സഊദി അഴിമതിക്കേസ്: 23 പേരെ വിട്ടയച്ചു, വലീദ് രാജകുമാരനും പണം നല്‍കി മോചിതനായേക്കും
റിയാദ്: സഔദിയില്‍ അഴിമതിക്കേസില്‍ പിടികൂടിയവരില്‍ 23 പേരെ വിട്ടയച്ചു. രാജകുമാരന്മാരടക്കം 200 പേരെയാണ് അഴിമതി വിരുദ്ധ സമിതി പിടികൂടിയിരുന്നത്. എന്നാല്‍, എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഇവരെ വിട്ടയച്ചതെന്ന് വ്യക്തമല്ല. പുറത്തു വിട്ടവരുടെ പേര് വിവരങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഇവരില്‍ ഉന്നതരും ഉണ്ടെന്നാണ് സൂചന. പ്രമുഖ സഊദി പത്രമായ ഉക്കാദ് പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഉടന്‍ തന്നെ കൂടുതല്‍ അഴിമതി തടവുകാര്‍ മോചിതരാകുമെന്നും പത്രം വ്യക്തമാക്കി.
എത്രയും പെട്ടെന്ന് തന്നെ അഴിമതി കേസ് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമം തുടങ്ങിയതായും അധികൃതരെ ഉദ്ധരിച്ചു പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് അഴിമതി വിരുദ്ധ സമിതിക്ക് രൂപം നല്‍കിയതിനു തൊട്ടു പിന്നാലെ രാജകുമാരന്മാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ ഉന്നതര്‍ അടക്കം ഇരുന്നൂറിലധികം പേരെ അറസ്റ്റു ചെയ്തത്. ഇതില്‍ ചിലരെ പിന്നീട് വിട്ടയക്കുകയും മറ്റു ചിലര്‍ അഴിമതി വിരുദ്ധ സമിതി കണ്ടെത്തിയ അഴിമതിപ്പണം ഖജനാവിലേക്ക് തിരിച്ചു നല്‍കിയും മോചിതരായിരുന്നു. അഴിമതി കണ്ടെത്തിയ രാജ്യത്തെ രണ്ടായിരത്തിലധികം അക്കൌണ്ടുകള്‍ അധികൃതര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലോകത്തെ സമ്പന്നരില്‍ ഉന്നതനും പ്രമുഖ ബിസിനസ് വ്യക്തിയുമായിരുന്ന അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മോചനവും ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ വന്‍കിട കമ്പനികളുടെ ഉടമ കൂടിയായ ഇദേഹത്തിന്റെ മോചനതിനായി ആറു ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള തുക അധികൃതര്‍ ആവശ്യപ്പെട്ടതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരികപ്പെട്ടിട്ടില്ല.
ഖജനാവിലേക്ക് പണം നല്‍കി പുറത്തിറങ്ങാന്‍ അനുവാദം നല്‍കിയ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ വലീദ് രാജകുമാരന്‍ ഇക്കാര്യത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയും കേസുമായി മുന്നോട്ട് പോകാനാണ് നീക്കമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സമ്പത്തില്‍ ലോക റാങ്കിങ്ങില്‍ 57 ആം സ്ഥാനത്തുണ്ടായിരുന്ന 62 കാരനായ ഇദേഹത്തിന്റെ ആസ്തി 18 ബില്ല്യന്‍ ഡോളര്‍ ആണെന്നാണ് ബിസിനസ് മാധ്യമമായ ബ്ലൂംബെര്‍ഗ് കണ്ടെത്തല്‍. രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നേരത്തെ തന്നെ മോചിതനായിരുന്നു. ഒരു ബില്ല്യന്‍ ഡോളര്‍ നല്‍കിയാണ് ഇദേഹം മോചിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."