കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ജനപക്ഷത്തിന്റെ ആക്രമണം
കോട്ടയം: സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ജനപക്ഷ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് (എം). ജനപക്ഷം പ്രവര്‍ത്തകര്‍ കല്ലും ചില്ലുമായെത്തി ഓഫിസ് ആക്രമിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് മാണി വിഭാഗവും പി.സി ജോര്‍ജും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ഓഫിസ് അതിക്രമം. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയായിരുന്നു സംഭവം. ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ് എം.എല്‍.എയെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അപമാനിച്ചെന്നാരോപിച്ച് യുവജനപക്ഷം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി മടങ്ങുന്നതിനിടെ ഒരു സംഘം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലെറിയുകയായിരുന്നു.
ഇതു തടയാന്‍ ശ്രമിച്ച ഓഫിസ് സെക്രട്ടറി ബാബു വഴിയമ്പലത്തെയും ആക്രമിച്ചതായും പരാതിയുണ്ട്. കല്ലേറില്‍ പാര്‍ട്ടി ഓഫിസിന്റെ 12 ജനല്‍ചില്ലുകളും തകര്‍ന്നെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ ആരോപിച്ചു.സംഭവത്തില്‍ കേരള ജനപക്ഷത്തിന്റെ 14 പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചു കടന്നതിനുമാണ് ജനപക്ഷം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. അതേസമയം, സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു.
അക്രമത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ, വൈസ് ചെയര്‍മാന്‍ ജോസ്. കെ. മാണി എം.പി, ജോയ് എബ്രഹാം എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസ്, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."