ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം പടരുന്നു
തെഹ്‌റാന്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കടുത്ത നടപടികളുമായി ഇറാന്‍ സര്‍ക്കാര്‍. നിയമവിരുദ്ധമായി സംഘം ചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. നിരവധി പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ആഭ്യന്തര മന്ത്രി അബ്ദുറഹ്മാന്‍ റഹ്മാനി ഫസ്‌ലി ആണ് നിയമവിരുദ്ധ സംഘം ചേരുന്നതു വിലക്കിയുള്ള ഉത്തരവ് പുറത്തുവിട്ടത്. ഇത്തരം പ്രക്ഷോഭങ്ങള്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുമെന്നും ഫസ്‌ലി പറഞ്ഞു. വിദേശ ശക്തികളും വിപ്ലവ വിരോധികളുമാണ് പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നിലെന്നും ഇറാന്‍ ആരോപിച്ചു. എന്നാല്‍, തെഹ്‌റാന്‍ സര്‍വകലാശാല അടക്കമുള്ള ചില ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് മുഖവിലക്കെടുക്കാതെ പ്രക്ഷോഭം തുടരുകയാണ്.
അതിനിടെ, പതിനായിരങ്ങള്‍ സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യങ്ങളുമായും തെരുവിലിറങ്ങിയിട്ടുണ്ട്. ഇറാന്‍ പതാകയേന്തിയും സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യം മുഴക്കിയുമുള്ള റാലി സര്‍ക്കാര്‍ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു. എന്നാല്‍, ഭരണവിരുദ്ധ റാലി ടെലിവിഷന്‍ ചാനലുകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല.
ഭക്ഷ്യ-ഇന്ധന വിലകള്‍ കുതിച്ചുയരുന്നതിലും തെറ്റായ സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് വ്യാഴാഴ്ചയാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടക്കമായത്. അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള പുരോഹിത ഭരണത്തിനെതിരേയുള്ള അമര്‍ഷമുള്ളവരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഖാംനഇക്കും പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും എതിരേയാണ് സമരക്കാര്‍ മുദ്രാവാക്യം മുഴക്കുന്നത്.
'സിറിയയുടെ കാര്യം വിടൂ, ഞങ്ങളെ രക്ഷിക്കൂ' തുടങ്ങിയ പ്ലക്കാര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മശ്ഹാദിലാണ് സംഭവങ്ങള്‍ക്കു തുടക്കമായത്. ഇവിടെ 52 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ച കൂടുതല്‍ നഗരങ്ങളിലേക്ക് പ്രക്ഷോഭം പടരുകയായിരുന്നു. ഇന്നലെയും പ്രതിഷേധം തുടര്‍ന്നതോടെയാണ് പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇറാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങളെ മാനിക്കണമെന്ന് അമേരിക്ക പ്രതികരിച്ചു. എല്ലാ രാജ്യങ്ങളും ഇറാന്‍ ജനതയ്ക്കു പിന്തുണ നല്‍കണമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ ഹക്കബീ സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്നത് ലോകം വീക്ഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍, അമേരിക്കയുടേത് അവസരവാദപരമായ നിലപാടാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഇത്തരം അവസരവാദപരമായ അഭിപ്രായങ്ങളെ ഇറാന്‍ ജനത മുഖവിലക്കെടുക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
2009ല്‍ ഭരണ പരിഷ്‌കരണവാദികള്‍ നടത്തിയ ഗ്രീന്‍ മൂവ്‌മെന്റിനു ശേഷം രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റയമായാണു പുതിയ സംഭവങ്ങളെ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."