കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റി
കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റി
കണ്ണൂർ: കണ്ണൂർ - ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ സമീപം ഇന്ന് രാവിലെയാണ് അപകടം. ഷണ്ടിങിനിടെയാണ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റിയത്. പാളം തെറ്റിയ ബോഗികൾ സിഗ്നൽ പോസ്റ്റ് ഇടിച്ച് തകർത്തു. ആളുകൾ കയറുന്നതിന്റെ മുൻപായാതിനാൽ അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തിന് പിന്നാലെ കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് വൈകി സർവീസ് ആരംഭിച്ചു. രാവിലെ 5.10നാണ് ട്രെയിൻ കണ്ണൂരിൽ നിന്നു പുറപ്പെടുന്നത്. എന്നാൽ ഇന്ന് 6.43 ഓടെയാണ് സർവീസ് ആരംഭിച്ചത്. നിലവിൽ ട്രെയിൻ രണ്ട് മണിക്കൂറോളം വൈകിയാണ് ഓടുന്നത്. ബോഗികൾ പാളം തെറ്റിയതിന് പിന്നാലെ ഈ കോച്ചുകൾ ഒഴിവാക്കിയാണ് ട്രെയിൻ യാത്ര ആരംഭിച്ചത്.
രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്. ട്രെയിൻ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."