്ജ് വിമാന സര്‍വിസുകളുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ക്ക് വിമാനത്താവളങ്ങളില്‍ ഏറ്റെടുത്തു നടത്താനാണ് തീരുമാനം. നിലവില്‍ എയര്‍ഇന്ത്യക്ക് കീഴില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നത് ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗമാണ്. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും എയര്‍ഇന്ത്യ ഗ്രൗണ്ട് ഹാന്റ്‌ലിങ് ഏറ്റെടുക്കുന്നുണ്ട്.
സഊദി എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളാണ് നിലവില്‍ ഹജ്ജ് ടെന്‍ഡര്‍ നല്‍കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."