2017 കുട്ടികള്‍ക്ക് പേക്കിനാവുകളുടെ വര്‍ഷം: യൂനിസെഫ്
സംഘര്‍ഷ മേഖലകളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധന
യുനൈറ്റഡ് നാഷന്‍സ്: ലോകത്തെ സംഘര്‍ഷ മേഖലകളില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പേക്കിനാവുകളുടെ വര്‍ഷമായിരുന്നു കഴിഞ്ഞതെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കുട്ടികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സമിതിയായ യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ചില്‍ഡ്രന്‍സ് ഫ്രണ്ട്(യൂനിസെഫ്) ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഞെട്ടിപ്പിക്കുന്ന തോതിലുള്ള വര്‍ധനവാണുണ്ടായതെന്നും അതിനെ തടുക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യമന്‍ അടക്കം ആഭ്യന്തര യുദ്ധം രൂക്ഷമായ മേഖലകളില്‍ കുട്ടികളുടെ ജീവിതത്തിന് കടുത്ത ഭീഷണി നേരിടുന്നു. ഭക്ഷണം, വൃത്തിയുള്ള വെള്ളം, ആരോഗ്യ പരിചരണം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. യമനില്‍ മൂന്നു വര്‍ഷത്തിനിടെ 5,000ത്തോളം കുട്ടികള്‍ യുദ്ധത്തിന്റെ കെടുതികള്‍ മൂലവും പട്ടിണിയാലും മരിച്ചു.
ഒരു കോടിയിലേറെ കുട്ടികള്‍ക്ക് അടിയന്തരമായ മാനുഷിക സഹായങ്ങള്‍ അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്. 1.8 മില്യന്‍ കുട്ടികളാണ് പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങള്‍ നേരിടുന്നത്. ഇറാഖിലും സിറിയയിലും കുട്ടികളെ മനുഷ്യ കവചങ്ങളായി പോലും ഉപയോഗിക്കുന്നു. മ്യാന്മരിലെ റോഹിംഗ്യാ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇര കുഞ്ഞുങ്ങളാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമായ ഭീകരസംഘം ബോകോ ഹറാം നൈജീരിയയിലും കാമറൂണിലുമായി 135 കുട്ടികളെ നിര്‍ബന്ധിച്ചു ചാവേറുകളാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലെ കണക്കിന്റെ അഞ്ചിരട്ടിയാണിത്. കോംഗോയില്‍ 8,50,000ത്തോളം കുട്ടികള്‍ വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. മൂന്നര ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു.
കുട്ടികള്‍ക്കുനേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വര്‍ഷം തോറും തുടരുമ്പോള്‍ നിഷ്‌ക്രിയരായി ഇരിക്കാതെ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന് യൂനിസെഫ് എമര്‍ജെന്‍സി പ്രോഗ്രാം ഡയരക്ടര്‍ മാന്വല്‍ ഫോണ്ടൈന്‍ പറയുന്നു. ഇത്തരം ക്രൂരതകള്‍ പുതിയൊരു സ്വാഭാവികതയായി മാറിക്കൂടായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."