ഹജ്ജ്: നഷ്ടപരിഹാരം വൈകുന്നതിനെതിരേ തീര്‍ഥാടകര്‍ നിയമ നടപടിക്ക്
പൂച്ചാക്കല്‍ (ആലപ്പുഴ): ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക കേന്ദ്ര ഹജ്ജ് മിഷന്‍ നല്‍കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
കഴിഞ്ഞ തവണ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ ഹജ്ജ് മിഷന്‍ അധികാരികളുടെ നിലപാടിനെതിരേയാണ് പ്രതിഷേധം. മദീനയില്‍ തീര്‍ഥാടകര്‍ക്കുണ്ടായ കഷ്ടതകള്‍ക്ക് 350 റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. താമസ സൗകര്യമൊരുക്കുന്നതില്‍ വന്ന അപാകതയെ തുടര്‍ന്നായിരുന്നു ഇത്.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതെ അറുന്നൂറിലേറെ തീര്‍ഥാടകര്‍ ബുദ്ധിമുട്ടിയിരുന്നു. ഇതിനെതിരേ മദീനയില്‍ നിന്ന് തന്നെ തീര്‍ഥാടകര്‍ ഹജ്ജ്മിഷനും കേന്ദ്ര ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും പരാതി നല്‍കിയിരുന്നു.
കൂടാതെ നാട്ടിലെത്തിയ തീര്‍ഥാടകര്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം മാധ്യമങ്ങളുമായി പങ്ക് വെക്കുകയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ള നടപടി തുടങ്ങിയതല്ലാതെ ഇതുവരെ നഷ്ടപരിഹാര തുക വിതരണം ചെയ്യാന്‍ അധികാരികള്‍ തയാറായിട്ടില്ലെന്നാണ് ആരോപണം.
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."