സമരപരിപാടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്ത് സമരപരിപാടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 29 മുതല്‍ 31വരെ ഒന്‍പത് തീരദേശ ജില്ലകളില്‍ പദയാത്ര നടത്താന്‍ ഇന്നലെ കെ.പി.സി.സി ആസ്ഥാനത്തുചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് കെ. മുരളീധരന്‍ എം.എല്‍.എ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
ഓഖി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനാണ് കോണ്‍ഗ്രസിന്റെ പദയാത്ര. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരുടെ ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. നാളെ മുതല്‍ 27 വരെ ജനങ്ങളില്‍നിന്ന് ഓഖി സഹായനിധി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 17ന് ബ്ലോക്ക് കമ്മിറ്റികള്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനത്തെ വിലക്കയറ്റത്തിനും ക്രമസമാധാന തകര്‍ച്ചക്കും സാമ്പത്തിക തകര്‍ച്ചക്കും റേഷന്‍കാര്‍ഡ് വിതരണത്തിലെ അനാസ്ഥക്കും എല്‍.ഡി.എഫിന്റെ മുതലാളിത്ത പ്രീണനത്തിനും എതിരേയാണ് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുന്നത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 മുതല്‍ ജന്മദിനമായ ഒക്ടോബര്‍ 30വരെ നീളുന്ന ഗാന്ധി സ്മൃതി പരിപാടി കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ ഒന്‍പത് മാസക്കാലത്തിനിടെ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ഗാന്ധിഘാതകര്‍ക്കെതിരേ സമ്മേളനവും സംഘടിപ്പിക്കും. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് സ്ഥാപകദിനം എല്ലാ ജില്ലകളിലും ആഘോഷിക്കും. കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ജനുവരി മുതല്‍ ജൂലൈ വരെ കെ. കരുണാകരന്‍ ജന്മശതാബ്ദി ആഘോഷിക്കും. സമാപനം തിരുവനന്തപുരത്ത് നടക്കും.ബി.ജെ.പിയുടെ അധികാര ദുര്‍വിനിയോഗത്തെയും സാമ്പത്തിക സ്വാധീനത്തെയും നേരിട്ടാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ മികച്ച വിജയം നേടിയത്. വര്‍ഗീയത ആളിക്കത്തിച്ചില്ലെങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."