തിരച്ചില്‍ ഊര്‍ജിതം; രണ്ട് മൃതദേഹംകൂടി കണ്ടെത്തി
കോഴിക്കോട്/ കണ്ണൂര്‍: ഓഖി ദുരന്തത്തില്‍പ്പെട്ടു കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി കണ്ടെത്തി. കാണാതായവര്‍ക്കുവേണ്ടി മത്സ്യത്തൊഴിലാളികള്‍ പുറംകടലില്‍ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുതിയാപ്പ തീരത്തുനിന്ന് 40 ഫാതം അകലെനിന്നും കണ്ണൂര്‍ ഏഴിമലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂര്‍ സ്വദേശി ആര്.സതീശന്റെ അജ്മീര്‍ ഷാ എന്ന ബോട്ടാണ് പുതിയാപ്പയിലെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം ലഭിക്കുന്നത്. വൈകിട്ട് ആറരയോടെ പുതിയാപ്പ ഹാര്‍ബറിലെത്തിച്ചു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഏഴിമലയില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രി 9.30 ഓടെ അഴീക്കല്‍ തുറമുഖത്തെത്തിച്ച മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പുറപ്പെട്ട ശരണ്യ എന്ന റസ്കൂ ബോട്ടിലുള്ളവരാണ് ഏഴിമലയില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയിട്ടുണ്ട്.
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബേപ്പൂരില്‍ നിന്നുള്ള 25 ബോട്ടുകളാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്. ബേപ്പൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പുറംകടലിലാണ് ഇവര്‍ തിരച്ചില്‍ നടത്തുന്നത്. ആഴക്കടലില്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ സില്‍വര്‍ കൊമ്പാനോ എന്ന കപ്പല്‍ വാടകക്കെടുത്തിരിക്കുകയാണ്. എല്ലാ ബോട്ടുകളും വയര്‍ലെസ് സംവിധാനംവഴി വിവരമറിയിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ എസ്.എസ് സുജിത്താണ് ബേപ്പൂരില്‍ നിന്നുള്ള തിരച്ചില്‍ സംഘത്തെ ഏകോപിപ്പിക്കുന്നത്. തിരച്ചില്‍ വെള്ളിയാഴ്ച വൈകിട്ട് 6 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."