റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള തെരഞ്ഞെടുപ്പ്: അയോവ കോക്കസില്‍ ട്രംപിന് ജയം
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള തെരഞ്ഞെടുപ്പ്: അയോവ കോക്കസില്‍ ട്രംപിന് ജയം
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് ജയം. റിപബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസില്‍ നിര്‍ണായക വിജയം നേടിയത്. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ മിന്നും വിജയം. നിരവധി നിയമക്കുരുക്കുകളില്‍ പെട്ടുനില്‍ക്കുമ്പോഴാണ് മുന്‍ യു.എസ് പ്രസിഡന്റിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.
മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം മാത്രമാണു കഴിഞ്ഞ ദിവസം നടന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കുള്ള യോഗ്യത വോട്ടെടുപ്പിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുന്നു ട്രംപ്. രക്തമുറഞ്ഞ് പോകുന്ന തണുപ്പിനേയും മറികടന്നാണ് വോട്ടര്‍മാര്‍ ട്രംപിനായി അണിനിരന്നത്. ജനുവരി 15, പ്രാദേശിക സമയം വൈകീട്ട് 7 മണിക്കാണ് അയോവ കോക്കസ് ആരംഭിച്ചത്. നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികവും, കുടിയേറ്റവുമാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന വിഷയമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കി.
റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ. ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 53.3 ശതമാനം വോട്ട് നേടിയാണ് ട്രംപിന്റെ വിജയം. 22,855 വോട്ടാണ് ട്രംപിനു ലഭിച്ചത്. പ്രധാന എതിരാളികളായ റോണ്‍ ഡിസാന്റിസിന് 8,601 വോട്ടും(20 ശതമാനം), നിക്കി ഹാലിക്ക് 7,822 വോട്ടും(18.2 ശതമാനം) ആണു ലഭിച്ചത്. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി 3,278(7.6 ശതമാനം) വോട്ടുമായി പിന്നിലാണ്.
റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആകെ 1,215 ഡെലിഗേറ്റുകളുടെ പിന്തുണയാണു വേണ്ടത്. ഇന്നത്തെ വിജയത്തോടെ ഇതുവരെ 16 ഡെലിഗേറ്റുകളെയാണ് ട്രംപ് സ്വന്തമാക്കിയത്. ഡിസാന്റിസിന് നാലും ഹാലിക്കും നാലു വീതം ഡെലിഗേറ്റുകളുടെ പിന്തുണയാണു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."