അനീതിയുടെ പരമ്പരയായി കോടതിവിധികൾ അയോധ്യയിൽനിന്ന്
കെ.എ സലിം
'500 വർഷത്തിലധികം നീണ്ട പോരാട്ടങ്ങളാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അവസാനിക്കുന്നത്'-അയോധ്യ രാംഘട്ട് ചൗരഹിലെ ശ്രീരാം ജന്മഭൂമി തീർഥ്ക്ഷേത്ര ഓഫിസിലിരുന്ന് പ്രമോദ് മജൂംദാർ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് പ്രമോദ് മജൂംദാർ. രാംഘട്ട് ചൗരഹിലെ ഓഫിസ് താൽക്കാലികമാണ്. ക്ഷേത്രനിർമാണത്തിനുള്ള തൂണുകൾ പുറത്ത് നിരത്തിയിട്ടുണ്ട്. അവിടെ സ്ത്രീകളടങ്ങുന്ന ജോലിക്കാർ തൂണുകളിൽ കൊത്തുപണി നടത്തുന്നു. 1992ൽ ബാബരി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ, സുപ്രിംകോടതി വിധിവരുന്നതിന് 27 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തൂണുകൾ തയാറാക്കുന്ന ജോലി.
അതായത് ബാബരി ഭൂമിയിൽ ക്ഷേത്രം പണിയുമെന്ന് സംഘ്പരിവാർ നേരത്തെ തീരുമാനിച്ചിരുന്നു എന്നു സൂചകം. ഈ തീരുമാനങ്ങൾക്ക് അനുകൂലമായാണ് ബാക്കിയുള്ള കോടതിവിധികൾ പോലുമുണ്ടാകുന്നത്. ഡൽഹിയിൽ നിരവധി കാലം മാധ്യമപ്രവർത്തകൻകൂടിയായിരുന്ന പ്രമോദ് മജൂംദാർ കൂടെവന്ന് ക്ഷേത്ര തൂണുകളുടെ വിശേഷങ്ങൾ ഇങ്ങനെ പങ്കുവച്ചു: "ഒരു മാസംകൊണ്ടാണ് ഒരു തൂണിന്റെ കൊത്തുപണി തീരുന്നത്. തൂണുകൾ പരസ്പരം ഘടിപ്പിച്ചുവയ്ക്കും. സിമന്റോ ഇരുമ്പോ ഉപയോഗിക്കാതെയുള്ള ക്ഷേത്രമാണ് നിർമിക്കുന്നത്. രാമക്ഷേത്രമെന്ന ആവശ്യത്തിൽ നിരവധി പേരാണ് ജീവൻ വെടിഞ്ഞത്. പോരാട്ടം ലക്ഷ്യം കാണുന്ന ഈ ഘട്ടത്തിൽ അവർ കൂടെയില്ലെന്ന സങ്കടമുണ്ട്. മുസ്‌ലിംകൾക്ക് ഇവിടെ ക്ഷേത്രമുയരുന്നതിൽ സങ്കടമുണ്ടാകേണ്ട കാര്യമില്ല.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന, മറ്റനേകം ശാസ്ത്ര പരിശോധനകൾ തുടങ്ങിയവയ്ക്കുശേഷമാണ് സുപ്രിംകോടതി വിധി പറഞ്ഞത്. തുടർന്ന് ക്ഷേത്രനിർമാണത്തിന് പണം തന്നു സഹായിച്ച മുസ്‌ലിംകൾ അനവധിയുണ്ട്'. രാമക്ഷേത്രം എല്ലാവരുടേയുമാണെന്നും പ്രമോദ് മജൂംദാർ പറയുന്നു. എന്നാൽ, വസ്തുതകൾ അതല്ല. 1885 ഡിസംബർ 24ന് ശ്രീരാമജന്മഭൂമിയിലെ മുഖ്യപുരോഹിതനാണെന്ന് അവകാശപ്പെട്ട രഘുബീർദാസ് ഫൈസാബാദ് കോടതിയിൽ നൽകിയ ഹരജിയാണ് ബാബരി തർക്കത്തിന്റെ തുടക്കം. ബാബരി മസ്ജിദിന്റെ പുറംമതിലിനകത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകണമെന്നായിരുന്നു അപേക്ഷ. എന്നാൽ ഈ ഹരജിയിൽ പോലും ബാബരി മസ്ജിദിന്റെ അസ്തിത്വം അംഗീകരിച്ചിരുന്നു.
മസ്ജിദിന്റെ സ്ഥാനം ആമീൻ ഗോപാൽസാഹി തയാറാക്കിയ സൈറ്റ്പ്ലാനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പള്ളിവളപ്പിൽ ക്ഷേത്രം പണിയാൻ അനുമതി നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സബ്ജഡ്ജി പണ്ഡിറ്റ് ഹരികിഷൻ അപേക്ഷ തള്ളിക്കളഞ്ഞു. തുടർന്ന് ഫൈസാബാദ് ഡിസ്ട്രിക്റ്റ് ജഡ്ജി കേണൽ ജെ.ഇ.എ ചാംബിയറിന്റെ മുമ്പാകെ രഘുബീർ ദാസ് അപ്പീൽ സമർപ്പിച്ചുവെങ്കിലും അതും കോടതി തള്ളി. എന്നാൽ ഈ സംഭവങ്ങൾ നടന്നത് സ്വതന്ത്ര ഇന്ത്യയിലായിരുന്നില്ല എന്നോർക്കണം. സ്വതന്ത്ര ഇന്ത്യയിൽ ഒരു കോടതിയിലും ബാബരി മസ്ജിദിന് നീതി കിട്ടിയില്ല.
1883ൽ പള്ളിക്ക് പുറത്തുള്ള പ്ലാറ്റ്ഫോമിൽ ക്ഷേത്രം പണിയാൻ അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ പള്ളിയുടെ അകത്താണ് രാമൻ ജനിച്ചതെന്ന വാദം ഉന്നയിച്ചിരുന്നില്ല. തങ്ങൾക്ക് ആരാധിക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ പള്ളിവളപ്പിൽ ക്ഷേത്രം പണിയണമെന്നായിരുന്നു രഘുബീർ ദാസിന്റെ വാദം. 1949ൽ പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പള്ളിയുടെ അസ്തിത്വം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. ബാബരി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് തുറന്നുകൊടുക്കാൻ ഉത്തരവിട്ട ഫൈസാബാദ് ജില്ലാജഡ്ജി കെ.എം പാണ്ഡെയുടെ 1986ലെ വിധിയാണ് മറ്റൊന്ന്. കെ.എം പാണ്ഡെ 1991ൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ എന്തുകൊണ്ട് താൻ ഇത്തരത്തിൽ വിധിപറഞ്ഞുവെന്ന് വെളിപ്പെടുത്തുന്നുണ്ട്.
വിധിപറയുന്ന അന്ന് ഒരു കുരങ്ങൻ കോടതിയുടെ മേൽക്കൂരയ്ക്കു മുകളിൽ കൊടിമരത്തിൽ പിടിച്ചിരിപ്പായത്രെ. വിധി കേൾക്കാനെത്തിയവർ കുരങ്ങന് പഴങ്ങൾ എറിഞ്ഞുകൊടുത്തെങ്കിലും അത് ഒന്നും കഴിച്ചില്ല. ഇത് ഹനുമാന്റെ സാന്നിധ്യമാണെന്ന ഞാൻ കരുതി. അതോടെ പള്ളി ഹിന്ദുക്കൾക്കായി തുറന്നുകൊടുക്കാൻ ഉത്തരവിട്ടു. വൈകിട്ട് 4..40ന് ഞാൻ വിധി പറഞ്ഞതോടെ കുരങ്ങൻ അപ്രത്യക്ഷമായി. വൈകിട്ട് ജില്ലാ കലക്ടർക്കും എസ്.എസ്.പിയ്ക്കുമൊപ്പം വീട്ടിലെത്തിയപ്പോൾ അതേ കുരങ്ങൻ തന്റെ വീടിന്റെ വരാന്തയിലിരിക്കുന്നു. ഞാൻ കുരങ്ങനെ അഭിവാദ്യം ചെയ്തു. രാമന് അനുകൂലമായി വിധിപറഞ്ഞ തന്നെ അനുഗ്രഹിക്കാൻ ഹനുമാൻ വേഷം മാറി എത്തിയതായിരുന്നു കുരങ്ങനെന്ന് പാണ്ഡെ പറയുന്നു.
എന്നാൽ പാണ്ഡെ എന്താണ് വിധിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അദ്ദേഹം വിധി പറയുന്നതിനുമുമ്പുതന്നെ പള്ളിയുടെ പൂട്ടു തുറക്കുന്നത് കാണാൻ ആയിരങ്ങൾ അയോധ്യയിൽ തടിച്ചുകൂടിയിരുന്നുവത്രെ. പൂട്ടു തുറക്കുമ്പോൾ അകത്ത് ദൂരദർശൻ കാമറമാൻ എല്ലാം പകർത്താൻ തയാറായി നിൽപ്പുണ്ടായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു അയോധ്യയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ എഴുതുന്നുണ്ട്. മറ്റൊരു അനീതി 1992ൽ പള്ളിക്കടുത്ത് പ്രതീകാത്മക കർസേവ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രിംകോടതി നൽകിയ വിധിയാണ്. ഹിന്ദുത്വർക്ക് പള്ളിവളപ്പിലേക്ക് കയറിവരാനും ഡിസംബറിൽ പള്ളി തകർക്കാനും സാഹചര്യമൊരുക്കിയത് ഈ വിധിയായിരുന്നു.
കോടതി ഉത്തരവിന് വിരുദ്ധമായി പള്ളിവളപ്പിൽ കർസേവകർക്ക് പ്ലാറ്റ്ഫോം നിർമിക്കാൻ അനുവദിച്ച ഉത്തർപ്രദേശിലെ കല്യാൺസിങ് സർക്കാരിന്റെ 1992 ജൂലൈയിലെ നടപടിക്കെതിരേ കോടതിയലക്ഷ്യ നോട്ടിസ് നിലനിൽക്കവെയാണ് സുപ്രിംകോടതി ഇത്തരത്തിലൊരു അനുമതി നൽകിയത്. ഈ കോടതിയലക്ഷ്യക്കേസിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന വെങ്കിടാചലയ്യയും നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കല്യാൺ സിങ്ങിന് വിധിച്ചത് ഒരു ദിവസത്തെ തടവുമാത്രം. എന്നാൽ പള്ളി തകർക്കാൻ അനുമതി നൽകിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കോടതിയലക്ഷ്യ നടപടിയിൽ കല്യാൺസിങ് സർക്കാരിനെതിരേ നിയമത്തിന്റെ ചെറുവിരലനക്കാൻപോലും സുപ്രിംകോടതി തയാറായില്ല.
ബാബരി പള്ളിയും മുസ്‌ലിം ഖബർസ്ഥാനും നിന്നിരുന്ന 2.77 ഏക്കർ സ്ഥലം മൂന്നായി പകുത്ത് നൽകണമെന്ന 2010 സെപ്റ്റംബർ 30ലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചിന്റെ വിധിയായിരുന്നു സമകാലിക ഇന്ത്യയിലെ മറ്റൊരു അനീതി. പള്ളിയുടെ മധ്യമിനാരം ഉൾക്കൊള്ളുന്ന സുപ്രധാനഭാഗം ഹിന്ദുക്കൾക്ക്. ഛാബുത്രയും സീതയുടെ അടുക്കളയും ഉൾക്കൊള്ളുന്ന ഭാഗം കേസിലെ പഴയകാല കക്ഷിയായ നിർമോഹി അഘാരയ്ക്ക്. ബാക്കിവരുന്ന ക്രമരഹിതമായ ഭാഗം മുസ്‌ലിംകൾക്ക്-ഇങ്ങനെയാണ് ജസ്റ്റിസുമാരായ ധരംവീർ ശർമ്മ,
സുധീർ അഗർവാൾ, സിബ്ഖത്തുല്ലാ ഖാൻ എന്നിവരുടെ വിധി. മുസ്‌ലിംകളുടെ ഭാഗം എങ്ങനെയെല്ലാമായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. മൂന്നിലൊന്നിൽ ഒട്ടും കുറയരുതെന്ന് മാത്രമാണ് കൽപന. 1949 ഡിസംബർ 22, 23 രാത്രിയിൽ പള്ളിയിൽ വിഗ്രഹം നിയമവിരുദ്ധമായി സ്ഥാപിക്കുകയായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയും സമ്മതിക്കുന്നു. എന്നാൽ ഈ വിഗ്രഹം നീക്കം ചെയ്യേണ്ടതില്ലെന്നും സുസ്ഥിരമായ സുരക്ഷിതത്വം ഉറപ്പാക്കുംവിധം ഈ ഭാഗം ഹിന്ദുക്കൾക്ക് നൽകണമെന്നുമുള്ള വൈരുധ്യമാർന്ന വിധിയാണ് അലഹബാദ് ഹൈക്കോടതിയുടേത്. എങ്കിലും ഈ ഭൂമിയിൽ മുസ്‌ലിംകളുടെ അവകാശത്തെ ഭാഗികമായെങ്കിലും ഹൈക്കോടതി അംഗീകരിച്ചിരുന്നു. സുപ്രിംകോടതിയാകട്ടെ ഇതിനു പകരം ഭൂമി നൽകാവുന്ന വെറുമൊരു ഭൂമിത്തർക്കമായാണ് കണ്ടത്.
അയോധ്യയിൽ രാത്രിയിലെ കടുത്ത തണുപ്പിലും ബാബരി ഭൂമി നിലനിന്നിടത്ത് രാമക്ഷേത്രത്തിന്റെ പണി അതിവേഗത്തിൽ നടക്കുന്നുണ്ടായിരുന്നു. 22ന് വിഗ്രഹം സ്ഥാപിക്കുന്ന പ്രാണപ്രതിഷ്ഠാ കർമം പ്രധാനമന്ത്രി നടത്താൻ പോകുകയാണെങ്കിലും ക്ഷേത്ര സമുച്ചയത്തിന്റെയും പണി പൂർത്തിയായിട്ടില്ല. അകത്ത് നവീകരണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ്. ഗർഭഗൃഹത്തിന്റെ വാതിലിൽ സ്വർണം പൂശുന്ന പണികൾ പൂർത്തിയായി. തീർഥാടകരെത്തുന്ന പ്രധാനവഴിയുടെ പണിയും ഏതാണ്ട് പൂർത്തിയായി. മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും വലിയ ശബ്ദത്തോടെ പ്രവർത്തിക്കുന്നു. തൊട്ടടുത്ത് രാമ വിളികളുമായി താൽക്കാലിക വിഗ്രഹത്തിൽ ദർശനം നടത്തുന്ന ആൾക്കൂട്ടം. അയോധ്യ നഗരത്തെയാകെ കടുത്ത മൂടൽ മഞ്ഞ് വലയം ചെയ്തിരിക്കുന്നു.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."