രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ യു.എസില്‍ മരിച്ച നിലയില്‍
ഹൈദരാബാദ്: ഉന്നതപഠനത്തിനായി യുഎസിലെ കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് മരിച്ചത്. മുറിയില്‍ ഉറങ്ങിക്കിടന്ന ഇരുവരെയും ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഡിസംബര്‍ 28നാണ് വിദ്യാര്‍ഥികള്‍ കണക്റ്റികട്ടിലെത്തിയത്. ഹാര്‍ട്ട്‌ഫോര്‍ഡിലെ സേക്രഡ് ഹാര്‍ട്ട് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തിയ വിദ്യാര്‍ഥികളെ, ഞായറാഴ്ച രാവിലെ കൂട്ടുകാര്‍ വിളിക്കാനെത്തിയെങ്കിലും വാതില്‍ തുറന്നില്ല. സംശയം തോന്നി പൊലീസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് എത്തിയപ്പോള്‍ അനക്കമില്ലാത്തനിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍നിന്ന് പുറത്തുവന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആയിരിക്കാം മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ യു.എസില്‍ മരിച്ച നിലയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."