ഫിറ്റ്നസ് ഇല്ല; ഓരി എ.എല്‍.പി സ്കൂള്‍ കെട്ടിടം അടച്ചുപൂട്ടി
ചെറുവത്തൂര്‍: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു ചെറുവത്തൂര്‍ ഉപജില്ലയിലെ ഓരി എ.എല്‍.പി സ്കൂള്‍ കെട്ടിടം അടച്ചുപൂട്ടി. സ്കൂളിലെ അറുപതു കുട്ടികളുടെ പഠനം തൊട്ടടുത്ത ക്ഷേത്ര ഓഡിറ്റോറിയത്തിലെ ഭക്ഷണശാലയിലേക്കു മാറ്റി. 1937ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ ഇപ്പോഴും പ്രീ കെ.ഇ.ആര് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും അധ്യയനം ആരംഭിക്കുന്നതിനു മുന്‍പു വിദ്യാലയങ്ങള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ കാലപ്പഴക്കവും അപകടാവസ്ഥയും കണക്കിലെടുത്ത് എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍ ഈ വിദ്യാലയത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. വിദ്യാലയത്തിന്റെ പ്രവര്‍ത്തനം സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറ്റണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഓഡിറ്റോറിയത്തിലെ ഭക്ഷണശാലയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയാണുള്ളത്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."