ഛിദ്ര ശക്തികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: ലോകം ആദരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യമെന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യുന്ന പ്രവര്‍ത്തനം മാത്രമല്ല.
ഭൂരിപക്ഷത്തോടൊപ്പം ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കും പരിഗണന ലഭിക്കുന്ന അവസ്ഥ ഉണ്ടാവണം. പരസ്പര സൗഹാര്‍ദം പുലര്‍ത്തുകയും സമൂഹത്തില്‍ അടിത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് പരിഗണന ലഭിക്കുമ്പോഴുമാണ് ജനാധിപത്യം അര്‍ഥവത്താകുന്നത്. ഭരണഘടനയിലെ സോഷ്യലിസം എന്ന പദത്തെപ്പറ്റി ഇപ്പോള്‍ കാര്യമായ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആ പദം നീക്കുന്നതിനുള്ള ശ്രമം പോലും നടന്നു കൊണ്ടിരിക്കുകയാണ്. പണാധിപത്യം ജനാധിപത്യത്തെ കീഴടക്കുന്നു. അസമത്വങ്ങളുടെ വിഭിന്ന ശ്രേണിയിലുള്ള ഇന്ത്യ രൂപപ്പെടുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഒരിക്കല്‍ നേടിക്കഴിഞ്ഞാല്‍ അത് എന്നും നിലനില്‍ക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. അത് ഒരു തുടര്‍പ്രവര്‍ത്തനവും ജീവിത ശൈലിയുമായി മാറണം.
വര്‍ധിച്ചുവരുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വര്‍ഗീയ ഫാസിസത്തിനെതിരെയും നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പ്പും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനോടനനുബന്ധിച്ച് വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് നടന്നു. ജില്ലാ ആംഡ് ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടര്‍ ടി.കുമാരന്‍ പരേഡ് നിയന്ത്രിച്ചു. മികച്ച പരേഡ് നടത്തിയ ട്രൂപ്പുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. സായുധ വിഭാഗത്തില്‍ കെ.എ.പി ഒന്ന് ബറ്റാലിയന്‍ ഒന്നാം സ്ഥാനവും, ജില്ലാ സായുധ റസര്‍വ് പൊലിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മറ്റ് വിഭാഗങ്ങളിലെ വിജയികള്‍: പൊലിസ് ഇതര വിഭാഗം: കേരള ഫോറസ്റ്റ്, ഫയര്‍ സര്‍വിസ്, എന്‍.സി.സി. സീനിയര്‍ വിഭാഗം: മേഴ്‌സി കോളജ് പാലക്കാട്, ഗവണ്‍മെന്റ് കോളജ് ചിറ്റൂര്‍, എന്‍.സി.സി. ജൂനിയര്‍ വിഭാഗം: മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം ഗേള്‍സ്, മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം ബോയ്‌സ്.
സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ബോയ്‌സ്: ബി.ഇ.എം.എച്ച്.എസ് പാലക്കാട്, ജി.എച്ച്.എസ് കോട്ടായി.സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ഗേള്‍സ്: ഗവണ്‍മെന്റ് മോയന്‍ ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ് കോട്ടായി. ജൂനിയര്‍ റെഡ്‌ക്രോസ്: പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്. ബി.ഇ.എം.എച്ച്.എസ് പാലക്കാട്.
സ്‌കൗട്ട്‌സ്: ബി.ഇ.എം.എച്ച്.എസ് പാലക്കാട്, പി.എം.ജി.എച്ച്.എസ്.എസ് പാലക്കാട്. ഗൈഡ്‌സ്: ഗവണ്‍മെന്റ് മോയന്‍ ജി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്: ഗവണ്‍മെന്റ് മോയന്‍ ജി.എച്ച്.എസ്.എസ്. ബാന്‍ഡ്: ഗവണ്‍മെന്റ് മോയന്‍ ജി.എച്ച്.എസ്.എസ്, കാണിക്കമാതാ സ്‌കൂള്‍.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷവേളയില്‍ പ്രഖ്യാപിച്ച പൊലിസ് മെഡലുകളും മന്ത്രി വിതരണം ചെയ്തു. എസ്.ഐ.മാരായ കെ കൃഷ്ണന്‍കുട്ടി, എ വേണുഗോപാല്‍, വി.രാമദാസന്‍, ഉമാദേവി, ഷാജിമോന്‍ ടി.എം, ബാലന്‍ ടി, എ.എസ്.ഐമാരായ സന്തോഷ് പി.കെ, ശിവദാസന്‍ എം, വിവേകാനന്ദന്‍ എം. പൊലിസ് ഉദ്യോഗസ്ഥര്‍മാരായ പി.ബി നാരായണന്‍, ജേക്കബ് പി.വി, ടി.ആര്‍ സുനില്‍കുമാര്‍, പി ശ്രീലത മെഡലുകള്‍ ഏറ്റുവാങ്ങി.
എം.ബി രാജേഷ് എം.പി, ഷാഫിപറമ്പില്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, എ.ഡി.എം എസ് വിജയന്‍, ജില്ലാ പൊലിസ് സൂപ്രണ്ട് ഡോ. എ ശ്രീനിവാസ് എന്നിവര്‍ ആഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."