സ്വര്‍ണത്തിളക്കത്തില്‍ കേരളം
ദേശീയ സീനിയര്‍ സ്‌കൂള്‍ കായിക മേളയുടെ മൂന്നാം ദിവസം കേരളത്തിന് മികച്ച നേട്ടം. ആദ്യ രണ്ട് ദിവസം കേരള ത്തിന് കാര്യമായൊന്നും നേടാനായില്ലെങ്കിലും മൂന്നാം ദിവസം നാല് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമായി കേരളം ട്രാക്കിലെ ആധിപത്യം തിരികെ പിടിച്ചു. ഇതോടെ മെഡല്‍ പട്ടികയില്‍ കേരളം രണ്ടാമതായി. ഇന്നലെ നടന്ന 16 ഫൈനലുകളില്‍ ഏഴിനത്തിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു. സ്വര്‍ണം പ്രതീക്ഷിച്ച ആണ്‍കുട്ടികളുടെ റിലേ ടീം പുറ ത്തായത് മാത്രമാണ് കേരളത്തെ നിരാശപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് നിവ്യ ആന്റണിയും പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി അപര്‍ണ റോയിയും ഇന്നലെ മിന്നും താരങ്ങളായി. ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണവും വെള്ളിയും കേരള താരങ്ങള്‍ തന്നെ സ്വന്തമാക്കി. യഥാക്രമം ടി. പി അമല്‍ സ്വര്‍ണവും അനസ് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലാണ് കേരളത്തിന്റെ നാലാം സുവര്‍ണ നേട്ടം.
പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ കേരളം പ്രതീക്ഷിച്ച മെഡല്‍ നേടാനായത് മികച്ച നേട്ടമായി. നിവ്യ ആന്റണി 3.60മീറ്റര്‍ ഉയരം താണ്ടി ദേശീയ റെക്കോര്‍ഡ് തിരുത്തി. കേരളത്തിന്റെ തന്നെ മരിയ ജെയ്‌സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് നിവ്യക്ക് മുന്നില്‍ വഴി മാറിയത്. തമിഴ്‌നാടിന്റെ വി പവിത്ര വെള്ളിയും കേരള ത്തിന്റെ അര്‍ഷ ബാബു വെങ്കലവും നേടി. മെഡല്‍ പ്രതീക്ഷയുായിരുന്ന പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ നാലാം സ്ഥാനം മാത്രമാണ് കേരളത്തിന് നേടാനായത്.
പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജാര്‍ഖണ്ഡിന്റെ നീലം കുമാരി വെള്ളിയും മഹാരാഷ്ട്രയുടെ മാനസി വെങ്കലവും നേടി. 14.25 സെക്കന്‍ഡിലാണ് അപര്‍ണ മത്സരം പൂര്‍ത്തിയാക്കിയത്.
ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ തമിഴ്‌നാടിന്റെ ശ്രീകിരണ്‍ സ്വര്‍ണവും കേരളത്തിന്റെ ആദര്‍ശ് ഗോപി വെള്ളിയും ഹരിയാനയുടെ ജഗ്ബിര്‍ വെങ്കലവും നേടി. 1.56 സെക്കന്‍ഡിലാണ് ആദര്‍ശ് രണ്ടാം സ്ഥാനത്തെത്തിയത്.
ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. ടി. പി അമല്‍ സ്വര്‍ണവും അനസ് വെള്ളിയും നേടി. ഉത്തര്‍പ്രദേശിന്റെ ഗോവിന്ദ് കുമാറിന് വെങ്കലം ലഭിച്ചു. 7.11 മീറ്റര്‍ താണ്ടിയാണ് അമലിന്റെ നേട്ടം. അനസ് 7.9 മീറ്ററാണ് പിന്നിട്ടത്.
പെണ്‍കുട്ടികളുടെ 4- 400 മീറ്റര്‍ റിലേയില്‍ കേരളത്തിനായി ട്രാക്കിലിറങ്ങിയ അപര്‍ണ റോയ്, രേഷ്മ, കെ നിഭ, മൃദുല മരിയ ബാബു എന്നിവര്‍ സുവര്‍ണ നേട്ടത്തിലേക്ക് ഫിനിഷ് ചെയ്തു. 48.55 സെക്കന്‍ഡിലാണ് കേരള സംഘം സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്. അതേസമയം ആണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ കേരളം അയോഗ്യരായത് തിരിച്ചടിയായി.
നൂറ് മീറ്ററില്‍ ഇവര്‍ താരങ്ങള്‍
ട്രാക്കിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി പഞ്ചാബിന്റെ ലൗപ്രീത് സിങ് ആണ്‍കുട്ടികളിലും പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദ് പെണ്‍കുട്ടികളിലും വേഗ താരങ്ങളായി. ഈയിനത്തില്‍ കേരളത്തിന് ഒരു വെങ്കലം ലഭിച്ചു. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കേരളത്തിന്റെ നിബിന്‍ ബൈജുവാണ് 11.7 സെക്കന്‍ഡ് കൊണ്ട് വെങ്കലത്തില്‍ മുത്തമിട്ടത്. പഞ്ചാബിന്റെ ലൗ പ്രീത് സിങ് 11.00 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. 11.2 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഉത്തര്‍ പ്രദേശിന്റെ സൗരഭ് സിങ്ങ് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പഞ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദ് 11.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണവും കര്‍ണാടകയുടെ ധനേശ്വരി 12.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളിയും മഹാരാഷ്ട്രയുടെ റോസ്‌ലിന്‍ ലെവിസ് 12.42ല്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.
റോയിയുടെ ദീര്‍ഘ വീക്ഷണം അപര്‍ണയുടെ വിജയ രഹസ്യം
ഫുട്‌ബോളിനെ അതിരറ്റ് സ്‌നേഹിക്കുന്ന പിതാവ് റോയിയുടെ ദീര്‍ഘ വീക്ഷണമാണ് കേരളത്തിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച് മുന്നേറുന്ന അപര്‍ണയുടെ വിജയ രഹസ്യം. രണ്ടാം ക്ലാസ് മുതല്‍ ഫുട്‌ബോള്‍ കളിച്ച് തുടങ്ങി കായിക ലോകത്തെത്തിയ അപര്‍ണ ഒരിടയ്ക്ക് ഫുട്‌ബോളിലും അത്‌ലറ്റിക്‌സിലും ഒരു പോലെ തിളങ്ങി നിന്നു. തീര്‍ന്നില്ല ഫുട്‌ബോളില്‍ ഇന്ത്യന്‍ കുപ്പായം വരെയണിയാനുള്ള യോഗം താരത്തിനുണ്ടായി. കഠിന പ്രയത്‌നത്തിലൂടെ ഇന്ത്യന്‍ താരമായി വളര്‍ന്ന് വിജയഗാഥ രചിച്ചു വരുന്നതിനിടെയിലാണ് അത്‌ലറ്റിക്‌സിലും ഒരു കൈ നോക്കാനിറങ്ങിയത്. അവിടെയും പിഴച്ചില്ല.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് റോയിയാണ് അപര്‍ണയെ കൂടരഞ്ഞി സെപ്റ്റ് അക്കാദമിയില്‍ ചേര്‍ക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് സെലക്ഷനെന്ന് സെപ്റ്റ് അധികൃതര്‍ പറഞ്ഞപ്പോള്‍ നിരാശപ്പെട്ട് പിന്‍മാറാന്‍ ആ പിതാവ് തയ്യാറായില്ല. ആണ്‍കുട്ടികള്‍ക്ക് നടത്തുന്ന അതേ രീതിയിലുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി വിജയിച്ചാല്‍ മാത്രം മകളെ അക്കാദമിയില്‍ ചേര്‍ത്താല്‍ മതിയെന്ന് ധൈര്യത്തോടെ പറയാന്‍ റോയ് ആര്‍ജവം കാണിച്ചു. പിതാവിന്റെ ആത്മവിശ്വാസമുള്ള വാക്കുകളില്‍ നിന്നാണ് അപര്‍ണയുടെ കായിക താരമായുള്ള വളര്‍ച്ച. അങ്ങനെ ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ക്യാംപിലേക്ക് അപര്‍ണയ്ക്കും സെലക്ഷന്‍ കിട്ടി. അപര്‍ണ അവരോടൊപ്പം തന്നെ പ ന്ത് തട്ടി തന്റെ പ്രതിഭയുടെ മികവ് അടയാളപ്പെടുത്തി. പിന്നീട് ക്യാംപില്‍ കൂട്ടിന് മറ്റൊരു പെണ്‍കുട്ടി എത്തിയെങ്കിലും അവള്‍ പാതിവഴിയില്‍ കളി ഉപേക്ഷി ച്ചു. പക്ഷേ അപര്‍ണ പിന്മാറിയില്ല.
ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളി വന്നത്. ഗുജറാത്തിലെ ക്യാംപില്‍ പങ്കെടുത്തെങ്കിലും അന്തിമ പട്ടികയില്‍ ഇടം ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് നടന്ന ക്യാംപിലും പങ്കെടുത്തെങ്കിലും ടീമിലിടം കിട്ടിയില്ല. ഒടുവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മൂന്നാം വട്ടവും ട്രയല്‍സില്‍ പങ്കെടുത്ത് അപര്‍ണ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനുള്ള അവസരം നേടിയെടുത്തു. തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ പ്രധിരോധ നിരയിലായിരുന്നു അപര്‍ണ കളിച്ചത്. തൊട്ടടുത്ത വര്‍ഷം നേപ്പാളില്‍ നടന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും അപര്‍ണ കളിച്ചു. വലത് വിങ്ങ് ബാക്കിലായിരുന്നു അപര്‍ണയുടെ സ്ഥാനം. ഭൂട്ടാനെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യക്കായി അപര്‍ണ തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗോളും സ്വന്തമാക്കി.
എന്നാല്‍ തൊട്ടടു ത്ത ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പം താരത്തിന് വലിയ ആഘാതമായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടാണ് അന്ന് താനുള്‍പ്പെട്ട ടീം രക്ഷപ്പെട്ടതെന്ന് അപര്‍ണ വ്യക്തമാക്കി. ഈ ദുരന്തത്തിന്റെ ആഘാതം താരത്തിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടു. പിന്നീടൊരിക്കലും താന്‍ ഫുട്‌ബോള്‍ താരമായി മൈതാനത്തിറങ്ങിയിട്ടില്ലെന്ന് അപര്‍ണ പറഞ്ഞു. അത്‌ലറ്റിക്‌സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിരന്തരമായി പരുക്കുകള്‍ പറ്റാന്‍ സാധ്യത കൂടുതലായതും ഫുട്‌ബോള്‍ മൈതാനത്തോട് വിട പറയാന്‍ പ്രേരിപ്പിച്ചതായി താരം കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ ആഗ്രഹമനുസരിച്ച് ഫുട്‌ബോളില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കാത്തത് മാത്രമാണ് തന്റെ വിഷമമെന്നും അപര്‍ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."