ഹിറ്റോട്... ഹിറ്റ്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്
ഇന്‍ഡോര്‍: ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ കൈക്കരുത്ത് ലങ്കന്‍ ബൗളര്‍മാരെ വീണ്ടും ഹതാശരാക്കിയപ്പോള്‍ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. റെക്കോര്‍ഡുകളുടെ അകമ്പടിയോടെയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടല്‍ പടുത്തുയര്‍ത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് ഇന്ത്യ കണ്ടെത്തിയത്. മറുപടി പറയാനിറങ്ങിയ ലങ്കയുടെ പോരാട്ടം 17.2 ഓവറില്‍ 172 റണ്‍സില്‍ അവസാനിപ്പിച്ച് 88 റണ്‍സിന്റെ ഗംഭീര വിജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ടെസ്റ്റ്, ഏകദിന പരമ്പര നേട്ടങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ ടി20 വിജയവും.
ടി20യില്‍ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറി നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ കത്തി ജ്വലിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഈ വര്‍ഷമാദ്യം നേടിയ 35 പന്തില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തിയാണ് രോഹിത് നേട്ടത്തില്‍ പങ്കാളിയായത്. പത്ത് സിക്‌സും 12 ഫോറും സഹിതം നായകന്‍ 43 പന്തില്‍ അടിച്ചെടുത്തത് 118 റണ്‍സ്. സഹ ഓപണര്‍ കെ.എല്‍ രാഹുല്‍ ഉറച്ച പിന്തുണ നല്‍കിയപ്പോള്‍ മികച്ച സ്‌കോറിലേക്ക് അനായാസമാണ് ഇന്ത്യ എത്തിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 12.4 ഓവറില്‍ 165 റണ്‍സാണ് പടുത്തുയര്‍ത്തിയത്. രോഹിത് പുറത്തായ ശേഷം ധോണി ക്രീസിലെത്തി രാഹുലിനെ പിന്തുണച്ചതോടെ റണ്‍റേറ്റ് താഴാതെ നിന്നു. കന്നി അന്താരാഷ്ട്ര ടി20 ശതകം രാഹുല്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
49 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും തൂക്കി രാഹുല്‍ 89 റണ്‍സില്‍ പുറത്തായി. പിന്നീട് ക്ഷണത്തില്‍ വിക്കറ്റുകള്‍ വീണെങ്കിലും ടി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലും അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുമാണ് ഇന്ത്യ ഇന്‍ഡോറില്‍ പടുത്തുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരേ തന്നെ ആസ്‌ത്രേലിയ നേടിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന ടീം സ്‌കോര്‍. ടി20യിലെ ഒരു പോരാട്ടത്തില്‍ 21 സിക്‌സറുകള്‍ നേടുകയെന്ന വെസ്റ്റിന്‍ഡീസിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഇന്ത്യക്കായി. രോഹിത് പത്തും രാഹുല്‍ എട്ടും ധോണി മൂന്നും ഹര്‍ദിക് ഒരു സിക്‌സുമാണ് നേടിയത്. ലങ്കക്കായി ഫെര്‍ണാണ്ടോ, പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
വിജയം തേടിയിറങ്ങിയ ലങ്ക തുടക്കത്തില്‍ പൊരുതിയെങ്കിലും പിന്നീട് തകര്‍ന്നുപോയി. 77 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ടോപ് സ്‌കോറര്‍. തരംഗ (47), ഡിക്ക്‌വെല്ല (25 ) എന്നിവരും തിളങ്ങി. പിന്നീട് ഒരു താരത്തിനും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ആഞ്ചലോ മാത്യൂസ് പരുക്കിനെ തുടര്‍ന്ന് ബാറ്റിങിനിറങ്ങാതെ വന്നതോടെ ഒന്‍പത് വിക്കറ്റ് വീണപ്പോള്‍ അവരുടെ ഇന്നിങ്‌സും അവസാനിച്ചു. നാല് വിക്കറ്റെടുത്ത് യുസ്‌വേന്ദ്ര ചഹലും മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും തിളങ്ങി ലങ്കാ ദഹനം പൂര്‍ത്തിയാക്കുകയും ചെയ്തു. രോഹിതാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."