നവാല്‍നിക്കെതിരായ വിലക്ക് റഷ്യന്‍ കോടതി ശരിവച്ചു
മോസ്കോ: പ്രതിപക്ഷ നേതാവ് അലെക്സി നവാല്‍നിയെ തെരഞ്ഞെടുപ്പില്‍നിന്നു വിലക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് റഷ്യന്‍ സുപ്രിംകോടതി ശരിവച്ചു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനാണു വിലക്ക്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കിനെതിരേ നവാല്‍നി സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. നവാല്‍നിക്കെതിരേ ജയില്‍ശിക്ഷ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഈയാഴ്ച കമ്മിഷന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്നലെ കേസ് പരിഗണിക്കവെ നവാല്‍നി കോടതിയില്‍ ഹാജരായിരുന്നില്ല.
മത്സരമില്ലാത്ത തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് കോടതിവിധിയോട് പ്രതികരിച്ച് അലെക്സി നവാല്‍നി ട്വീറ്റ് ചെയ്തു. മാര്‍ച്ച് 18നു നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന് ഈ വര്‍ഷം മൂന്നു തവണ ജയിലിലായിട്ടുണ്ട് നവാല്‍നി. നിയമം ലംഘിച്ച് പൊതുയോഗങ്ങളും റാലികളും സംഘടിപ്പിച്ചെന്ന കുറ്റവും അദ്ദേഹത്തിനെതിരേ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."