വീണ്ടും രക്ഷകനായി വിനീത്: ചെന്നൈയിന് എഫ്.സി 1-1 കേരള ബ്ലാസ്റ്റേഴ്സ്
ചെന്നൈ: നാടകീയതകള്‍ നിറഞ്ഞ പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്‍ എവേ പോരാട്ടത്തില്‍ 1-1നാണ് ചെന്നൈയിനും ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം നിന്നത്.
കളിയുടെ 89ാം മിനുട്ട് വരെ ഗോള്‍രഹിതമായി നിന്നപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ചെന്നൈയിന് ലീഡെടുത്തു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. അവസാന സെക്കന്‍ഡില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ അളന്നുമുറിച്ച ക്രോസില്‍ നിന്ന് മലയാളി മുന്നേറ്റ താരം സി.കെ വിനീത് സുന്ദരമായി വല ചലിപ്പിച്ച് കൊമ്പന്മാര്ക്ക് ആശ്വാസ സമനില സമ്മാനിക്കുകയായിരുന്നു.
89ാം മിനുട്ടില്‍ ബോക്സില്‍ വച്ച് സന്ദേശ് ജിങ്കാന്റെ കൈയില്‍ പന്ത് തട്ടിയത് ചൂണ്ടിക്കാട്ടി റഫറി ചെന്നൈയിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ടെലിവിഷന്‍ റിപ്ലേയില്‍ നിന്ന് വ്യക്തമായിരുന്നു. കിക്കെടുത്ത മിഹെലിച് പന്ത് വലയിലാക്കി ചെന്നൈയിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ പരാജയത്തില്‍ നിന്ന് തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് വിനീതിലൂടെ സമനില പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."