സമൂഹത്തെ പിറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രത വേണം: മന്ത്രി
കോഴിക്കോട്: രാജ്യത്തിന്റെ മതപരവും ദാര്‍ശനികവുമായ പുരോഗമന പ്രവണതകളെ നിഷേധിച്ച് പിന്തിരിപ്പന് വശങ്ങളെ പിന്താങ്ങി സമൂഹത്തെ പിറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട് വിക്രം മൈതാനിയില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് എല്ലാവരും ലക്ഷ്യമാക്കേണ്ടത്. എല്ലാ ജാതി മതസ്ഥര്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും തുല്യ അവകാശത്തോടെ ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണം. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും വേദന കാണാതിരിക്കാനാവില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരലാണ് ഏറ്റവും വലിയ രാജ്യസ്നേഹം. പരിസ്ഥിതി സംരക്ഷണവും വിഷരഹിത ഭക്ഷണവും ലഹരിമുക്ത സമൂഹവും പ്രഥമ പരിഗണന നല്‍കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്റ, എ.ഡി.എം ടി. ജനില്‍കുമാര്‍, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, അസിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖരന് പങ്കെടുത്തു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന പരേഡില്‍ പൊലിസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യു എന്നീ സേനാ വിഭാഗങ്ങളും എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗങ്ങളും അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."