രാഹുല്‍ യുഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 49ാമത് അധ്യക്ഷപ്പദവി രാഹുല്‍ഗാന്ധിയേറ്റെടുത്തു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നെഹ്‌റുകുടുംബത്തിലെ മൂന്നാംതലമുറയില്‍പ്പെട്ട രാഹുല്‍ഗാന്ധി അധ്യക്ഷപ്പദവിയേറ്റെടുത്തത്. അധ്യക്ഷനായി തെരഞ്ഞെടുത്ത അധികാരപത്രം മുഖ്യവരണാധികാരിയും സംഘടനാ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിനു കൈമാറി.
സ്ഥാനമൊഴിയുന്ന സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുലിന്റെ സഹോദരി പ്രിയങ്കഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര തുടങ്ങിയവരും സംസ്ഥാന പി.സി.സി അധ്യക്ഷന്‍മാരും ദേശീയ-സംസ്ഥാനതലത്തിലെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലെ തലമുറമാറ്റത്തിനു സക്ഷ്യംവഹിക്കാനെത്തിയിരുന്നു. കേരളത്തില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരും പങ്കെടുത്തു.
രാവിലെ 11ന് തുടങ്ങിയ സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍നിര നേതാക്കള്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ച സോണിയയും രാഹുലും ബി.ജെ.പിയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും കടന്നാക്രമിക്കാനും മറന്നില്ല. പാട്ടും നൃത്തവുമായി ഡല്‍ഹി അക്ബര്‍ റോഡിലും എ.ഐ.സി.സി ആസ്ഥാനത്തും നിറഞ്ഞുകവിഞ്ഞ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി മുതിര്‍ന്ന നേതാക്കളടക്കം സന്നിഹിതരായ പ്രൗഢഗംഭീര ചടങ്ങിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപ്പദവി ഏറ്റെടുത്തത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ആമുഖപ്രഭാഷണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. കോണ്‍ഗ്രസിന്റെ ചരിത്രവും തെരഞ്ഞെടുപ്പ്പ്രക്രിയയും ഹ്രസ്വമായി വിവരിച്ചുള്ള മുല്ലപ്പള്ളിയുടെ പ്രസംഗത്തിനു ശേഷം തെരഞ്ഞെടുപ്പ് വിജയിയായി അറിയിക്കുന്ന സാക്ഷ്യപത്രം രാഹുല്‍ഗാന്ധിക്ക് അദ്ദേഹം കൈമാറി. പിന്നാലെ സോണിയയുടെ ഇരിപ്പിടം അവര്‍ രാഹുലിനു കൈമാറിയതോടെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തലമുറകൈമാറ്റം ഔപചാരികമായി നടക്കുകയുംചെയ്തു.
തുടര്‍ന്ന് മന്‍മോഹന്‍ സിങിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗം. നിര്‍ത്താതെയുള്ള പടക്കശബ്ദത്തിനിടെ, ഈ ചരിത്ര നിമിഷത്തില്‍ ഞാന്‍ അല്‍പ്പംവൈകാരികമായി പോയെങ്കില്‍ ക്ഷമിക്കൂ എന്നു പറഞ്ഞാണ് മന്‍മോഹന്‍ പ്രസംഗം തുടങ്ങിയത്. ശേഷം സോണിയയുടെ ഊഴം. പാര്‍ട്ടി നേതാവ് എന്ന നിലയ്ക്കുള്ള എന്റെ അവസാനപ്രസംഗമാണിതെന്ന് ഓര്‍മിപ്പിച്ച്, അക്ഷരാര്‍ഥത്തില്‍ അതൊരുവിടവാങ്ങല്‍ പ്രസംഗമാക്കുകയുംചെയ്തു സോണിയ. പിന്നീട് മന്‍മോഹനെയും സോണിയയെയും വണങ്ങി രാഹുല്‍ മൈക്കിനു മുന്നിലേക്ക്. മന്‍മോഹന്‍ജീ, സോണിയാജീ എന്ന് അഭിസംബോധന ചെയ്ത് ഇംഗ്ലീഷില്‍ തുടങ്ങിയ പ്രസംഗം ഇടയ്ക്ക് ഹിന്ദിയിലേക്കും മാറി. പ്രസംഗം അവസാനിച്ച് സീറ്റില്‍ ഇരിക്കും മുന്‍പ് അമ്മയുടെ നെറുകയില്‍ മുത്തംനല്‍കുകയും ചെയ്തു രാഹുല്‍. 11.50ന് ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."