കൂട്ടിലടച്ച തത്ത, കടലിലെ സ്രാവ്, സിവില്‍ സര്‍വീസ് യുദ്ധം
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു പൂഞ്ഞാര്‍ എം.എല്‍.എയുടെ സിദ്ധികൂടി കൈവന്നിരിക്കുന്നു. തന്നെ എഴുതിത്തള്ളിയവര്‍ക്ക് ഇടംനല്‍കാതെ വാര്‍ത്താതാരമാകാന്‍ പി.സിക്കു മിടുക്കുണ്ട്. ദിലീപിയന്‍ കാലഘട്ടത്തിലെ ദിലീപ്പക്ഷ പ്രസ്താവനകള്‍ ചരിത്രവിദ്യാര്‍ഥികള്‍ അങ്ങനെയാണു വായിക്കാന്‍ സാധ്യത.
ജേക്കബ് തോമസ് പുസ്തകം മാത്രമല്ല കിടിലന്‍ പ്രസ്താവനകളുമിറക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മികച്ച പരിശീലനം നല്‍കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ' ഡയറക്ടറാണിപ്പോള്‍ ജേക്കബ് തോമസ്.
കേരളത്തില്‍ നിയമവാഴ്ചയില്ല. അഴിമതിക്കാര്‍ ഐക്യപ്പെട്ടിരിക്കുന്നു. മുതലാളിക്ക് ഒരു നീതി, പാവപ്പെട്ടവര്‍ക്കു മറ്റൊരു നീതി ഇതാണ് ലേറ്റസ്റ്റ് പ്രസ്താവന. ഇതു കേട്ടാല്‍ തോന്നും ഈ ആഴ്ച ഉണ്ടായതാണ് ഈ പ്രതിഭാസമെന്ന്. ഭൂമിയും ഭൂവാസികളും ഭരണകൂടവും ഉണ്ടായകാലം മുതല്‍ നാട്ടുനടപ്പുള്ളതാണിതൊക്കെ.
മുതലാളിയുടെ മക്കളാണു കടലിലകപ്പെട്ടതെങ്കില്‍ സര്‍ക്കാരിന്റെ 'തണുപ്പന്‍' ഇടപെടല്‍ ഉണ്ടാകുമായിരുന്നോ. കടലില്‍പ്പെട്ടതു പാവപ്പെട്ടവരായതുകൊണ്ടാണു മുന്നറിയിപ്പു താമസിച്ചതും താമസിപ്പിച്ചതും തുടര്‍നടപടി വൈകിപ്പിച്ചതുമെന്നാണ് പറഞ്ഞതിലെ പ്രധാന ആക്ഷേപം.
കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷക്കാരനായി സി.എം ഇബ്രാഹിമും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.മുരളീധരനും മത്സരിച്ചപ്പോള്‍ ഇരു കക്ഷികള്‍ക്കും വേണ്ടപ്പെട്ട മതസംഘടനാ വക്താവ് വശംകെട്ടു നടത്തിയ രാഷ്ട്രീയനിലപാട് ഓര്‍ത്തുപോവുകയാണ്. സി.എം ഇബ്രാഹിമിനെ ജയിപ്പിക്കണം, കെ. മുരളീധരനെ തോല്‍പ്പിക്കയുമരുത് എന്നായിരുന്നു പ്രസ്താവന.
ജേക്കബ് തോമസും തക്കംനോക്കി, കാലംനോക്കി, കാലാവസ്ഥ നോക്കി നിലപാടെടുക്കുന്നതില്‍ കേമനാണ്. 1400 കോടി സുനാമി ഫണ്ട് കളംമാറ്റിയ വര്‍ത്തമാനം പറയേണ്ട സമയത്തു പറയാതിരിക്കുകയും ഇപ്പോള്‍ പറയുകയും ചെയ്യുന്നതു സ്ഥാനചലനസാധ്യതകളുമായി ബന്ധപ്പെട്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല.
കേരളത്തില്‍ സെന്റ് തോമസ് പുണ്യാളന്‍ മധ്യവര്‍ഗ-സവര്‍ണ വര്‍ഗത്തിലാണു മതപ്രവര്‍ത്തനം നടത്തി പരിവര്‍ത്തിപ്പിച്ചത്. സെന്റ് ആന്റണി പുണ്യവാളന്‍ മുക്കുവരിലും മതപരിവര്‍ത്തനം സാധിച്ചു. മലബാര്‍ സഭ സവര്‍ണക്രിസ്തീയരും ലത്തീന്‍സഭ മുക്കുവ ക്രിസ്തീയരുമാണെന്നു തീര്‍ത്തു പറഞ്ഞുകൂടെങ്കിലും സംഗതി ജാതീയത മാറീട്ടില്ല.
ജാതി, മതം, വര്‍ഗം നോക്കി ധനസഹായവും പിന്തുണ പ്രഖ്യാപനവും ഉണ്ടാവരുത്. മനുഷ്യത്വമാവണം പരമപ്രധാന പരിഗണനീയ കാര്യം. കടല്‍ത്തൊഴിലാളികള്‍ പാവപ്പെട്ടവരായതിനാല്‍ പരിഗണിച്ചില്ലെന്ന പരാതി ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നായാല്‍ 51 വെട്ടിനേക്കാള്‍ വലിയ വധശ്രമം തന്നെയാണതു ജനാധിപത്യത്തിന്.
ജറുസലം ഇസ്രാഈല്‍ തലസ്ഥാനമാക്കാനുള്ള നീക്കം ഫലസ്തീന്‍ ഇല്ലാതാക്കാനുള്ള അജന്‍ഡയുടെ ഭാഗം തന്നെയാണ്. മൂവായിരം വര്‍ഷങ്ങളായി ജറുസലം യഹൂദതലസ്ഥാനമാണെന്നാണു ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. സഊദി അറേബ്യ യമനില്‍ യുദ്ധം മതിയാക്കുകയും ഇസ്രാഈല്‍ വിരുദ്ധ നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന മുറയ്ക്ക് ഇറാന്‍ നയതന്ത്രം പുനഃസ്ഥാപിക്കുമെന്നു 'റൂഹാനി' നടത്തിയ പ്രസ്താവനയ്ക്ക് അമേരിക്കയുടെ അനുവാദമില്ലാതെ പ്രതികരിക്കാന്‍ സഊദിക്കു സാധിച്ചാല്‍ ജറുസലമില്‍ അമേരിക്കന്‍ എംബസി തുറക്കാന്‍ സാധ്യമാവാനിടയില്ല.
രാജസ്ഥാനില്‍ മുഹമ്മദ് അഫ്‌റസുലിനെ പിറകെ തുടര്‍ന്ന് മഴുകൊണ്ടു വെട്ടി വീഴ്ത്തി, പെട്രോളൊഴിച്ചു ചുട്ടുകൊന്ന ശംഭുലാലിന് അഭിവാദ്യമര്‍പ്പിച്ച് ബി.ജെ.പി എം.പിയും എം.എല്‍.എയും രംഗത്തുവന്നത് മാധ്യമവിചാരണയ്ക്ക് ആരും മുതിര്‍ന്നുകണ്ടില്ല. 'ലൗജിഹാദികള്‍ സൂക്ഷിക്കുക, ശംഭുലാല്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.' എന്ന വാട്‌സ്ആപ്പ് സന്ദേശം അഭിനന്ദനം മാത്രമല്ല ഭീഷണിയും അടങ്ങിയിട്ടുണ്ട്. ഭാരതത്തിന്റെ സൗഹൃദമുഖവും വികൃതമാക്കിയേ അടങ്ങൂവെന്ന വാശിയിലാണു സംഘ്പരിവാര്‍ ശക്തികള്‍ യു.പിയില്‍ ഹിന്ദു യുവവാഹിനി സംഘടനയുണ്ടാക്കി പരമാവധി വര്‍ഗീയതകള്‍ വളര്‍ത്തിയാണു യോഗി ആദിത്യനാഥ് വളര്‍ന്നത്. അവസാനം യു.പി മുഖ്യമന്ത്രിയുമായി. ഇപ്പോള്‍ അഴിമതി കൊടികുത്തിയാണു യുവവാഹിനിയിലെ 2500ലധികം പേര്‍ രാജിവച്ചത്.
സന്ന്യാസികള്‍ക്കെന്തിനാണു പണം. ഐഹികസുഖങ്ങള്‍ ത്യജിച്ചവരാണു സന്ന്യാസികള്‍. ഇപ്പോഴതും തലകീഴായി മറിഞ്ഞു. പണവും പെണ്ണും അധികാരവും നേടാന്‍ മഠങ്ങള്‍ ഒരുക്കുകയാണു കാവിവേഷധാരികള്‍. അതിനൊക്കെ പരവതാനി വിരിക്കലായിരുന്നു ഫാഷിസ്റ്റുകളുടെ നിലപാട്. ഇപ്പോള്‍ സന്ന്യാസികള്‍ തന്നെ ഭരണാധികാരികളായിരിക്കുന്നു.
മുജാഹിദുകള്‍ കൂടിച്ചേര്‍ന്നതില്‍ പിന്നെ നടക്കുന്ന പ്രഥമസമ്മേളനത്തില്‍ ഒരു ലക്ഷം പ്രതിനിധികള്‍ ഒന്നിച്ചൊരിടത്തു സംബന്ധിക്കുമെന്നു സംഘടനയുടെ പ്രധാനപ്പെട്ടവര്‍ തന്നെ പ്രസ്താവന ഇറക്കി. സമ്മേളനങ്ങള്‍ നടത്താനും ആശയങ്ങള്‍ പ്രകാശിപ്പിക്കാനും അവകാശമുണ്ട്. കളവു പറയാനെന്നു കിട്ടി അവകാശം.
ഒരു ലക്ഷം പേര്‍ക്കിരിക്കാനും താമസത്തിനും ഭക്ഷണത്തിനും വിസര്‍ജന സൗകര്യത്തിനും എത്ര ചുരുങ്ങിയാലും 30-40 ഏക്കര്‍ സ്ഥലം വേണം. അഞ്ചുലക്ഷം പേരാണു സമ്മേളനത്തിലെത്തുകയെന്നും പ്രസ്താവനയിലുണ്ട്. എവിടെനിന്ന് ഇറക്കുമതി ചെയ്യും. സംസ്ഥാനത്ത് 500ല്‍ താഴെയാണ് മുജാഹിദ് മഹല്ലുകള്‍. കുഞ്ഞുകുട്ടികളടക്കം കൂട്ടിവന്നാലും ഒരു ലക്ഷം തികയ്ക്കാനാവില്ല. മതസംഘടനയെന്ന നിലയ്ക്ക് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനെങ്കിലും മാന്യത കാണിക്കണമായിരുന്നു. മലപ്പുറം ജില്ലയിലൊരു 'റ' വട്ടത്തിലൊരിടത്ത് അഞ്ചു ലക്ഷം പേരെ അണിനിരത്തുന്ന മാസ്മരികവിദ്യ കാണാന്‍ മാസ്മരിക കണ്ണും കരുതേണ്ടിവരും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആന ഇടഞ്ഞു 11 പേര്‍ക്കു പരുക്കുപറ്റി. ആരാധനാലയങ്ങളിലെ 'ആനാ'ഘോഷങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മരണവും സംഭവിക്കും. മൃഗപീഡനം മേനകാഗാന്ധിപോലും കണ്ടതായി നടിക്കുന്നില്ല. പുലിയെ പിടിക്കാന്‍ സാധുവായ ആട്ടിന്‍കുട്ടിയെ കൂട്ടില്‍ കെട്ടി ഇടുന്ന വനപാലകരെ വിലക്കാന്‍ നിയമം ഇല്ലാത്ത നാടാണു ഭാരതം.
ടോം ജോസിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ വിജിലന്‍സ് ഇപ്പോള്‍ ഇല്ലെന്നും പറയുന്നു. തന്റെ ആത്മസുഹൃത്തിന്റെ പണവും ധനാഢ്യനായ ഭാര്യാപിതാവിന്റെ പണവും കൊണ്ടാണ് ആഡംബര ഫ്‌ളാറ്റും, മഹാരാഷ്ട്രയില്‍ ഗൃഹവും വാങ്ങിയതെന്ന ടോം ജോസിന്റെ വിശദീകരണം വിശ്വാസത്തിലെടുത്തു കുറ്റവിമുക്തനാക്കി കോടതിയില്‍ സത്യവാങ് നല്‍കാന്‍ വിജിലന്‍സിന് ചര്‍മസൗഭാഗ്യം ഉണ്ടായി. ഒരു കുറ്റവാളിയും അധികാരത്തിലുള്ള കാലത്തോളം ശിക്ഷിക്കപ്പെടാന്‍ ഇടയില്ല. പേനകള്‍ പ്രസവിക്കുന്നതല്ലല്ലോ റിപ്പോര്‍ട്ടുകള്‍. അതുപയോഗിക്കുന്നവന്റെ മനഃസാക്ഷി പ്രഖ്യാപിക്കുന്നതാണ്. പണത്തിനു മുകളില്‍ പരുന്തു മാത്രമല്ല വിജിലന്‍സും പറക്കില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോഗം ചേരുന്ന അത്രസമയം കോണ്‍ഗ്രസ്സുകാര്‍ ഉറങ്ങാറുണ്ടാവില്ല. അത്രയധികം സമയം യോഗം ചേരാന്‍ യോഗമുള്ള പാര്‍ട്ടിയാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പ്രധാന അജന്‍ഡ മുഖ്യ ശത്രു നോര്‍മല്‍ ശത്രു വേര്‍തിരിക്കലാണ്. പിന്നെ സമീപനം നിശ്ചയിക്കലും കോണ്‍ഗ്രസിനെ കൂടെ കൂട്ടാനോ അങ്ങോട്ടു പോയി ചേരാനോ പാടില്ലെന്നാണു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. എം.വി.ആറും നായനാരും കൊണ്ടുവന്ന ബദല്‍നിലപാടാണ് സീതാറാം യെച്ചൂരിയുടേത്.ഭൂമിശാസ്ത്രപരമായ ഐക്യം, വംശീയത, മതം, സംസ്‌കാരം, ഭാഷ ഈ അഞ്ച് ഉരക്കല്ലിലാണ് സവര്‍ക്കര്‍ ഫാസിസം ഇന്ത്യയില്‍ സ്ഥാപിച്ചത്. വംശീയതയില്‍ സവര്‍ക്കറും, കാള്‍ മാര്‍ക്‌സും ഏകാഭിപ്രായക്കാരാണ്. കാരാട്ട് വായിച്ചത്ര യെച്ചൂരി മാര്‍ക്‌സിനെ പഠിച്ചിരിക്കില്ലെന്നു കരുതുകയല്ലാതെ മറ്റെന്തു വഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."