ഖത്തര്‍ വിദ്യാഭ്യാസ വകുപ്പില്‍ 800 അധ്യാപകരെ റിക്രൂട്ട് ചെയ്യും
ദോഹ: 2018-19 അധ്യയന വര്‍ഷത്തിനു മുന്നോടിയായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 800 അധ്യാപകരെയും സ്കൂള്‍ ഭരണനിര്‍വഹണ ഉദ്യോഗസ്ഥരെയും റിക്രൂട്ട് ചെയ്യുന്നു. മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്സസ് വകുപ്പ് ഡയറക്ടര്‍ അലി അല്മറാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
60 വയസ് പ്രായമെത്തിയ അധ്യാപകരുടെയും പ്രൊഫഷണല്‍ പ്രകടനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ നിറവേറ്റാത്ത അധ്യാപകരുടെയും സ്കൂള്‍ ജീവനക്കാരുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത അധ്യയനവര്‍ഷത്തെ സ്കൂളുകളുടെ ആവശ്യകത നിര്‍വചിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ക്കും പരിധിക്കും പുറത്തുള്ള അധ്യാപകരെയും ജീവനക്കാരെയും ഒഴിവാക്കും. ഒഴിവുള്ള തസ്തികകളിലേക്ക് മന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് വെബ്സൈറ്റായ തൗതീഫ് മുഖേന അപേക്ഷകള്‍ ക്ഷണിക്കും. ഡിസംബര്‍ 15 മുതല്‍ 31വരെ അപേക്ഷിക്കാം. എല്ലാ രാജ്യക്കാര്‍ക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷം യോഗ്യരായവരെ തെരഞ്ഞെടുത്ത് അഭിമുഖത്തിനായി ക്ഷണിക്കും. റിക്രൂട്ട്മെന്റ് വെബ്സൈറ്റ് നവീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആശയവിനിമയരൂപത്തിലും ഉപഭോക്തൃസൗഹൃദവുമായാണ് നവീകരിച്ചിരിക്കുന്നത്. 56 രാജ്യങ്ങളില്‍നിന്നുള്ള അധ്യാപകര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയിലെ വൈവിധ്യവല്‍ക്കരണമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഹസന് അല്‍മുഹമ്മദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."