തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
കോട്ടയം: തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ പാടം നികത്തിയെന്ന പരാതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ് ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. അവ്യക്തത നീക്കാനായി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോഴാണ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ജനുവരി നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ നാലിനായിരുന്നു ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്പ്പിക്കേണ്ടിയിരുന്നതെങ്കിലും വിജിലന്‍സ് സാവകാശം ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തില്ലാതിരുന്നതിനാല്‍ തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ കലക്ടര്‍മാരായ സൗരഭ് ജെയിന്, വേണുഗോപാല്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും മൊഴിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മൂന്നാഴ്ചകൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.
അതിനിടെ, കോട്ടയം വിജിലന്‍സ് എസ്.പി ജോണ്സണ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അവ്യക്തത നീക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ ഫയല്‍ മടക്കി.
തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ സ്വദേശി അഡ്വ.സുഭാഷ് എം. തീക്കാടന്‍ നല്കിയ പരാതിയില്‍ നവംബര്‍ നാലിനാണ് പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
ഒരുമാസമായിരുന്നു സമയം. അതേസമയം, തോമസ് ചാണ്ടിയെ സഹായിക്കാനായി വിജിലന്‍സ് മനപ്പൂര്‍വം കാലതാമസം വരുത്തുകയാണെന്ന് പരാതിക്കാരന് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."