ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യക്ക് ഹാപ്പി ക്രിസ്മസ്
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യയുടെ ക്രിസ്മസ് ആഘോഷം അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കുകയായിരുന്നു. വിജയം തേടിയിറങ്ങിയ ഇന്ത്യ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്താണ് വിജയം പിടിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ടി20 പരമ്പര തൂത്തുവാരി ആത്മവിശ്വാസത്തോടെ ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കന്‍ പരീക്ഷണങ്ങളിലേക്ക്. 24 പന്തില്‍ 29 റണ്‍സുമായി ദിനേശ് കാര്‍ത്തികും 10 പന്തില്‍ 16 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. നാല് റണ്‍സുമായി രാഹുല്‍ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നലടികളുമായി ഒരറ്റത്ത് നിന്നു. എന്നാല്‍ 20 പന്തില്‍ 27 റണ്‍സുമായി മികവിലേക്ക് കുതിക്കവേ രോഹിതിനെ പുറത്താക്കി സനക ഇന്ത്യയെ ഞെട്ടിച്ചു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍- മനീഷ് പാണ്ഡെ സഖ്യം പോരാട്ടം ലങ്കന്‍ ക്യാംപിലേക്ക് നയിച്ചു. സ്‌കോര്‍ 81ല്‍ നില്‍ക്കേ ശ്രേയസ് അയ്യര്‍ നിര്‍ഭാഗ്യം കൊണ്ട് റണ്ണൗട്ടായി. 32 പന്തില്‍ 30 റണ്‍സാണ് ശ്രേയസ് എടുത്തത്. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ലങ്ക ഇന്ത്യയെ കുഴക്കി. 29 പന്തില്‍ 32 റണ്‍സുമായി മനീഷ് പാണ്ഡെയും നാല് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്തായത്.
നേരത്തെ ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധമാണ് തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 18 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തുടക്കത്തില്‍ തന്നെ അവരെ വെട്ടിലാക്കിയിരുന്നു. പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സമരവിക്രമ- ഗുണരത്‌നെ എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഈ കൂട്ടുകെട്ട് പൊളിച്ച് ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടു വന്നത്. സമരവിക്രമ 17 പന്തില്‍ 21 റണ്‍സുമായി മികവിലേക്ക് കുതിക്കവേയാണ് പുറത്തായത്. ഒരറ്റത്ത് ഗുണരത്‌നെ നിന്നെങ്കിലും തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി ലങ്കയ്ക്ക് നഷ്ടമായി. പിന്നീട് എത്തിയ സനക ഗുണരത്‌നെയെ പിന്തുണച്ചതോടെ ലങ്ക വീണ്ടും ട്രാക്കിലായി. സ്‌കോര്‍ 111ല്‍ നില്‍ക്കേ ലങ്കയുടെ ടോപ് സ്‌കോററായി ഗുണരത്‌നെ 36 റണ്‍സുമായി പുറത്തായി. അവസാന നിമിഷം ധനഞ്ജയയെ കൂട്ടുപിടിച്ച് സനക കൂറ്റനടികളിലൂടെ സ്‌കോര്‍ 135ല്‍ എത്തിക്കുകയായിരുന്നു. മത്സരത്തില്‍ ലങ്ക നേടിയ രണ്ട് സിക്‌സുകളും പറത്തിയത് സനകയാണ്. താരം 24 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ധനഞ്ജയ എഴ് പന്തുകള്‍ നേരിട്ട് പുറത്താകാതെ രണ്ട് ഫോറുകളുടെ അകമ്പടിയോടെ 11 റണ്‍സെടുത്തു. ഡിക്ക്‌വെല്ല (ഒന്ന്), തരംഗ (11), കുശാല്‍ പെരേര (നാല്), ഗുണതിലക (മൂന്ന്), തിസര പെരേര (11) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.
നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ജയദേവ് ഉനദ്കട് തിളങ്ങി. ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്. അരങ്ങേറ്റക്കാരന്‍ വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."