കൊടുത്ത ഉറപ്പ ്പാലിക്കാനായില്ലെങ്കില്‍!
സാദിഖ് ഫൈസി താനൂർ
സി.ഇ 636 ഒാഗസ്റ്റ് 15-20. ജോര്‍ദാന്‍ - സിറിയന്‍ അതിര്‍ത്തിയിലെ യര്‍മൂക് നദീത്തടത്തില്‍വച്ചു ബൈസന്റിയന്‍ സമ്രാജ്യത്വത്തോട് ഏറ്റുമുട്ടാന്‍ പോവുകയാണ് മുസ്‌ലിം സേന. ഒന്നര ലക്ഷത്തിലേറെ വരുന്ന റോമന്‍ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ സാഹസികമാണ്. റോമക്കാരുടെ അത്ര സൈനിക, സായുധ, സാമ്പത്തിക ശക്തിയൊന്നും മുസ്‌ലിംകള്‍ക്കില്ല. ആകെ സൈന്യം നാല്‍പതിനായിരം. അതുതന്നെ മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സംഘടിപ്പിക്കപ്പെട്ടവര്‍. അതില്‍ പലരും, ഈയിടെ മുസ്‌ലിംകള്‍ റോമക്കാരില്‍നിന്നു കീഴടക്കിയ ശാം പ്രവിശ്യയിലുള്ളവരാണ്.
ശാം പ്രവിശ്യയില്‍നിന്ന് ഇസ്‌ലാമിക ഭരണകൂടം നികുതി പിരിക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഖറാജും അമുസ്‌ലിംകള്‍ ജിസിയയും നല്‍കുന്നു. തദ്ദേശീയരുടെ വൈയക്തികവും സാമൂഹികവുമായ അവകാശങ്ങള്‍ സംരക്ഷിക്കാമെന്നും അവര്‍ക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാമെന്നുമുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം ഈ നികുതി പിരിക്കുന്നത്. ഇപ്പോഴിതാ, റോമാ സാമ്രാജ്യവുമായി മുസ്‌ലിം ഭരണകൂടത്തിനു നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ട അവസ്ഥ. പൗരസമൂഹത്തിന്റെ സ്വത്തിനും ശരീരത്തിനും മറ്റിതര അവകാശങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുപറയാന്‍ പറ്റാത്ത സാഹചര്യം.
ശ്യാം പ്രവിശ്യയുടെ ഗവര്‍ണര്‍ അബൂഉബൈദ ബിന്‍ ജര്‍റാഹ്(റ) തന്റെ കീഴിലെ ഹിംസ് ഉള്‍പ്പെടെയുള്ള എല്ലാ നാട്ടിലെയും അധികാരികള്‍ക്ക് കത്തെഴുതി: 'പൗരന്മാരില്‍നിന്നു നാം നികുതിയായി പിരിച്ചെടുത്ത ഖറാജും ജിസിയയും അവര്‍ക്കുതന്നെ തിരിച്ചുകൊടുക്കുക. എന്നിട്ടവരോടു പറയുക: ജനങ്ങളേ, നിങ്ങളുടെ ശരീരത്തിനും സമ്പത്തിനും മറ്റു പൗരാവകാശങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം നല്‍കാമെന്ന നിബന്ധന പ്രകാരമാണ് ഞങ്ങള്‍ നിങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുത്തത്. ഇപ്പോള്‍ ഭരണകൂടം തന്നെ ഒരു യുദ്ധത്തിന്റെ വക്കിലാണ്. അതുകൊണ്ട്, നേരത്തെ വാഗ്ദാനം ചെയ്ത സുരക്ഷ ഉറപ്പു നല്‍കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. അതുകൊണ്ടാണ് നിങ്ങളുടെ നികുതിപ്പണം നിങ്ങള്‍ക്കു തന്നെ തിരിച്ചു തരുന്നത്...'
മുസ്‌ലിം ഭരണകൂടത്തിന്റെ ഈ പ്രഖ്യാപനം വന്നതോടെ ശാം പ്രവിശ്യയിലെ ജനങ്ങളെല്ലാം ഇളകി. ജൂത-ക്രൈസ്തവ സമൂഹത്തിനായിരുന്നു അവിടെ ഭൂരിപക്ഷം. അവര്‍ കൂട്ടത്തോടെ മുസ്‌ലിം അധികാരികളുടെ മുന്നിലെത്തി പറഞ്ഞു: 'റോമക്കാരുടെ അക്രമവും അനീതിയും നിറഞ്ഞ ഭരണം ഞങ്ങള്‍ എമ്പാടും അനുഭവിച്ചവരാണ്. അവര്‍ ഞങ്ങളുടെ മതക്കാരാണെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടം നിങ്ങളെയാണ്. നിങ്ങളുടെ നീതിബോധം ഞങ്ങളെ കൂടുതല്‍ ആവേശഭരിതരാക്കുന്നു. അതുകൊണ്ട്, റോമാ ചക്രവര്‍ത്തിക്കെതിരേ പോരാടാന്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്... '
ഹിംസിലെ ജൂതന്മാര്‍ ഒരുപടി കൂടി മുന്നോട്ടു കയറി തോറ കൈയില്‍ പിടിച്ചു സത്യം ചെയ്ത് ഉറക്കെ പ്രഖ്യാപിച്ചു; 'ഈ തൗറാത്ത് തന്നെയാണ് സത്യം, റോമന്‍ ഹെറാക്ലിയസിന്റെ സൈന്യത്തെ പിടിച്ചുകെട്ടാൻ ഞങ്ങളുണ്ടാകും ,നിങ്ങളോടൊപ്പം...'
മുസ്‌ലിംകള്‍ യര്‍മൂക് പടക്കളത്തിലേക്ക് നീങ്ങിയപ്പോള്‍, ശാമിലെ ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ തങ്ങളുടെ നാട്ടിലെ മുസ്‌ലിംഭരണകൂടത്തിനുവേണ്ടി കാവല്‍നിന്നു. മുസ്‌ലിംകളുടെ പെരുമാറ്റവും നീതിബോധവും അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. പറഞ്ഞ വാക്ക് പാലിക്കാനും, നല്‍കിയ ഉറപ്പ് നിറവേറ്റാനും മുസ്‌ലിംകളോളം മറ്റാര്‍ക്കുമാകില്ലെന്ന പൊതു സമൂഹത്തിന്റെ ആ ബോധ്യമാണ് ഇസ്‌ലാമിനെ അന്ന് അത്രയും പ്രിയപ്പെട്ടതാക്കി മാറ്റിയത്.
(ഇമാം അബൂയൂസുഫ്: കിതാബുല്‍ ഖറാജ് പേജ് 139, ബലാദിരി: ഫുതൂഹുല്‍ ബുല്‍ദാന്‍ പേജ് 187)
ഫഖീറും രാജാവും
സുറിയാനി ഭാഷയും തൗറാത്തുമെല്ലാം നന്നായി അറിയുന്ന പണ്ഡിതനാണ് അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ആസ്വ്(റ). നബി വചനങ്ങള്‍ എഴുതി വയ്ക്കാന്‍ പ്രവാചകര്‍ പ്രത്യേകം അനുമതി നല്‍കിയ ജ്ഞാനവര്യന്‍. അദ്ദേഹത്തിന്റെ വിദ്വല്‍ സദസില്‍ സ്വഹാബികളടക്കം നിരവധി പ്രമുഖര്‍ പഠിതാക്കളായി വന്നിരിക്കുന്നു.
പട്ടിണിപ്പാവങ്ങളുടെ മഹത്വത്തെ കുറിച്ചും അവര്‍ക്ക് മതം നല്‍കുന്ന പരിഗണയെ ക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുകയാണ് അബ്ദുല്ലാഹ്(റ). സമ്പന്നര്‍ സ്വര്‍ഗരാജ്യത്തെത്തുന്നതിനും നാല്‍പ്പതാണ്ടുകള്‍ക്ക് മുമ്പെങ്കിലും പാവപ്പെട്ടവര്‍ അവിടെയെത്തുമെന്ന തിരുവചനം അദ്ദേഹം സദസിനെ കേള്‍പ്പിച്ചു. അപ്പോള്‍ പലര്‍ക്കും ഫഖീറായി നിലകൊള്ളാന്‍ മോഹം. ചിലര്‍ ചോദിച്ചു; 'നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്തു വന്ന പാവങ്ങളായ നമ്മളും ഫഖീറിന്റെ പട്ടികയില്‍ പെടുമല്ലോ?'
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അബ്ദുല്ലാഹ് (റ) തിരിച്ചു ചോദിച്ചു: 'താങ്കള്‍ക്ക് ചേര്‍ത്തുപിടിക്കാന്‍ ഒരു ഇണയുണ്ടോ?'
'ഉണ്ട്'
'അന്തിയുറങ്ങാന്‍ ഒരു വീടുണ്ടോ?'
'ഉണ്ട്'
'എങ്കില്‍, നിങ്ങള്‍ സമ്പന്നനാണ്...'
അബ്ദുല്ലാഹ്(റ)വിന്റെ ഈ മറുപടി കേട്ടപ്പോള്‍, ആഗതന്‍ കൗതുകത്തോടെ വീണ്ടും ചോദിച്ചു: 'എനിക്ക് ഒരു പരിചാരകന്‍ കൂടി ഉണ്ടെങ്കിലോ?'
'എങ്കില്‍, നിങ്ങള്‍ രാജാവാണ്...' അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ആസ്വ്(റ) മറുപടി പറഞ്ഞു.
(സ്വഹീഹ് മുസ്‌ലിം: 5424)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."