പെര്‍ത്തില്‍ ഓസീസ് ആധിപത്യം
പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സെന്ന നിലയില്‍ കുതിക്കുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 403 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസിന് ആറ് വിക്കറ്റുകള്‍ കൈയിലിരിക്കേ 146 റണ്‍സ് ലീഡ്. കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റേയും കന്നി ടെസ്റ്റ് സെഞ്ച്വറി നേടി ഇരട്ട ശതകത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന മിച്ചല്‍ മാര്‍ഷിന്റെയും കിടയറ്റ ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്മിത്ത് 229 റണ്‍സുമായും മാര്‍ഷ് 181 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു.
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 301 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി മൂന്നാം ദിനം തങ്ങളുടേത് മാത്രമാക്കി. 390 പന്തുകള്‍ നേരിട്ട് 28 ഫോറും ഒരു സിക്‌സും പറത്തിയാണ് സ്മിത്ത് തന്റെ ഇരട്ട സെഞ്ച്വറി പിന്നിട്ടത്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സ്മിത്ത് പെര്‍ത്തില്‍ സ്വന്തമാക്കിയത്. ഒപ്പം കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ആസ്‌ത്രേലിയന്‍ നായകന് സാധിച്ചു. പകരക്കാരനായി കളിക്കാന്‍ അവസരം കിട്ടിയ മിച്ചല്‍ മാര്‍ഷ് അത് ശരിക്കും മുതലാക്കുന്ന കാഴ്ചയായിരുന്നു പെര്‍ത്തില്‍. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ താരം 234 പന്തുകള്‍ നേരിട്ട് 29 ഫോറുകളുടെ ബലത്തിലാണ് 181ല്‍ എത്തി നില്‍ക്കുന്നത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം തുടങ്ങിയത്. സ്‌കോര്‍ 248ല്‍ എത്തിയപ്പോള്‍ 28 റണ്‍സുമായി ഷോണ്‍ മാര്‍ഷ് മടങ്ങി. പിന്നീടാണ് ഇംഗ്ലണ്ടിനെ ഹതാശരാക്കി സ്മിത്ത്- മിച്ചല്‍ മാര്‍ഷ് സഖ്യം കളം വാണത്. ബെന്‍ക്രോഫ്റ്റ് (25), വാര്‍ണര്‍ (22), ഉസ്മാന്‍ ഖവാജ (50) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നേരത്തെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ഓവര്‍ടന്‍ രണ്ടും ക്രിസ് വോക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്നലെ ഓസീസിന് നഷ്ടമായ ഏക വിക്കറ്റ് മോയിന്‍ അലിയാണ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."