ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം; മികച്ച ചിത്രങ്ങള്‍ കാണാന്‍ നെട്ടോട്ടം
തിരുവനന്തപുരം: കേരള-രാജ്യാന്തര ചലച്ചിത്രമേള സമാപിക്കാന്‍ ഒരുദിനം ശേഷിക്കേ മികച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രേക്ഷകര്‍.
മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം പൂര്‍ത്തിയായതിനാല്‍ സുവര്‍ണചകോരത്തിനായുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര പ്രേമികള്‍. ഇന്നലെയും മികച്ച ചിത്രങ്ങള്‍ കാണാന്‍ കാണികളുടെ വന്‍തിരക്കായിരുന്നു. മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഇതിനോടകം ആദ്യവട്ട പ്രദര്‍ശനം പൂര്‍ത്തിയാക്കി. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മത്സര വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുണ്ടായിരുന്നു.
ഐഡന്റിറ്റി ആന്‍ഡ് സ്‌പേസ് എന്ന വിഭാഗത്തില്‍ ആറ് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ജൂറി അംഗങ്ങളായ ടി.വി ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു.
14 മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.പി കുമാരനെ ചലച്ചിത്രമേളയില്‍ ആദരിച്ചു. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അദ്ദേഹത്തിന്റെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സൊകുറൊവിന്റെ ആറ് ചിത്രങ്ങളും തിയറ്ററിലെത്തി.
മത്സരവിഭാഗത്തിലേയും ലോകസിനിമാ വിഭാഗത്തിലേയും ശ്രദ്ധേയചിത്രങ്ങളുടെ അവസാന പ്രദര്‍ശനമാണ് ആറാം ദിനമായ ഇന്നത്തെ പ്രത്യേകത. ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."