സാംസ്‌കാരിക പുനരുജ്ജീവനത്തിന്റെ തിരുപ്പുറപ്പാട്
ഡോ. റഷീദ് പാനൂര്‍
'ഉല്‍കൃഷ്ടമായ കവിത ലോകത്തിന്റെ നിർജീവമായ ഒരു നിഴലല്ല. സംസ്‌കാരസമ്പന്നമായ പ്രതിഭ അതിനു നല്‍കുന്ന ഭാവനാ മധുരമായ വ്യാഖ്യാനമാകുന്നു. പ്രകൃതി, കലാകാരന്റെ നിർമാണശാലയിലെ അസംസ്‌കൃത പദാർഥമാകുന്നു'.
മഹാകവി ജി. ശങ്കരക്കുറുപ്പ് ആശാനെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിന്റെ തുടക്കമാണിത്. ഭാരത ഉപഭൂഖണ്ഡത്തെ മുഹമ്മദ് ഇഖ്ബാലും ടാഗോറും ഖാസി നസുറുല്‍ ഇസ്‌ലാമും ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ആശാന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ പിറന്നുവീണത്. അന്യസംസ്‌കാരങ്ങളുടെ കുത്തിയൊഴുക്കില്‍ തകര്‍ന്നുപോയ ഭാരതത്തെ തൊട്ടുണര്‍ത്താന്‍ ഇഖ്ബാലിനും ടാഗോറിനും കഴിഞ്ഞു. കേരളത്തില്‍ ജനിച്ച കുമാരനാശാന്‍ ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശവാഹകനായി മാറി. ജീർണമായ ആചാരങ്ങളുടെ ചങ്ങലകള്‍ കിലുങ്ങുന്ന സമൂഹത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുക എന്ന ദൗത്യം ആശാന്‍ ഏറ്റെടുത്തു. ആശാന്റെ ഈ ഉള്‍തൃഷ്ണയാണ് കലാപരവും സാമുദായികവും രാഷ്ട്രീയവുമായ സരണികളിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനം നല്‍കിയ ആധ്യാത്മിക വെളിച്ചം ആശാനെന്നും പ്രചോദനമായിരുന്നു. ആശാന്‍കവിതകള്‍ സാമൂഹിക മാറ്റത്തിന്റെ പടവാളാണെന്ന് പറയുന്നവര്‍ മറന്നുപോകുന്നത് ധാർമികമായ അദ്ദേഹത്തിന്റെ കടപ്പാടുകളും ആധ്യാത്മികമായ സൂര്യ വെളിച്ചവുമാണ്. എല്ലാം സര്‍വലോകനാഥന്റെ ശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണെന്ന് പ്രഖ്യാപിക്കുന്ന അനേകം വരികള്‍ ആശാന്റേതായി ഉണ്ട്.
'ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു
നമ്മെയെല്ലാം?' എന്ന് സ്‌നേഹകരുണാകുലനായി ചോദിക്കുന്ന ആ ചോദ്യത്തില്‍ ഒരു ദാര്‍ശനിക കവിയുടെ നാദമുണ്ടെന്ന് മഹാകവി ജി. പറയുന്നു. ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വമാനവികതയുടെയും ഇഴകള്‍ ചേര്‍ത്താണ് ആശാന്റെ മനസ് പാകപ്പെടുത്തിയത്. ജീവിതത്തിന്റെ സ്വതന്ത്രവികാസത്തിനും പൂർണ സൗഭാഗ്യത്തിനും തടസ്സമായി നില്‍ക്കുന്ന ജാതീയ മേല്‍ക്കോയ്മയോട് പൊരുതിനിന്ന മഹാകവിയാണ് ആശാന്‍. നിരീശ്വരചിന്തയും അരാജകവാദവും ആശാന്റെ ചിന്താധാരയില്‍ എവിടെയും ഇല്ല. ജീവിതത്തിന്റെ ആധ്യാത്മികമായ മൂല്യവും ധാർമികമായ ലക്ഷ്യവും ആശാന്‍ സ്വരൂപിച്ചെടുത്തത് ഇന്ത്യന്‍ അദ്വൈത ദര്‍ശനത്തില്‍ നിന്നാണ്. വാസവദത്തയുടെ ചിതയിലേക്ക് ഉറ്റിവീണ ഉപഗുപ്തന്റെ കണ്ണീര്‍കണത്തില്‍ പ്രതിഫലിച്ച കാരുണ്യത്തിന്റെ മഹാപാഠങ്ങള്‍ 'കരുണ'യില്‍ നൂറ് വര്‍ഷത്തിനു ശേഷവും തെളിമയോടെ ബാക്കിയാവുന്നു.
പ്രശസ്ത നിരൂപകന്‍ എം.കെ സാനു പറയുന്നത് ഇങ്ങനെയാണ്: 'വീണപൂവിന് രണ്ട് പ്രാധാന്യമാണുള്ളത്. 1) മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം. 2) കാവ്യരചന സമ്പ്രദായത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ കൃതി. മഹാകാവ്യങ്ങള്‍ രചിക്കാന്‍ മത്സരിച്ചിരുന്ന കവികളില്‍ പലരും ആ ഖണ്ഡകാവ്യത്തിന്റെ സ്വാധീനത്തില്‍ ഭാവഗീതങ്ങള്‍ രചിക്കാന്‍ തുടങ്ങി'.
1873 ല്‍ ജനിച്ച ആശാന്‍ വളര്‍ന്നുവന്നത് ശക്തമായ വിജ്ഞാനദാഹത്തോട് കൂടിയാണ്. ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത് ആശാന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളില്‍ ഒന്നാണ്. 'സത്യവും സൗന്ദര്യവും കൂടി ചേര്‍ന്നതാണ് ദൈവം' എന്ന് ആശാന്‍ മനസിലാക്കിയത് ശ്രീനാരായണഗുരുവില്‍ നിന്നാണ്. സ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവമാണ് ദൈവം എന്ന് ആശാന്‍ മനസിലാക്കി. സ്‌നേഹമാണ് ആശാന്റെ ചിന്താഗതികള്‍ക്ക് ആഴവും പരപ്പും ഭംഗിയും നല്‍കിയത്. ഈ ലോകത്തിന്റെ വേദനകള്‍ മാറ്റുവാന്‍, പാപങ്ങള്‍ കഴുകിക്കളഞ്ഞ് ജീവിതത്തെ സമുദ്ധരിക്കാന്‍ ഒറ്റ വഴിയാണുള്ളത്. ദൈവത്തിന്റെ സൃഷ്ടികളെ സ്‌നേഹിക്കുക.
'ദുരവസ്ഥ'യിലെ സാവിത്രിയുടെ ജീവിതം യാഥാസ്ഥിതിക വിഭാഗത്തിന്റെ മൂര്‍ദ്ധാവിലേറ്റ അടിയാണ്. ഇന്നലത്തെ അബദ്ധം ഇന്ന് ആചാരമാകുന്നത് കാലത്തിന്റെ ഒഴുക്കിനെ സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ചിന്ത ആശാനെ വിപ്ലവകാരിയാക്കി മാറ്റി. സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ ഇരുണ്ടു കാണുന്നതൊക്കെ ധര്‍മശാസ്ത്രത്തിന്റെ പേരില്‍ ന്യായീകരിക്കുന്നതിനെ ആശാന്‍ എതിര്‍ത്തു. 'വീണപൂവിലും' 'കരുണ'യിലും 'ദുരവസ്ഥ'യിലും ആശാന്‍ ആവിഷ്‌കരിച്ച മനുഷ്യാവസ്ഥയുടെ ദൈന്യതമുറ്റിയ ചിത്രം ഇന്നും പ്രസക്തമാണ്. സ്ത്രീപക്ഷ നിലപാടുകളില്‍ ഉറച്ചുനിന്ന ആശാന്റെ 'ചിന്താവിഷ്ടയായ സീത', സ്ത്രീപക്ഷ നിലപാടുകളെ സാധൂകരിക്കുന്നു.
മോഹിക്കപ്പെടാനും ലൈംഗികാവശ്യത്തിനും വെറുക്കപ്പെടാനും മാത്രം വിധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ഭാവങ്ങളെ ആശാന്‍ 'ചിന്താവിഷ്ടയായ സീത'യില്‍ അവതരിപ്പിച്ചു.
'പഴുത്ത ലോഹങ്ങളില്‍ ഇറ്റിച്ച ജലബിന്ദുവിന്റെ വാഴ്‌വ് മാത്രമാണ് ജീവിതമെന്ന്' എഴുത്തച്ഛന്‍ മുമ്പുതന്നെ പറഞ്ഞിരുന്നു. ആശാന്‍ അത് ഗ്രഹിച്ച കവിയാണ്; അതോടൊപ്പം പ്രതിഭയുടെയും ലോകബോധത്തിന്റെയും ഊറ്റത്തില്‍ ജീവിതത്തെ അനശ്വരതയില്‍ അവരോധിക്കുകയും വിരാടപുരുഷസത്തയില്‍ വിലയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചപ്പാട് ആശാന്‍ ഭാരതീയ ചിന്തയില്‍ നിന്ന് സ്വായത്തമാക്കിയതാണ്.
'സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം
മോഹനം ഭൂവന സംഗമിങ്ങതില്‍
സ്‌നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍'
ഈ യോഗാത്മക കാവ്യത്തിന്റെ ശീലുകള്‍ കേട്ട് നളിനി എഴുന്നേറ്റ് ശാശ്വതമായ ഏതോ ധ്യാനത്തിന്റെ ലോകത്തേക്ക് മടങ്ങിപ്പോയി. ദിവാകരന്‍ യോഗപദത്തിലൂടെ ബ്രഹ്‌മപദം പൂകുന്നു. ഭൗതികമായ ജീവിതകാന്തിയെ ആത്മീയമായ ഹിമാലയത്തിലേക്ക് ഉയര്‍ത്തി നശ്വരമായ ജീവിതത്തെ അനശ്വരതയിലേക്ക് ഉയര്‍ത്തുന്നു. തന്റെ വഴിയിലേക്ക് വെളിച്ചം വിതറിക്കൊണ്ടാണ് സീത യാത്രക്ക് ഒരുങ്ങുന്നത്. വെളിച്ചത്തിന് പിന്നാലെ സൂര്യവെളിച്ചമായി രാമന്‍ വരണമെന്ന് തീവ്രവമായി സീത ആഗ്രഹിക്കുന്നു.
എം.കെ സാനു പറയുന്നതിങ്ങനെ: 'വിരുദ്ധമായ ഭാവങ്ങളെ ഒരേ ബിന്ദുവില്‍ സംയോജിപ്പിക്കുകയും അതില്‍നിന്ന് ഉളവാകുന്ന സംഘര്‍ഷം പടിപടിയായി ഉയരുകയും ചെയ്തതാണ് ആശാന്റെ കാവ്യശില്‍പചാതുര്യം. അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് നയിക്കുന്നതാണ് മഹത്തായ കാവ്യങ്ങളെല്ലാം. പല്ലനയാറിന്റെ ആഴങ്ങളിലേക്ക് താന്‍ എഴുതാനിരിക്കുന്ന കാവ്യങ്ങള്‍ക്കൊപ്പം മഹാകവി ആശാന്‍ ആണ്ടുപോയിട്ട് നൂറുവര്‍ഷം തികയുന്നു. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ കവിയെ ഓര്‍ക്കുന്നത് മലയാള ഭാഷയോടും കേരളീയ സംസ്‌കൃതിയോടുള്ള കടപ്പാടാണ്.
'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം'
ജാതീയത കൊടികുത്തിവാഴുന്ന കേരളത്തില്‍ സവർണ ഹിന്ദുവിഭാഗത്തിലെ ചില പ്രമാണികള്‍ ആശാനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. ആശാന്റെ 'വീണപൂവ്' മുഹമ്മദ് ഇഖ്ബാലിന്റെ ' Withered Rose' എന്ന കവിതയുടെ നിഴലാണെന്ന് വാദിച്ചു. എം.എന്‍ വിജയന്‍ മാസ്റ്ററുള്‍പ്പെടെയുള്ളവര്‍ ജി.യെ ഉയര്‍ത്തിക്കൊണ്ടുവന്ന് ആശാന്റെ ഒറിജിനാലിറ്റിയെ ചോദ്യം ചെയ്തു. പക്ഷേ, ആശാനിന്നും രത്‌നശോഭ ചൊരിയുന്നു.
പൗരസ്ത്യ ദര്‍ശനം
ഇന്ത്യന്‍ ദേശീയതയുടെയും മനോഹരമായ കാവ്യപാരമ്പര്യത്തിന്റെയും അടയാളമാണ് ആശാന്‍ കവിതകള്‍. രാജ്യസംസ്‌കാരത്തിന്റെ ദീപ്തസ്മരണകള്‍ ഉണര്‍ത്തി ആ ദിവ്യരൂപം മനുഷ്യമനസുകളെ പ്രകാശപൂര്‍ണമാക്കുന്നു. ഹിമാലയത്തിന്റെ ഔന്നത്യവും ആഴക്കടലിന്റെ സാന്ദ്രനീലിമയും സമന്വയിക്കുന്ന കാവ്യസംസ്‌കാരം ആശാന്‍ മലയാളത്തിന് സംഭാവന ചെയ്തു. ശൈഥില്യമാര്‍ന്ന ഒരു രാഷ്ട്രീയഭൂപടം കൂട്ടിച്ചേര്‍ത്ത് മഹാത്മാഗാന്ധി ഒരു രാഷ്ട്രം പടുത്തുയര്‍ത്തി. അതുപോലെ ഓറിയന്റല്‍ ഫിലോസഫിയും ഭാരതീയകാവ്യമീമാംസയും ലയിപ്പിച്ച് ഒരു നവകാവ്യ പാരമ്പര്യം സൃഷ്ടിച്ച ആശാന്‍ യൂറോപ്യന്‍ ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍ ഈ നൂറ്റാണ്ടിലെ വലിയ കവികളില്‍ ഒരാളാകുമായിരുന്നു.
" “I said to the almond tree,
'Sister, speak to me of God.'
And the almond tree blossomed.” "
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത നോവലിസ്റ്റ് കസാന്‍ദ് സാക്കീസ് എഴുതിയ ' Report to Greco' എന്ന വിഖ്യാത നോവലില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ആശാന്‍ കവിതകളില്‍ വിശ്വം കാക്കുന്ന അത്ഭുതശക്തിയുടെ സ്പര്‍ശം പതിഞ്ഞുകിടക്കുന്നു. 'ലീല'യിലും 'നളിനി' യിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന ഈശ്വര ചൈതന്യം വായനക്കാരെ ആധ്യാത്മികതയുടെ തീരത്തേക്ക് നയിക്കുന്നു.
വിശ്വമഹാകവി ടാഗോറിന്റെ വരികളിലേക്ക് പോകാം. 'ചിത്രശലഭങ്ങള്‍ പ്രകാശത്തിന്റെ സമുദ്രത്തില്‍ പായ്‌നീര്‍ത്തി പായുന്നു. വാസന്തിപ്പൂക്കളും പ്രകാശതരംഗങ്ങളുടെ മാറത്ത് പായുന്നു. ഓരോ മേഘത്തിനു മുകളിലും വെളിച്ചം പൊന്നു വാരിവിതറുന്നു. തളിരില്‍നിന്ന് തളിരിലേക്ക് ആഹ്ലാദവും അതിരറ്റ സന്തോഷവും പറക്കുന്നു. സ്വര്‍ഗീയ നദി അതിന്റെ തീരങ്ങളെ മുക്കി ആനന്ദത്തിന്റെ പെരുവെള്ളം നാലുപാടും പരക്കുന്നു'... ടാഗോറിനെപ്പോലെ ആശാനും പ്രകൃതി എന്നും സഹോദരനോ, സഹചാരിയോ ആയിരുന്നു. തന്നിലും പ്രകൃതിയിലും പ്രസരിക്കുന്നത് ഒരേ ജീവചൈതന്യമാണെന്ന് ടാഗോറും ആശാനും ഖലീല്‍ ജിബ്രാനും കരുതി. ആ ഐക്യചിന്തയില്‍ നിന്ന് ഉത്ഭൂതമായ അപൂര്‍വ ഹര്‍ഷം ആശാന്റെ എല്ലാ കവിതകളിലുമുണ്ട്.
'പ്രിയവസുന്ധരേ, നിന്റെ അപരിമേയമായ പൂർണതയിലേക്ക് എന്നെ നയിക്കൂ' എന്ന് പാടിയ ടാഗോറും 'രുജയാൽ പരിപക്വ സത്വനായ്, നിജ ഭാരങ്ങളൊഴിഞ്ഞു ധന്യയായ്, അജപൗത്ര !ഭവാനുമെത്തുമേ, ഭജമാനൈക വിഭാവ്യമിപ്പദം !' എന്നെഴുതിയ ആശാനും ഒരേ ആത്മീയ സാഗരത്തില്‍ നിന്ന് കൈകുടന്നയില്‍ ജലം കോരിയെടുത്തവരാണ്. ഭൗതിക ലോകത്തിന്റെ പരിസമാപ്തിയെ അപരലോകത്തിലേക്ക് പടര്‍ത്തുക മിസ്റ്റുകളുടെ ഒരു രീതിയാണ്. വിഖ്യാതനായ ഇഖ്ബാലിന്റെ 'The Secret of the Self' ല്‍ ഇത് കാണാം. ഇഖ്ബാല്‍ പറയുന്നു: 'ഒരു പർവതം നിലനില്‍ക്കുന്നത് പ്രപഞ്ചത്തിന്റെ ആത്മ ചൈതന്യം കൊണ്ടാണ്'. വിശ്വ വിഖ്യാതനായ ഖലീല്‍ ജിബ്രാന്‍ ദൈവിക ശക്തിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 'കര്‍മങ്ങളോ ചിന്തകളോ അല്ല, കൈകള്‍കൊണ്ട് കല്ലുകള്‍ വെട്ടിപ്പിളര്‍ക്കുമ്പോഴും തറയില്‍ നെയ്യുമ്പോഴും ആത്മാവില്‍ എന്നെന്നും പൂക്കുന്ന ആശ്ചര്യവും വിസ്മയവും ദൈവികതയാണ്. ഇതാണ് ആശാന്‍ തന്റെ ഗുരുവായ ശ്രീനാരായണനിൽനിന്ന് പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."