എസ്.ബി.ടി ബാങ്ക് ചരിത്രത്തിലേക്ക്; ചെക്കുകള്‍ 31 വരെ മാത്രം
കൊച്ചി: കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍മയാകുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച എസ്.ബി.ടിയുടെ ചെക്കുകളാണ് ഡിസംബര്‍ 31ന് ചരിത്രത്തിലേക്ക് നീങ്ങുന്നത്.
എസ്.ബി.ഐയെ അന്താരാഷ്ട്രതലത്തിലുള്ള മികച്ച 50ബാങ്കുകളില്‍ ഒന്നാക്കി മാറ്റുന്നതിനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എസ്.ബി.ടി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. ജീവനക്കാരുടെ പ്രതിഷേധത്തിനു നടുവില്‍ എസ്.ബി.ടിയുടെ 1177 ശാഖകളില്‍ ചിലത് അടച്ചുപൂട്ടി. മറ്റുള്ളവ എസ്.ബി.ഐ ശാഖയാക്കി മാറ്റിയുമായിരുന്നു ലയനത്തിന്റെ ആദ്യ നടപടി.
പിന്നീട് എ.ടി.എം കാര്‍ഡുകള്‍ പിന്‍വലിച്ചു. എസ്.ബി.ടിയുടേതായ നിരവധി ചെക്ക് ഇടപാടുകള്‍ ലയനത്തിനു മുന്‍പ് നടന്നതിനാലാണ് ചെക്കുകള്‍ അസാധുവാക്കാന്‍ എട്ടുമാസത്തോളം കാലതാമസം നല്‍കിയത്. സെപ്റ്റംബര്‍ 30നു ചെക്കുകള്‍ അസാധുവാകുമെന്ന് ആദ്യം അറിയിപ്പുണ്ടായിരുന്നെങ്കിലും ഇടപാടുകാരുടെ ആവശ്യാര്‍ഥം കാലാവധി നീട്ടി നല്കി.
പുതുക്കിയ ഐ.എഫ്.എസ്.സി കോഡുകളുള്ള എസ്.ബി.ഐയുടെ ചെക്കുബുക്കുകളായിരിക്കും ഇനിമുതല്‍ നല്‍കുക. കേരളത്തില്‍ ഹെഡ്ക്വാര്ട്ടേഴ്സുണ്ടായിരുന്ന എസ്.ബി.ടിക്ക് കേരളത്തില്‍ 852 ശാഖകളാണ് ഉണ്ടായിരുന്നത്. ലയനത്തോടെ ഇതൊക്കെ ഇല്ലാതായി എസ്.ബി.ഐയുടെ നിയന്ത്രണത്തിലായെങ്കിലും ഇടപാടുകള്‍ക്ക് എസ്.ബി.ടിയുടെ ചെക്കുകള്‍ ഉപയോഗിച്ചുവന്നു.
എന്നാല്‍ ഡിസംബര്‍ 31ന് ചെക്കുകള്‍ അസാധുവാകുന്നതോടെ പതിനാറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പടര്‍ന്നു കിടന്ന എസ്.ബി.ടി പൂര്‍ണമായും ചരിത്രമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."