പ്രതീക്ഷയോടെ 2024 നെ വരവേറ്റ് ലോകം, എങ്ങും ആഘോഷം; നൊമ്പരമായി ഫലസ്തീനും യുക്രൈനും
പ്രതീക്ഷയോടെ 2024 നെ വരവേറ്റ് ലോകം, എങ്ങും ആഘോഷം; നൊമ്പരമായി ഫലസ്തീനും യുക്രൈനും
ന്യൂഡൽഹി: പുതിയ കലണ്ടർ വർഷത്തിലേക്ക് കടന്ന് ലോകം. പ്രത്യാശയുടെ പ്രതീക്ഷയായി 2024 നെ ലോകം വരവേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും ലൈറ്റ് ഷോകളും മറ്റു പരിപാടികളുമായാണ് 2024 ലെ ആദ്യദിനത്തെ വരവേറ്റത്. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. ഇന്ത്യയിൽ മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം എല്ലാം ആഘോഷങ്ങൾ നടന്നു. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്‌ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും 2024 നെ സ്വീകരിച്ചു. ലോകത്തിലെ തന്നെ പ്രധാന ആഘോഷങ്ങൾക്ക് ലണ്ടനും ദുബൈയും വേദിയായി. വൻ കരിമരുന്ന് പ്രകടനമാണ് ഇവിടെ നടന്നത്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ മനുഷ്യവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ഇന്ത്യയിൽ ജനുവരി 1 പകല്‍ 4.30 നാണ് ഇവിടെ പുതുവർഷമെത്തുക.
ലോകം മുഴുവൻ ആഘോഷത്തോടെ 2024 നെ സ്വീകരിച്ചപ്പോൾ യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ഫലസ്തീനിലും യുക്രൈനിലും ആഘോഷങ്ങൾ ഇല്ല. ഗസ്സയിലെ ഇസ്രാഈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുവത്സര ആഘോഷങ്ങൾ വേണ്ടെന്ന് വെച്ച് പാകിസ്ഥാനും യുഎഇയിലെ ഷാർജ എമിറേറ്റും മനുഷ്യത്വത്തിന്റെ പ്രതീക്ഷ 2024 ലേക്കും ബാക്കി വെച്ചു. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."