കോഴിക്കോട്ട് വീണ്ടും ലഹരി വേട്ട; യുവാവ് അറസ്റ്റില്‍ 380 ഗ്രാം ഹാഷിഷ് പിടികൂടി
കുന്ദമംഗലം: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതുതലമുറ ലഹരി ഉല്പന്നങ്ങള് വില്പന നടത്തുന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി വരുവാലയില്‍ നസീബി(25)നെയാണ് കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണറുടെ ക്രൈം സ്ക്വാഡും കുന്ദമംഗലം പൊലിസും ചേര്‍ന്ന് പിടികൂടിയത്. 380 ഗ്രാം ഹാഷിഷുമായി കോഴിക്കോട് എന്‍.ഐ.ടി പരിസരത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ജില്ലയില്‍ വന്‍തോതില്‍ പുതുതലമുറ മയക്കുമരുന്നുകള്‍ വില്‍പ്പനക്കായി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ലഹരി വേട്ട.
സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ലഹരിവേട്ട നടക്കുന്നത്. ഇലക്ട്രോണിക് ത്രാസുമായി സ്വന്തം കാറില്‍ സഞ്ചരിച്ച് അവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.
ഗോവ, ബംഗളൂരു, മണാലി എന്നിവിടങ്ങളില്‍ നിന്നാണ് ഹാഷിഷ് പ്രധാനമായും കേരളത്തിലെത്തുന്നത്. 'എച്ച് ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഹാഷിഷ് മറ്റാര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ത്തന്നെ തീവ്രമായ ലഹരി ലഭിക്കുമെന്നതുമാണ് യുവാക്കള്‍ക്ക് ഇതിനോട് താത്പര്യം വര്‍ധിക്കാന്‍ കാരണം.
കൊടുവള്ളി, കുന്ദമംഗലം ഭാഗങ്ങളില്‍ വന്‍തോതില്‍ ലഹരി വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ നസീബെന്ന് പൊലിസ് പറയുന്നു.
ഇയാള്‍ക്ക് ഹാഷിഷ് എത്തിച്ചുകൊടുക്കുന്നവരെ കുറിച്ചും മറ്റ് കൂട്ടാളികളെക്കുറിച്ചും മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് നോര്‍ത്ത് അസി.കമ്മിഷണര്‍ പൃഥ്വിരാജന്‍ പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷിന് നാലു ലക്ഷം രൂപ വില വരും.
കഴിഞ്ഞ ദിവസം 275 ഗ്രാം ഹാഷിഷുമായി തൃശൂര്‍ സ്വദേശികളായ 2 പേരെ എക്സൈസും കൊക്കെയ്ന്‍, എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള ലഹരിയുമായി മാങ്കാവ് സ്വദേശിയായ യുവാവിനെ പൊലിസും പിടികൂടിയിരുന്നു.
കുന്ദമംഗലം പ്രിന്‍സിപ്പല്‍ എസ്.ഐ രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി നോര്‍ത്ത് അസി.കമ്മിഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രപിന്‍, നിജിലേഷ്, കുന്നമംഗലം പൊലിസ് സ്റ്റേഷനിലെ എസ്.ഐ അശോകന്, എ.എസ്.ഐ മാരായ ബാബു പുതുശ്ശേരി, സതീശന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രജീഷ്, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."