ഐ.എസ് റിക്രൂട്ട്മെന്റ്: ഗള്‍ഫില്‍ നിന്ന് പണം പിരിച്ചെന്ന് പൊലിസ്
കണ്ണൂര്‍: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്ന് ആളെ ചേര്‍ക്കാന്‍ കണ്ണൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നു പണം പിരിച്ചതായി അന്വേഷണ സംഘം. പാപ്പിനിശ്ശേരി സ്വദേശി തസ്ലിമാണ് ഫണ്ട് പിരിവിന്റെ മുഖ്യചുമതലക്കാരനെന്നും കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് പറഞ്ഞു. അന്വേഷണ സംഘം ഇതു സംബന്ധിച്ചു ഗള്‍ഫ് നാടുകളില്‍ അന്വേഷണം നടത്തിയാണ് വിവരങ്ങളും തെളിവുകളും ശേഖരിച്ചത്. എന്നാല്‍ തസ്ലിം ഇപ്പോള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്നശേഷം സന്ദര്‍ശക വിസയെടുത്ത് തസ്ലിം വീണ്ടും ദുബൈയിലേക്ക് പോയിരുന്നുവെന്നാണ് വിവരം.
ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നാണ് പണം സമാഹരിച്ചതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തസ്ലിം ഇടനിലക്കാരനായാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും എന്‍.ഐ.എ ഏറ്റെടുത്ത സാഹചര്യത്തില്‍ കണ്ണൂര്‍ പൊലിസിന് ലഭിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."