നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി; കാഴ്ചയില്ലാത്തവര്‍ക്ക് പ്രത്യേക വാച്ച്,
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭേദഗതി വരുത്തി. കാഴ്ച ശക്തിയില്ലാത്തവര്‍ക്കുള്ള ആനുകൂല്യം, പട്ടികജാതി - പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്, പൊതുസ്ഥാപനങ്ങളിലെ കിണര്‍ റീചാര്‍ജിങ് തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിലാണ് പഞ്ചായത്തുകളുടേയും വികേന്ദ്രീകൃത ആസൂത്രണ കോ ഓഡിനേഷന്‍ സമിതിയുടേയും നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്.
കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാച്ച് നല്‍കാമെന്നാണ് പുതിയ വ്യവസ്ഥ. കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന വാച്ച് പഞ്ചായത്ത് വഴി നല്‍കാനാണ് അനുമതി. കാഴ്ചയില്ലാത്തവര്‍ക്ക് നിലവില്‍ ടോക്കിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടറും ലാപ്‌ടോപ്പും നല്‍കി വരുന്നുണ്ട്. ഇതിനു പുറമെയാണ് വാച്ച് നല്‍കാന്‍ അനുമതിയുള്ളത്.
പട്ടിക ജാതി - പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിലവില്‍ കേന്ദ്ര-സംസ്ഥാന പ്രവേശന പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ഒഴിച്ചുള്ള മറ്റു കോഴ്‌സുകള്‍ ഏറെയും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലല്ല നടക്കുന്നത്. ഇത് മൂലം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രവേശന പരീക്ഷയില്ലാത്ത കോഴ്‌സുകള്‍ക്കും ഇനി മുതല്‍ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.
സംസ്ഥാനത്തെ സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ കിണര്‍ റീചാര്‍ജിങിന് പഞ്ചായത്തുകള്‍ നല്‍കുന്ന തുകയും വര്‍ധിപ്പിച്ചു. പരന്ന മേല്‍ക്കൂരയുള്ള കെട്ടിടങ്ങളാണെങ്കില്‍ മഴവെള്ളം സംഭരിക്കുന്നതിന് 20,500 രൂപയും, ചെരിഞ്ഞ മേല്‍ക്കൂരയുള്ളവയ്ക്ക് 24,500 രൂപയും യൂനിറ്റ് കോസ്റ്റായി നല്‍കണമെന്നാണ് നിര്‍ദേശം. നേരത്തെ പതിനായിരം രൂപയായിരുന്നു നല്‍കിയിരുന്നത്. കിണര്‍ റീചാര്‍ജിങിന് വീടുകള്‍ക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന സബ്‌സിഡിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പരന്ന മേല്‍ക്കൂരയുള്ള വീടുകള്‍ക്ക് 6348 രൂപയില്‍ നിന്ന് 8000 ആയും ചെരിഞ്ഞ മേല്‍ക്കൂരയുള്ളവയ്ക്ക് 7056 ല്‍ നിന്ന് 8600 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
ഖാദി നൂല്‍പ്പ്, നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തറിയും നെയ്ത്ത് ഉപകരണങ്ങളും നല്‍കുന്നതിനും വിപണന ശാലകള്‍ നിര്‍മിക്കുന്നതിനും മുഴുവന്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."