നീന്തല്‍ അറിയാമായിരുന്നിട്ടും വൈഷ്ണ അപകടത്തില്‍പ്പെട്ടതു കൂടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ചങ്ങരംകുളം: ആറു പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ തോണിയപകടത്തിനു കാരണമായതു കടവില്‍ പെട്ടെന്നു വെള്ളം കൂടിയതെന്നു രക്ഷപ്പെട്ടവരും നാട്ടുകാരും. കോളില്‍ പമ്പിങ് നടക്കുന്നതിനാല്‍ വെള്ളം കൂടിയതും കാറ്റുവീശിയതും അപകടത്തിനിടയാക്കുകയായിരുന്നുവെന്നു രക്ഷപ്പെട്ട ശിവഗിയും രക്ഷപ്പെടുത്തിയവരും ഒരുപോലെ പറയുന്നു.
നന്നായി നീന്തല്‍ അറിയാമായിരുന്നിട്ടും വൈഷ്ണ അപകടത്തില്‍പ്പെട്ടതു കൂടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്. മത്സ്യത്തൊഴിലാളിയായ വേലായുധനും കുടുംബത്തിനും കായലും തോണിയും ജീവന്റെ ഭാഗംതന്നെയായിരുന്നു.
ഒടുവില്‍ ആ കായല്‍തന്നെ ആ കുടുംബത്തെ ദുരന്തങ്ങളുടെ കണ്ണീര്‍കായലാക്കി. അവധിക്കു വീട്ടിലെത്തിയ ആദിനാഥിന്റെകൂടെ എല്ലാവരുംകൂടി തോണി തുഴയാന്‍ ഇറങ്ങുകയായിരുന്നു. ഒന്നിച്ചുപോകുന്നതു വീട്ടുകാര്‍ വിലക്കിയിരുന്നെങ്കിലും ഒപ്പം വേലായുധനും പോയതോടെ കുട്ടികള്‍ക്ക് ഏറെ സന്തോഷമായി.
പക്ഷേ, അതൊരു മഹാ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന് ആരുമറിഞ്ഞില്ല.
വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുരുന്നുകളുടെ അലമുറകള്‍ക്കുമുന്നില്‍ നിസഹായരായി നില്‍ക്കാനെ ഓടിക്കൂടിയവര്‍ക്കു കഴിഞ്ഞുള്ളൂ. നീന്തലറിയാത്ത പലരും വാവിട്ടു കരഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വേലായുധന്‍ അപകടനില തരണംചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."