ധീരം, കോൺഗ്രസ്നിലപാട്
ഈ മാസം 22ന്, അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് തീരുമാനം ഇന്ത്യയുടെ ഇനിയും വറ്റാത്ത മതേതര പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്. രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ധീരവും ശ്ലാഘനീയവുമാണ്. രാമക്ഷേത്രോദ്ഘാടന ചടങ്ങ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ അജന്‍ഡയാണെന്ന തിരിച്ചറിവും ആ ചതിക്കുഴി ചാടിക്കടക്കാനുള്ള രാഷ്ട്രീയജാഗ്രതയുമാണ് സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം കാണിച്ചത്. കോൺഗ്രസ് എക്കാലത്തും ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെ കരൾ തൊട്ടുള്ള നിശ്ചയദാർഢ്യം തന്നെയാണിത്.
ശ്രീരാമതീര്‍ഥ ട്രസ്റ്റ് പ്രതിനിധികൾ നേരില്‍ സന്ദര്‍ശിച്ചാണ് ചടങ്ങിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം, ബി.ജെ.പി വോട്ടുതേടാനുള്ള ആയുധമാക്കുമെന്ന ആശങ്കയൊന്നും കോണ്‍ഗ്രസിനെ അലട്ടുകയില്ലെന്നു മാത്രമല്ല മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഈ തീരുമാനം കരുത്തുപകരുകയും ചെയ്യും.
ബാബരി മസ്ജിദ് പൊളിച്ചിടത്ത് അധികാരത്തിന്റെയും പേശീബലത്തിന്റെയും ധാര്‍ഷ്ട്യത്തില്‍ കെട്ടിപ്പൊക്കിയ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്നറിഞ്ഞപ്പോൾ ആ അനീതിയുടെ പങ്കുപറ്റരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആദ്യം ആവശ്യപ്പെട്ടത് "സുപ്രഭാതം' പത്രം ആയിരുന്നു. രാജ്യത്തിന്റെ മതേതര മനസിന് മുറിവേല്‍ക്കുന്ന ഒരു കാര്യത്തിനും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കരുതെന്ന അകം നിറഞ്ഞ ആഗ്രഹം ഒന്നുകൊണ്ട് മാത്രമായിരുന്നു ഡിസംബര്‍ 27ന് "സുപ്രഭാതം' മുഖപ്രസംഗത്തില്‍ ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചത്.
രാജ്യത്തെ ജനാധിപത്യ വിശ്വാസികളും ദേശീയമാധ്യമങ്ങളും ഉള്‍പ്പെടെ ഈ വിഷയം ഏറ്റെടുത്തതു ഞങ്ങളുടെ നേട്ടമല്ല, ഇനിയും നിലയ്ക്കാത്ത ബഹുസ്വരതയുടെ വിജയമാണ്. അപ്പോഴും "സുപ്രഭാത'ത്തിന്റെ നിലപാട് അപക്വമെന്നും അസ്ഥാനത്തെന്നും പരിഹസിച്ചവരോട് തരിമ്പും ഈര്‍ഷ്യയില്ലെന്നു മാത്രം.
മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന നെഹ്‌റുവിയന്‍ മാതൃക സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കെടാതെ കാക്കുന്നുവെന്നതുതന്നെയാണ് രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും മുന്‍പുള്ള ഉദ്ഘാടനമാമാങ്കം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ളതുതന്നെ എന്നുമാണ് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ കാലങ്ങളായി സംഘ്പരിവാര്‍ ശക്തികളുടെ മസ്തിഷ്‌കത്തിലുണ്ട്. അയല്‍രാജ്യങ്ങളായ പാക്കിസ്താനെയും അഫ്ഗാനിസ്ഥാനെയും പോലെ ഇന്ത്യയേയും മതംകൊണ്ട് അതിരിടാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ആര്‍.എസ്.എസിന്റെ ശതാബ്ദി വര്‍ഷമായ രണ്ടായിരത്തി ഇരുപത്തഞ്ചോടെ ഇന്ത്യയെ ഹിന്ദുത്വയുടെ പേരിലാക്കാമെന്നാണ് ഈ വിഭാഗങ്ങളുടെ കണക്കുകൂട്ടല്‍. അത്തരം കുറുക്കന്‍ തന്ത്രങ്ങളില്‍ വീണുപോകാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ സൂക്ഷിക്കുന്നുവെന്നത് ശുഭകരമാണ്.
ഒരു മതത്തെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നത് നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പൊതുതത്വമാണ്.
സുപ്രിംകോടതിയുടെ ശ്രദ്ധേയമായ പല വിധികളും ഇത് അടിവരയിടുന്നുമുണ്ട്. എന്നാല്‍, അയോധ്യയില്‍ 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമാണ്.
പ്രതിഷ്ഠാ ചടങ്ങിലേക്ക് ആളുകളെ എത്തിക്കാന്‍ ആയിരത്തിലേറെ ട്രെയിന്‍ അയോധ്യയിലേക്ക് ഓടിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായി കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ മോദിയുടെ ചിത്രത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള സെല്‍ഫി പോയിന്റുകളും സജ്ജീകരിച്ചിരിക്കുന്നു.
കോടിക്കണക്കിനു രൂപയാണ് ഇത്തരം ക്രമീകരണങ്ങൾക്ക് റെയില്‍വേ പൊടിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് ഇതൊക്കെ. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഇത്തരം അന്യായങ്ങള്‍ക്കുകൂടിയാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് സാക്ഷ്യംവഹിക്കുന്നതെന്ന കാര്യം ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളുടെ ഓര്‍മയിലുണ്ടാവണം. ആ ഓര്‍മകള്‍ ജ്വലിപ്പിച്ചുനിര്‍ത്താന്‍ ഇന്‍ഡ്യാ സഖ്യത്തിനു കഴിയണം. സഖ്യത്തെ മുന്നില്‍നിന്നു നയിക്കാനുള്ള മനസ്സാന്നിധ്യവും ധീരതയും അതേസമയം വിട്ടുവീഴ്ചാ മനോഭാവവും കോണ്‍ഗ്രസിനുണ്ടാവണം. ഒപ്പം, മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബി.ജെ.പിയുടെ കുത്സിതങ്ങളെ നേരിടാനുള്ള രാഷ്ട്രീയവിവേകവും കോണ്‍ഗ്രസ് തുടരണം.
2024 പ്രതീക്ഷകളുടെ വര്‍ഷമാണെന്ന് ഈ ജനുവരിയില്‍ നമുക്ക് പ്രത്യാശിക്കാം.
ഒരു കാര്യംകൂടി ഇതിനൊപ്പം കുറിക്കട്ടെ; ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതിനു മുന്നോടിയായി രാജ്യമൊട്ടുക്ക് രഥയാത്രയുമായി മുന്നിട്ടിറങ്ങിയ ബി.ജെ.പി നേതാക്കളായ മുരളി മനോഹര്‍ ജോഷിയേയും എല്‍.കെ അദ്വാനിയേയും ചടങ്ങില്‍ നിന്ന് രാമജന്മഭൂമി തീർഥ ട്രസ്റ്റ് ഒഴിവാക്കിയത് തങ്ങളുടെ ശോഭ മങ്ങുമോ എന്ന മോദി, ആദിത്യനാഥുമാരുടെ ഭയം കൊണ്ടാണെങ്കിലും അതില്‍ കാലം കാത്തുവച്ചൊരു കാവ്യനീതിയുണ്ട്.
രാജ്യത്തിന്റെ മതേതര മനസിനുമുകളില്‍കൂടി രഥം തെളിക്കുമ്പോള്‍ അദ്വാനിയും ജോഷിയുമൊക്കെ ആഗ്രഹിച്ചത് പള്ളിപൊളിച്ചിടത്ത് എന്നെങ്കിലും അമ്പലം ഉയരുമെന്നും അന്നും തങ്ങള്‍തന്നെയാവും അതിന്റെ കാര്യകര്‍ത്താക്കള്‍ എന്നുമായിരുന്നു. ഇന്നിപ്പോള്‍ പ്രായാധിക്യത്തിന്റെയും ശാരീരികാവശതകളുടെയും പേരുപറഞ്ഞ് ഇവരെയൊക്കെ മാറ്റിനിര്‍ത്തുമ്പോള്‍ അതിന് ഈ രാജ്യത്തെ ലക്ഷക്കണക്കിന് മത-_മതേതര വിശ്വാസികളുടെ കണ്ണീരിന്റെ കണക്കുകൂടിയുണ്ട്. ഇതേ കണ്ണീരും പ്രാര്‍ഥനകളും ഒരുനാള്‍ ഇന്നത്തെ കൊണ്ടാട്ടക്കാരുടെയും കാല്‍ക്കീഴിൽ ശാപവർഷമായി പെയ്തിറങ്ങാതിരിക്കില്ല. ജനാധിപത്യ വിശ്വാസികൾ അതിനെ വിധിയെന്നു വിളിക്കുമ്പോൾ വിശ്വാസികൾ, ദൈവഹിതം എന്നുകൂടി ചേർത്തുവിളിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."