പദ്ധതിവിഹിതം: ഇതുവരെ ചെലവഴിച്ചത് 45.91 ശതമാനം തുക മാത്രം
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംമാത്രം അവശേഷിക്കേ പദ്ധതിവിഹിതത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 45.91 ശതമാനം തുക മാത്രം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നാണ് സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകാരണം ഓരോ വകുപ്പുകളിലെയും പദ്ധതികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഇക്കാരണത്താല്‍ പണം ചെലവഴിക്കുന്നതില്‍ ഈ മാസം 15 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇങ്ങനെപോയാല്‍ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ പദ്ധതിവിഹിതത്തിന്റെ മുക്കാല്‍ഭാഗംപോലും സംസ്ഥാനത്തിന് വിനിയോഗിക്കാനാകില്ല.
ഡിസംബര്‍ 31നു മുന്‍പ് പദ്ധതിവിഹിതത്തിന്റെ 67 ശതമാനം തുക വിനിയോഗിച്ചിരിക്കണമെന്ന നിര്‍ദേശമാണ് ഓരോ വകുപ്പുകള്‍ക്കും ഇടതുസര്‍ക്കാര്‍ നല്‍കിയത്. വ്യവസായവും വാണിജ്യവും(82.42 ശതമാനം), പൊതുമരാമത്ത് (77.98), ഭരണപരിഷ്‌കാരം (68.07) തുടങ്ങിയ വകുപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, 1.20 കോടി രൂപ വകയിരുത്തിയിട്ടുള്ള നിയമവകുപ്പ് ഒരുരൂപപോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അനുവദിച്ച 728 കോടിയുടെ അവസ്ഥയും ഇതുതന്നെയാണ്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലും വിപണിയില്‍ ഇടപെടുന്നതില്‍ സമ്പൂര്‍ണ പരാജയമായ സിവില്‍ സപ്ലൈസ് വകുപ്പ് പദ്ധതിവിഹിതമായി ലഭിച്ച തുകയില്‍ 6.06 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഒക്ടോബര്‍വരെ പദ്ധതിപണം ചെലവഴിക്കുന്നതില്‍ പല വകുപ്പുകളിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നു.
സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ ഒക്ടോബര്‍ 31ലെ കണക്കുപ്രകാരം പദ്ധതിപണത്തിന്റെ ആകെയുള്ള ചെലവ് 40 ശതമാനത്തോളം എത്തിയിരുന്നു. അതിനുശേഷം നാമമാത്രമായ പുരോഗതിയാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."